SignIn
Kerala Kaumudi Online
Friday, 26 April 2024 8.54 PM IST

യേശുദാസിന്റെ ഗുരുവായൂർ പ്രവേശനം സമൂഹം ചർച്ചചെയ്യട്ടെ :ദേവസ്വം മന്ത്രി തന്ത്രി പറയട്ടെ : ഗുരുവായൂർ ദേവസ്വം

yeshudas

തിരുവനന്തപുരം : ഗാനഗന്ധർവ്വൻ കെ.ജെ.യേശുദാസിനെ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയുടെ അഭിപ്രായത്തിന് പിന്തുണയേറുന്നു.

അതേസമയം സമൂഹം ചർച്ചചെയ്ത് സമവായത്തിലെത്തേണ്ട വിഷയമാണിതെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനും തന്ത്രിയാണ് നിലപാടെടുക്കേണ്ടതെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി.മോഹൻദാസും പ്രതികരിച്ചു. ക്ഷേത്രാചാരങ്ങളിൽ തന്ത്രിയുടെ നിലപാടാണ് ദേവസ്വം ഭരണസമിതിയുടേതെന്നും ചെയർമാൻ വ്യക്തമാക്കി.

എന്നാൽ ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് അഭിപ്രായം പറഞ്ഞില്ല.

വിശ്വാസികളെ ഗുരുവായൂരിൽ കയറ്റുന്നതിൽ യാതൊരു തകരാറുമില്ലെന്നും കയറ്റണമെന്നാണ് തന്റെ അഭിപ്രായമെന്നും പ്രശസ്ത സാഹിത്യകാരൻ ടി.പദ്മനാഭൻ പറഞ്ഞു.

സാമാന്യ നീതിക്കു നിരക്കുന്നതാണ് സച്ചിദാനന്ദ സ്വാമിയുടെ അഭിപ്രായമെന്നും അത് കേട്ട് വലിയ സന്തോഷം തോന്നിയെന്നും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ പറഞ്ഞു. ക്ഷേത്രത്തിനു മുന്നിൽ ആർക്കും അതിർ വരമ്പ് പാടില്ല. അത് ഈശ്വരന്റെ സൃഷ്ടിയല്ല. മനുഷ്യൻ ഉണ്ടാക്കുന്നതാണ്. യേശുദാസിനെ കയറ്റുക തന്നെ വേണം - സഞ്ജയൻ ആവശ്യപ്പെട്ടു.

സച്ചിദാനന്ദസ്വാമിയുടെ വാദത്തോട് യോജിക്കുന്നുവെന്നും ഗുരുവായൂർ ദർശനത്തിന് യേശുദാസിനെ അനുവദിക്കണമെന്നാണ് തന്റെയും അഭിപ്രായമെന്ന് ഗുരുരത്നം ജ്ഞാനതപസ്വി പ്രതികരിച്ചു. ജന്മംകൊണ്ട് ഓരോ മതത്തിൽ ജനിച്ചാലും കർമ്മത്താൽ മറ്റുള്ളവരുടെ വിശ്വാസത്തെ സ്വന്തം വിശ്വാസമായി മാറ്റിയെടുക്കാനാകും.യേശുദാസിന്റെ പാട്ടുകളിലൂടെ ഭക്തർ ആകർഷിക്കപ്പെടുന്നു.ശബരിമല ശാസ്താവിനെ പാടിയുറക്കുന്നതും യേശുദാസാണ്. അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗുരുരത്നം പറഞ്ഞു.

ഈശ്വരന്റെ മുന്നിൽ എല്ലാ ഭക്തരും സമൻമാരാണെന്നും യേശുദാസിനെ ഗുരുവായൂർ ക്ഷേത്രത്തിൽ കയറ്റുന്നതിൽ എതിർപ്പില്ലെന്നും പ്രമുഖ തന്ത്രി അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് അഭിപ്രായപ്പെട്ടു. തീരുമാനം ഗുരുവായൂരിൽ നിന്നാണ് ഉണ്ടാകേണ്ടതെന്നും അക്കീരമൺ പറഞ്ഞു.

സച്ചിദാനന്ദസ്വാമിയുടെ അഭിപ്രായത്തോട് നൂറുശതമാനവും യോജിക്കുന്നുവെന്ന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻതമ്പി പറഞ്ഞു.പഴയ കാലഘട്ടത്തിൽ ചില ഹൈന്ദവക്ഷേത്രങ്ങൾ അന്യമതസ്ഥരിൽ ചിലർ തകർത്ത ഓർമ്മവച്ചാണ് ഇതൊക്കെ ചെയ്തത്.പക്ഷേ കാലം എത്രയോ മാറി.ഹൈന്ദവ ആരാധനാലയങ്ങളിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഒട്ടേറെ വിശ്വാസികൾ അന്യമതങ്ങളിലുണ്ട്. ശബരിമലയിലും മൂകാംബികയിലും യേശുദാസിന് കയറാമെങ്കിൽ എന്തുകൊണ്ട് ഗുരുവായൂരിൽ കയറാൻ പാടില്ലെന്നും ശ്രീകുമാരൻതമ്പി ചോദിച്ചു.

യേശുദാസിന്റെ ഗുരുവായൂർ പ്രവേശനത്തെക്കുറിച്ച് ആചാര്യസഭ ചർച്ചചെയ്യട്ടെയെന്നായിരുന്നു ആർ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.എൻ.ഈശ്വരന്റെ പ്രതികരണം.

എല്ലാ വിശ്വാസികളെയും ജാതിമതഭേദമന്യെ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കണം .ഗുരുവായൂർ ക്ഷേത്രവിശ്വാസിയായ യേശുദാസിനെയും ഗൂരുവായൂരമ്പലത്തിൽ പ്രവേശിപ്പിക്കണമെന്നാണ് എസ്.എൻ.ഡി.പി. യോഗത്തിന്റെ അഭിപ്രായം

--വെള്ളാപ്പള്ളി നടേശൻ, ജനറൽ സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം

ആരുടെ കാര്യത്തിലായാലും ക്ഷേത്രാചാരങ്ങൾ അതേപടി പാലിക്കണമെന്നാണ് എൻ.എസ്.എസിന്റെ

നിലപാട്.

--ജി.സുകുമാരൻനായർ, ജനറൽ സെക്രട്ടറി, എൻ.എസ്.എസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YESHUDAS
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.