
തിരുവനന്തപുരം: കേരള കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ.എം.മാണിയുടെ പേരിലുള്ള സ്മാരകത്തിന് ഭൂമി അനുവദിച്ചതിൽ എതിർപ്പുമായി വാട്ടർ അതോറിട്ടി. വെള്ളയമ്പലത്ത് വാട്ടർ അതോറിട്ടിയുടെ ഉടമസ്ഥതയിലുള്ള 25 സെന്റ് ഭൂമി വിട്ടുകൊടുക്കുന്നതിലാണ് വിയോജിപ്പ്. ജലേതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികൾക്കായി കണ്ടെത്തിയിരുന്ന ഭൂമിയാണിതെന്ന് അധികൃതർ പറയുന്നു. ഭൂമി കൈമാറാനുള്ള തീരുമാനമെടുക്കുന്നതിന് മുമ്പ് വാട്ടർ അതോറിട്ടിയുടെ നിലപാട് തേടിയിരുന്നില്ലെന്നും ആരോപണമുണ്ട്.
കെ.എം.മാണി മെമ്മോറിയൽ ഇൻസ്റ്രിറ്റ്യൂട്ട് ഫോർ സോഷ്യൽ ട്രാൻസ്ഫർമേഷൻ സ്ഥാപിക്കുന്നതിനായി വാട്ടർ അതോറിട്ടിയുടെ 25 സെന്റ് ഭൂമി ആർ ഒന്നിന് (2.5 സെന്റിന്) 100 രൂപ നിരക്കിൽ 30 വർഷത്തേക്ക് നൽകാനാണ് 14നു ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്. വെള്ളയമ്പലത്ത് വാട്ടർ അതോറിട്ടി ആസ്ഥാനത്തിനടുത്തെ കനകനഗർ ഭാഗത്തെ പബ്ലിക് ഹെൽത്ത് ഡിവിഷൻ സ്റ്റോർ- 2 സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഇതിനായി കണ്ടെത്തിയിട്ടുള്ളത്.
വരുമാന വർദ്ധനവിനുള്ള
പദ്ധതികൾക്കായുള്ള സ്ഥലം
നിലവിൽ വാട്ടർ അതോറിട്ടിയുടെ വലിയ പൈപ്പുകളും മറ്റും സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന സ്ഥലമാണിത്. സ്ഥലം വിട്ടുകൊടുത്താൽ ഇതിനായി മറ്റൊരു സ്ഥലം കണ്ടെത്തേണ്ടി വരും. മാനവീയം വീഥിക്ക് എതിർവശത്തുള്ള കണ്ണായ സ്ഥലമായതിനാൽ വികസന സാദ്ധ്യതയേറിയതും വരുമാനം വർദ്ധിപ്പിക്കാനാകുന്നതാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. വാട്ടർ അതോറിട്ടിയുടെ ജലേതര വരുമാനം വർദ്ധിപ്പിക്കുന്നതിനായി മ്യൂസിയം, ഇൻഫോടെയ്ൻമെന്റ് പാർക്ക്, ഗസ്റ്റ് ഹൗസ് എന്നിവ നിർമ്മിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിൽ ഗസ്റ്റ് ഹൗസ് നിർമ്മിക്കുന്നതിനായി കണ്ടെത്തിയിരുന്ന സ്ഥലമാണിതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
എതിർപ്പുമായി സംഘടനകൾ
വേണ്ടത്ര കൂടിയാലോചനകൾ നടത്താതെയും ബോർഡിന്റെ നിലപാട് തേടാതെയും സ്ഥലം കൈമാറാൻ തീരുമാനിച്ചതിൽ ദുരൂഹതയുണ്ടെന്ന് ജീവനക്കാരുടെ സംഘടനകൾ ആരോപിക്കുന്നു. സ്ഥലത്ത് ഐ.എൻ.ടി.യു.സിയുടെ നേതൃത്വത്തിലുള്ള കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ കൊടിനാട്ടി. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് സംഘ് മന്ത്രി റോഷി അഗസ്റ്റിന് കത്തുനൽകി. എതിർപ്പ് അവഗണിക്കാനാണ് നീക്കമെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |