
കൊച്ചി: തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ അപ്പീൽ ഇന്നുതന്നെ പരിഗണിച്ച് നാളേയ്ക്കകം ശരിയായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അല്ലാത്തപക്ഷം കോടതിയുടെ അധികാരം പ്രയോഗിക്കുമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ മുന്നറിയിപ്പ് നൽകി.
വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനെ നിശിതമായി വിമർശിച്ച ഹൈക്കോടതി, 24 വയസ് മാത്രമുള്ള പെൺകുട്ടി തിരഞ്ഞെടുപ്പിന് ഇറങ്ങുമ്പോൾ തർക്കം ഉന്നയിക്കുന്നത് അദ്ഭുതപ്പെടുത്തുന്നുവെന്നും രേഖപ്പെടുത്തി. ഇത് രാഷ്ട്രീയമാണ്. സാങ്കേതിക കാരണങ്ങളാൽ അവസരം നഷ്ടമാക്കരുത്- ഹൈക്കോടതി വ്യക്തമാക്കി.
ഹർജിക്കാരി ഇന്ത്യൻ പൗരയല്ലെന്ന വാദമില്ലല്ലോ എന്നും കോടതി ചോദിച്ചു. മറ്റൊരു ഡിവിഷനിൽ വോട്ടുണ്ടെന്ന തർക്കമൊന്നും ആരും ഉന്നയിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. വൈഷ്ണ നൽകിയ ഹർജിയിലാണ് ഇടക്കാല ഉത്തരവ്.
ഹർജിയെ എതിർത്ത കോർപ്പറേഷനെയും കോടതി വിമർശിച്ചു. എതിർകക്ഷികൾക്ക് നോട്ടീസിനും നിർദ്ദേശിച്ചു. പത്രിക സമർപ്പണത്തിനുള്ള അവസാന തീയതി 21 ആയതിനാൽ അപ്പീൽ പരിഗണിച്ച് മുട്ടടയിലെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ ഉത്തരവിടണമെന്ന് വൈഷ്ണയ്ക്കായി ഹാജരായ അഭിഭാഷകൻ ജോർജ് പൂന്തോട്ടം വാദിച്ചു. ഹർജി 20ന് വീണ്ടും പരിഗണിക്കും.
വോട്ടർ പട്ടികയിലെ പേരിനൊപ്പമുള്ള ടി.സി നമ്പർ തെറ്റാണെന്നും മറ്റൊരു വ്യക്തിയുടേതാണെന്നും കാട്ടിയാണ് വൈഷ്ണയുടെ പേര് നീക്കിയത്. സി.പി.എം പ്രവർത്തകൻ ധനേഷ് കുമാർ നൽകിയ പരാതിയിലായിരുന്നു ഇത്.
''സത്യം ജയിക്കുമെന്ന് ഉറപ്പാണ്. കോടതിയിൽ വിശ്വാസമുണ്ട്. രാഷ്ട്രീയമായ പരാതിയായിരുന്നു തനിക്കെതിരെ നൽകിയത്
-വൈഷ്ണ സുരേഷ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |