പത്തനംതിട്ട: ദ്വാരപാലക ശില്പങ്ങളിലെ പാളികളിൽ സ്വർണം പൂശാൻ സ്‌പോൺസർഷിപ്പ് ഏറ്റെടുത്ത ബംഗളൂരു വ്യവസായി ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഇയാൾ തുടക്കകാലത്ത് കുറഞ്ഞ പലിശയ്ക്ക് വായ്പയെടുക്കുകയും ആ തുക ഇരട്ടിയിലധികം പലിശയ്ക്ക് ആളുകൾക്ക് വായ്‌പയായി നൽകുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
അതുപോലെ സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ടും ചില വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇയാൾ കർണാടകയിലെ സമ്പന്നരായ അയ്യപ്പ ഭക്തരെ ചൂഷണം ചെയ്താണത്രേ ഇതിനുള്ള പണം സമാഹരിച്ചത്. ബംഗളൂരുവിലെ ശ്രീരാമപുരം അയ്യപ്പക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു ഇയാൾ. പത്ത് വർഷങ്ങൾക്ക് മുമ്പ് കീഴ്ശാന്തിയുടെ സഹായിയാട്ടിണ് ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിലെത്തിയത്. ഇതോടെയാണ് മറ്റ് സംസ്ഥാനങ്ങളിലെ സമ്പന്നരായ അയ്യപ്പഭക്തരിൽ നിന്ന് വിശ്വാസം പിടിച്ചുപറ്റുന്നത്.
കൂടാതെ ചില ഉദ്യോഗസ്ഥരുടെയും ശാന്തിമാരുടേയും ഉറ്റതോഴനായ ഇയാൾക്ക് ശബരിമലയിൽ സർവ സ്വാതന്ത്ര്യമാണ്. വ്യവസായികൾക്കടക്കം ദർശന സൗകര്യം ഏർപ്പെടുത്തി നൽകുന്നു. പടിപൂജയിലടക്കം ക്രമവിരുദ്ധ ഇടപെടലുകൾ നടത്തുന്നു. അഷ്ടാഭിഷേകം എന്ന പുതിയ വഴിപാട് തുടങ്ങിയതിന് പിന്നിലും ഇയാളാണ്. മുമ്പ് തീർത്ഥാടന കാലത്തും മാസപൂജാ വേളകളിലും മാത്രമാണ് പടിപൂജ ബുക്കിംഗ് ഉണ്ടായിരുന്നത്. ഇതല്ലാതെ നടതുറക്കേണ്ടി വരുന്ന പ്രത്യേക ദിവസങ്ങളിൽ പടിപൂജ നടത്താൻ ആളുകളെ എത്തിച്ചിരുന്നത് ഇയാളാണ്. ഇതിനായി ഭക്തരിൽനിന്ന് വൻതുക അധികമായി ഈടാക്കിയിരുന്നു.
പല സമർപ്പണങ്ങളും നടത്താനുള്ള ഇടനിലക്കാരനായതോടെയാണ് അന്യസംസ്ഥാനക്കാർക്കിടയിൽ സ്‌പോൺസർ എന്നറിയപ്പെടാൻ തുടങ്ങിയത്. പണക്കാരിൽ നിന്ന് പണം സമാഹരിച്ചുള്ള സ്‌പോൺസഷിപ്പായിരുന്നു ദ്വാരപാലക ശില്പങ്ങളിലെ സ്വർണം പൂശലെന്നും റിപ്പോർട്ടുകളുണ്ട്.
ഇത്തരത്തിൽ പണം സമാഹരിച്ച് സന്നിധാനത്ത് അന്നദാനത്തിന്റെ സ്‌പോൺസർഷിപ്പും ഉണ്ണികൃഷ്ണൻ പോറ്റി ഏറ്റെടുത്തിട്ടുണ്ടത്രേ. ആറ് ലക്ഷം രൂപയാണ് ദേവസ്വത്തിൽ അടയ്‌ക്കേണ്ടത്. എന്നാൽ ഇതിന്റെ അഞ്ചിരട്ടി ഇയാൾ സമാഹരിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |