കോഴിക്കോട്: ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾ കവർന്നെടുക്കില്ലെന്നും വഖഫിന്റെ പേരിൽ ആരെയും കുടിയിറക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് ബോർഡ് കോഴിക്കോട് മേഖല ഓഫീസിനായി സ്ഥാപിച്ച പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങൾ അരുതാത്തതെന്തോ കെെവശപ്പെടുത്തുന്നുവെന്ന പ്രതീതിയുണ്ടാക്കാൻ ബോധപൂർവമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനെതിരെ ശക്തമായ നിലപാടെടുക്കും. വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് റീജിയണൽ ഓഫീസുകൾ തുടങ്ങും. തിരുവനന്തപുരത്ത് പുതിയ മേഖലാ ഓഫീസ് സ്ഥാപിക്കാനുള്ള പ്രവൃത്തികൾ അതിവേഗം പൂർത്തിയാക്കും. ന്യൂനപക്ഷങ്ങൾക്കുള്ള ധനസഹായത്തിൽ വലിയ കുറവാണ് കേന്ദ്രസർക്കാർ വരുത്തിയത്.
മൗലാന ആസാദ് സ്കോളർഷിപ്പിന് 30 കോടിയോളം രൂപയും വിവിധ സാമൂഹ്യ വിഭാഗങ്ങൾക്കുള്ള സൗജന്യ പരിശീലന പരിപാടിയിൽ 65 ശതമാനവും വിദേശ പഠന സഹായത്തിൽ 50 ശതമാനവും മദ്രസ്സ നടത്തിപ്പ് സംബന്ധിച്ച ധനസഹായത്തിൽ 99.5 ശതമാനവുമാണ് കുറച്ചത്.
ഇത് മുഖവിലയ്ക്കെടുത്താണ് സംസ്ഥാന സർക്കാർ പ്രീ മെട്രിക് സ്കോളർഷിപ്പ് പ്രഖ്യാപിച്ചത്. വിവിധ ന്യൂനപക്ഷ പദ്ധതികൾക്കായി സർക്കാർ ആകെ 106 കോടി രൂപയാണ് ഈ സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ വകയിരുത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ 8 കോടി അധികമാണിത്.
വഖഫ് നിയമ ഭേദഗതിക്കായുള്ള പ്രവർത്തനവും കേന്ദ്രം ത്വരിതഗതിയിൽ നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട് സംയുക്ത പാർലമെന്ററി സമിതി മുമ്പാകെ പ്രതിപക്ഷാംഗങ്ങൾ സമർപ്പിച്ച 500ലധികം നിർദ്ദേശങ്ങൾ പരിഗണിച്ചില്ല. 44 വ്യവസ്ഥകളിൽ ആവശ്യപ്പെട്ട ഭേദഗതികൾ അംഗീകരിക്കാതെയാണ് റിപ്പോർട്ട് സമർപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ മന്ത്രി വി. അബ്ദുറഹ്മാൻ അദ്ധ്യക്ഷനായി. മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എം.പിമാരായ പി.വി. അബ്ദുൽ വഹാബ്, എം.കെ. രാഘവൻ, എം.എൽ.എമാരായ അഹമ്മദ് ദേവർകോവിൽ , പി.ഉബൈദുല്ല തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |