ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിലുള്ള കാലാവസ്ഥ ഉച്ചകോടി -സി.ഒ.പി 27 ഇന്നു മുതൽ 18 വരെ ഈജിപ്തിലെ ഷാം ഇൽ ഷെയ്ക്കിൽ ആരംഭിക്കുകയാണ്. ഗ്ലാസ്ഗോയിൽ 2021 ൽ നടന്ന സി.ഒ.പി 26നുശേഷം നടക്കുന്ന ഉച്ചകോടിക്ക് ഏറെ പ്രാധാന്യമുണ്ട്.
2050 ഓടുകൂടി കാർബണിന്റെ പുറന്തള്ളൽ പൂജ്യത്തിലെത്തിക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും ചൈന 2060 ലും ഇന്ത്യ 2070 ലും കാർബൺ നെറ്റ് സീറോയിലെത്തിക്കുമെന്നാണ് ഗ്ലാസ്ഗോയിൽ പ്രഖ്യാപിച്ചിരുന്നത്. ഏഷ്യ പസഫിക് മേഖലയിൽ കാലാവസ്ഥാവ്യതിയാനം രൂക്ഷമാകുന്ന സമയത്താണ് ഉച്ചകോടി നടക്കുന്നത്. ഏഷ്യൻ വികസന ബാങ്ക് ഈ മേഖലയിൽ ഏഷ്യ പസഫിക് ജലലഭ്യത പദ്ധതിക്ക് തുടക്കമിടുന്ന സമയം കൂടിയാണിത്. ആഗോള തലത്തിൽ കാർബണിന്റെ അന്തരീക്ഷത്തിലേക്കുള്ള പുറന്തള്ളൽ കുറയ്ക്കാനാവശ്യമായ സാമ്പത്തികവിഹിതം വികസ്വര രാജ്യങ്ങൾക്ക് ഉറപ്പാക്കേണ്ടതുമുണ്ട്. യുനൈറ്റഡ് നേഷൻസ് ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ചു തീരുമാനങ്ങളെടുക്കുന്ന സമിതിയാണ് കോൺഫറൻസ് ഒഫ് പാർട്ടീസ് എന്ന പേരിലറിയപ്പെടുന്ന സി.ഒ.പി. കാലാവസ്ഥാ വ്യതിയാനങ്ങളെയും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെയും കുറയ്ക്കുന്ന നയരൂപീകരണമാണ് സി.ഒ.പി 27ന്റെ ലക്ഷ്യം. ഇന്ത്യയടക്കമുള്ള 197 രാജ്യങ്ങൾ 2030 ഓടുകൂടി അന്തരീക്ഷ താപനിലയിലുണ്ടാകുന്ന ആഗോള താപനവർദ്ധന 1.5 ഡിഗ്രി സെൽഷ്യസിൽ ഉയരില്ലെന്ന് തീരുമാനമെടുത്തിട്ടുമുണ്ട്. ഇതിലൂടെ ഓസോൺ പാളിയെ സംരക്ഷിക്കാനും വികിരണതോത് കുറയ്ക്കാനുമുള്ള ലക്ഷ്യം കൈവരിക്കാനാവും.
ഏഷ്യൻ രാജ്യങ്ങളിലെ കടുത്ത വരൾച്ച, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ് തുടങ്ങിയവ ജീവനും വസ്തുവകകൾക്കും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ലക്ഷക്കണക്കിന് കുടുംബങ്ങളെയാണ് ബാധിക്കുന്നത്. പാരീസ് ഉടമ്പടിയിലെ ലക്ഷ്യങ്ങൾ കൈവരിക്കാനും ആഗോള താപനിലയിലുള്ള വർദ്ധന 1.5 ഡിഗ്രി സെൽഷ്യസിൽ ഉയരാതിരിക്കാനുമുള്ള തന്ത്രങ്ങളും ഉച്ചകോടിയിൽ ആവിഷ്കരിക്കും.
കാലാവസ്ഥാ വ്യതിയാനത്തെ പൂർണമായും ചെറുക്കുക എന്നത് പ്രാവർത്തികമല്ല. എന്നാൽ ഇതുണ്ടാക്കുന്ന നഷ്ടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാനുള്ള മാർഗങ്ങൾക്കാണ് ചർച്ചയിൽ പ്രാധാന്യം ലഭിക്കുക. കൃഷി, ജലം, നഗരപ്രദേശങ്ങൾ എന്നിവ ലക്ഷ്യമിട്ടുള്ള നയരൂപീകരണം ആവശ്യമാണ്. കാലാവസ്ഥാ വ്യതിയാനം മൂലം കഷ്ടപ്പെടുന്ന സമൂഹത്തെ സഹായിക്കാനും ആവശ്യമായ ഭൗതിക സൗകര്യങ്ങൾ ഉറപ്പുവരുത്താനും വികസിത രാജ്യങ്ങൾ തയ്യാറാകണം. പരിസ്ഥിതി, സമൂഹം,സുസ്ഥിരത ലക്ഷ്യമിട്ടുള്ള സമീപനങ്ങൾ ശക്തിപ്പെടുത്തണം. ആരോഗ്യ രംഗത്ത് മനുഷ്യനും മൃഗങ്ങൾക്കും പരിസ്ഥിതിയോടു ചേർന്നുള്ള വൺ ഹെൽത്ത് നടപ്പിലാക്കണം. പരിസ്ഥിതിക്കിണങ്ങുന്ന സാങ്കേതിക വിദ്യകൾ പ്രാവർത്തികമാക്കണം.
ജലലഭ്യതയനുസരിച്ച് ഹൈഡ്രജൻ ഊർജത്തിലേക്കു മാറാം. കീടനാശിനിയുടെ അളവ് കുറയ്ക്കുന്നതോടൊപ്പം ജൈവകൃഷി, പ്രകൃത്യാലുള്ള കൃഷി എന്നിവ പ്രോത്സാഹിപ്പിക്കണം. തനത് വിത്തിനങ്ങൾ, ജനുസ്സുകൾ, ആവാസവ്യവസ്ഥ എന്നിവയ്ക്ക് പ്രാധാന്യം നൽകണം. ഹരിതഗൃഹവാതകങ്ങളുടെ അളവ് കുറയ്ക്കാൻ ശേഷിയുള്ള തീറ്റപ്പുല്ലിനങ്ങൾ ആസ്ട്രേലിയ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഈ രീതിയിലുള്ള ഗവേഷണം ഇന്ത്യയിലും ആരംഭിക്കണം. ജി എം വിളകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ വിപുലപ്പെടുത്തണം. കാലാവസ്ഥാമാറ്റങ്ങൾ സൃഷ്ടിക്കുന്ന അനിശ്ചിതാവസ്ഥ പരിഹരിക്കാനുള്ള പ്രായോഗിക നിർദേശങ്ങളാണ് സി.ഒ.പി 27ൽ പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |