തൃശൂർ: പള്ളി വികാരിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ എരുമപ്പെട്ടി പതിയാരം സെന്റ് ജോസഫ് പള്ളിയിലെ വികാരിയായ പെരിഞ്ചേരി സ്വദേശി ലിയോ പുത്തൂർ (32) ആണ് മരിച്ചത്. കഴിഞ്ഞ ഒക്‌ടോബർ 22നാണ് പതിയാരം പള്ളിയിൽ വികാരിയായി ലിയോ പുത്തൂർ ചുമതലയേറ്റത്.
ഇന്ന് ഉച്ചയ്‌ക്ക് 12.30ഓടെ പള്ളിമണിയടിക്കുന്നതിനായി കപ്പിയാർ വികാരിയെ അന്വേഷിച്ചെങ്കിലും കാണാനായില്ല. തുടർന്ന് കൈക്കാരനെ വിവരമറിയിച്ചു. ശേഷം, പള്ളിയോട് ചേർന്നുള്ള വികാരിയുടെ കിടപ്പുമുറിയിലെ ജനലിലൂടെ കൈക്കാരൻ നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ പള്ളി ജീവനക്കാരും നാട്ടുകാരും പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ആറ് വർഷം മുമ്പാണ് ഫാദർ ലിയോ പുത്തൂർ പട്ടം സ്വീകരിച്ചത്. ആദ്യമായി എരുമപ്പെട്ടി പരിയാരം പള്ളിയിലാണ് വികാരിയായി എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |