SignIn
Kerala Kaumudi Online
Saturday, 20 April 2024 2.38 AM IST

കുഞ്ഞെന്ന സ്വപ്ന സാഫല്യത്തിന് ഗർഭം ധരിച്ച് അച്ഛൻ സഹദ്,​ താരാട്ടിയുറക്കാൻ കാത്തിരിക്കുന്നു അമ്മ സിയ


കോഴിക്കോട്: സ്ത്രീയായി ജനിച്ച് പുരുഷനായി മാറിയെങ്കിലും ഒരു കുഞ്ഞെന്ന അടങ്ങാത്ത ആഗ്രഹത്തിന്റെ സാഫല്യത്തിനായി ഗർഭം ധരിച്ച് കാത്തിരിക്കുകയാണ് സഹദ്. കുഞ്ഞിനെ മാറോടണച്ച് താരാട്ടാനുള്ള തിടുക്കത്തിലാണ് സഹദിന്റെ പങ്കാളിയായ,​ പുരുഷനായി ജനിച്ച് സ്ത്രീയായി മാറിയ സിയ പവൽ. ഗർഭധാരണത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌മെൻ പ്രഗ്നൻസിയാണ് സഹദിന്റെത്.

ഒരുമാസത്തിനപ്പുറം കുഞ്ഞ് ജനിക്കുന്നതോടെ സഹദും സിയയും ഇന്ത്യയിലെ ആദ്യ ട്രാൻസ് രക്ഷിതാക്കളാകും. ഇൻസ്റ്റഗ്രാമിൽ സിയ പോസ്റ്റ് ചെയ്ത മെറ്റേണിറ്റി ഫോട്ടോഷൂട്ട് നിമിഷങ്ങൾക്കകം വൈറലായി.

മലപ്പുറം സ്വദേശിനിയായ സിയയും തിരുവനന്തപുരം സ്വദേശിയായ സഹദും ട്രാൻസ് കമ്മ്യൂണിറ്റിയുടെ പരിപാടിയിലാണ് ആദ്യം കണ്ടുമുട്ടിയത്. പിന്നീട് ട്രാൻസ് സ്വത്വം തിരിച്ചറിഞ്ഞ ഇരുവരും കോഴിക്കോടെത്തി ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ഹോർമോൺ തെറാപ്പി നടത്തി സഹദിന്റെ മാറിടം നീക്കം ചെയ്തിരുന്നു. ഗർഭപാത്രം നീക്കം ചെയ്യാനുള്ള ഘട്ടമെത്തിയപ്പോഴാണ് സ്വന്തമായി ഒരു കുഞ്ഞെന്ന മോഹം ഇരുവർക്കുമുണ്ടായത്. സിയ ആ സമയത്ത് ട്രാൻസ് സ്ത്രീ ആവാനുള്ള ശാസ്ത്രക്രിയയ്ക്ക് വിധേയ ആയിരുന്നുമില്ല. തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ സഹദ് ചികിത്സ തുടങ്ങിയത്. രണ്ടാമത്തെ ഗർഭധാരണമാണ് വിജയം കണ്ടിരിക്കുന്നത്. അതിന്റെ ആഹ്ലാദത്തിലാണ് ഇരുവരും. ഗർഭകാല പരിചരണം ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നുവെന്നാണ് സിയയും സഹദും പറയുന്നത്. സഹദിന്റെ മാറിടം നീക്കം ചെയ്തതിനാൽ ജനിക്കുന്ന കുഞ്ഞിന് മിൽക്ക് ബാങ്ക് വഴിയാണ് മുലപ്പാൽ നൽകുക.

സിയയുടെ ഇൻസ്റ്റഗ്രാം കുറിപ്പ്

ജന്മം കൊണ്ടോ ശരീരം കൊണ്ടോ സ്ത്രീ ആയില്ലെങ്കിലും എന്നിലെ സ്ത്രീത്വം അറിഞ്ഞു വളർന്ന കാലമത്രയും ഉള്ളിലുണ്ടായ സ്വപ്നം ‘‘അമ്മ’ എന്നതായിരുന്നു. ആ വേദനയും സുഖവും അറിയാനോ അനുഭവിക്കാനോ ഈ ജന്മമത്രയും എന്റെ ശരീരം എന്നെ അനുവദിക്കില്ലായിരിക്കാം... ഞാൻ അറിയുന്ന ദൈവം എന്നെ അറിഞ്ഞെന്നതു പോലെ കാലം എന്റെ ആഗ്രഹങ്ങൾ അറിയുന്നു. ആരാണെന്ന് പോലും അറിയാത്ത ഒരാൾക്ക് പേരും കണ്ടു വെച്ച് കുന്നോളം സ്വപ്നങ്ങളും പേറി ഒമ്പതു മാസത്തോളം കാത്തിരിക്കുന്നതല്ലേ ഒരമ്മയുടെ പ്രതീക്ഷ... എന്നിലെ കാത്തിരുന്ന സ്വപ്നം പൂവണിയും പോലെ ഞാനും ഒരു അമ്മ എന്ന കുഞ്ഞു ശബ്ദത്തിലുള്ള വിളി കേൾക്കാൻ കാത്തിരിക്കുന്നു... കുറഞ്ഞ ദിനങ്ങൾ മാത്രം. ഏതൊരു പ്രതിസന്ധിയിലും തളരാതെ പതറാതെ മുന്നോട്ട് പോകാനുള്ള കഴിവ് എനിക്കും എന്റെ സ്വപ്നങ്ങളെ അറിഞ്ഞ ജീവിതപങ്കാളിക്കും നൽകണേ നാഥാ... എന്റെ സ്വപ്നങ്ങൾക്ക് ചിറകുവിരിച്ച് കൂട്ടായത് എന്റെ ഇക്ക......

sahad-ziya

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ZIYA SAHAD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.