അനർഹരെ വെട്ടിമാറ്റും
തിരുവനന്തപുരം: ക്ഷേമപെൻഷൻ വാങ്ങുന്നവരിൽ ഏഴു ലക്ഷംപേരെ അനർഹരെന്ന് വിലയിരുത്തി ഒഴിവാക്കാൻ സർക്കാർ തീരുമാനം. 2019 ഡിസംബർവരെ പെൻഷൻ ലഭിച്ചുകൊണ്ടിരുന്ന 47ലക്ഷം പേരിലാണ് ഇത്രയും പേർ അനർഹരാണെന്ന് കണ്ടെത്തിയത്. ഒരു ലക്ഷം രൂപയിൽ താഴെ വാർഷികവരുമാനമാണ് ക്ഷേമപെൻഷനുള്ള അർഹത. വരുമാനസർട്ടിഫിക്കറ്റ് നിർബന്ധമാക്കിയപ്പോൾ 6.5ലക്ഷം പേർ അത് നൽകിയില്ല. 50,000പേർ നൽകിയതിൽ വരുമാനം ഒരുലക്ഷത്തിൽ കൂടുതലുമാണ്.
എല്ലാവർഷവും വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതും മസ്റ്ററിംഗും നിർബന്ധമാക്കിയിട്ടുണ്ട്. അനർഹരെ ഒഴിവാക്കാനുള്ള അടുത്ത പരിശോധന 2023 ജൂണിൽ പൂർത്തിയാവും. ജൂലായ് മുതൽ അവരെയും ഒഴിവാക്കും.
ഇന്ധനത്തിനും മദ്യത്തിനും സെസ് ഏർപ്പെടുത്തിയതുപോലും ക്ഷേമപെൻഷൻ നൽകാനാണെന്നാണ് സർക്കാർ പറയുന്നത്. പെൻഷൻ വിതരണത്തിന് കടം വാങ്ങുന്നത് പൊതുകടത്തിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയതോടെയാണ് പദ്ധതി അവലോകനം ചെയ്യാൻ സർക്കാർ തീരുമാനിച്ചത്.
കാറുള്ളവർ, 2000ച.അടിമുതൽ വലിപ്പമുള്ള വീട്ടിൽ പാർക്കുന്നവർ, വീട്ടിൽ ഏതെങ്കിലും മുറി എ .സി ആക്കിയവർ,വാർഷിക കുടുംബവരുമാനം ഒരുലക്ഷത്തിലേറെയുള്ളവർ ഒക്കെ പെൻഷന് അർഹത നഷ്ടപ്പെടാം.
അർഹരായ ലക്ഷക്കണക്കിനാളുകൾ പുറത്തു നിൽക്കുന്നതായും ആക്ഷേപമുണ്ട്. വില്ലേജ് ഓഫീസുകളിൽനിന്ന് യഥാസമയം വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ പട്ടികയ്ക്ക് പുറത്തായ ധാരാളം പേരുണ്ടെന്നും പരാതിയുണ്ട്.
അനർഹർ വന്നവഴി
തദ്ദേശസ്ഥാപനങ്ങളാണ് പട്ടിക തയ്യാറാക്കുന്നത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും വസ്തുതകൾ മറച്ചുവച്ചുമാണ് അനർഹർ കയറിപ്പറ്റുന്നത്. വിധവാപെൻഷൻ വാങ്ങുന്നവരിൽ വിവാഹമോചനം നേടിയവരും ഭർത്താവ് ഉപേക്ഷിച്ചുപോയവരുമുണ്ട്.
ചില പെൻഷനുകൾ രണ്ടാവും
വിധവാപെൻഷൻ,വാർദ്ധക്യപെൻഷൻ തുടങ്ങി ചില വിഭാഗങ്ങളിലെ 5.7ലക്ഷത്തോളം പേർക്ക് നൽകുന്ന 1600രൂപയുടെ പ്രതിമാസ പെൻഷനിൽ നിശ്ചിതതുക കേന്ദ്രസർക്കാരിന്റേതാണ്. 80വയസ്സിൽ താഴെയുള്ളവരുടെ വാർദ്ധക്യപെൻഷനിൽ 1400രൂപ സംസ്ഥാനസർക്കാരും 200രൂപ കേന്ദ്രവുമാണ് നൽകുന്നത്. 80വയസ്സിനു മുകളിലുള്ളവർക്ക് 1100രൂപ സംസ്ഥാനം നൽകുമ്പോൾ 500രൂപയാണ് കേന്ദ്രം നൽകുന്നത്.80വയസ്സിൽ താഴെയുള്ളവരുടെ വിധവ പെൻഷനിൽ 1300രൂപ സംസ്ഥാനവും 300രൂപ കേന്ദ്രവുമാണ് നൽകുന്നത്.80വയസ്സിനു മുകളിലുള്ളവരുടെ വിധവാപെൻഷനിൽ 1100രൂപ സംസ്ഥാനസർക്കാരും 500 രൂപ കേന്ദ്രസർക്കാരും നൽകിവരുന്നു. ഇവചേർത്ത് 1600രൂപയാക്കി സംസ്ഥാനത്തിന്റെ അക്കൗണ്ടിലൂടെയാണ് നൽകിവന്നത്.
ഇനി മുതൽ കേന്ദ്രവിഹിതം പബ്ലിക് ഫിനാൻഷ്യൽ മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ പെൻഷൻകാർക്ക് നേരിട്ട് അക്കൗണ്ടിൽ ലഭിക്കും. കേരളവും കേന്ദ്രവും രണ്ടായി പണം നിക്ഷേപിക്കുന്നതോടെ ഒരുമിച്ച് 1600 രൂപ കൈയിൽ വരില്ല.
പ്രതിവർഷം വിഴുങ്ങിയത് 1344 കോടി
പെൻഷൻ 1600രൂപയാക്കിയ 2021ഏപ്രിൽ മുതലുള്ള കണക്കനുസരിച്ച് അനർഹർക്കായി ഓരോ വർഷവും നൽകിയത് 1344 കോടി രൂപ
ക്ഷേമപെൻഷനായി ഓരോ വർഷവും മൊത്തം നൽകുന്നത് 10764 കോടി
സാമൂഹ്യസുരക്ഷാപെൻഷൻ വാങ്ങുന്നവർ 50.5ലക്ഷം
ക്ഷേമബോർഡ് പെൻഷൻ വാങ്ങുന്നവർ 7.22ലക്ഷം
പ്രതിമാസ ചെലവ് 884.5കോടി രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |