
തൃശൂർ: കേരളനടനം കഴിഞ്ഞയുടൻ ആദിത്യൻ ഓടി അമ്മ മിനിമോളുടെ അടുത്തെത്തി. അമ്മേ എങ്ങനെയുണ്ട്?. '' അമ്മയൊന്നും കണ്ടില്ല മോനേ... കരഞ്ഞു പോയി..."" അമ്മയെ അവൻ ചേർത്തുപിടിച്ച് ഹോളിഫാമിലി സ്‌കൂളിന്റെ മറുവശത്തേക്ക് കൊണ്ടുപോയി. അമ്മയ്ക്ക് വേണ്ടി മാത്രം ചുവടുവച്ചു. കിരാതവിജയം ആട്ടക്കഥ. മിഴിനീരിൽ കുതിർന്ന കവിൾത്തടം തുടുത്തു. ആദിത്യന് എ ഗ്രേഡെന്ന അനൗൺസ്‌മെന്റ് കേട്ടതോടെ ഉള്ളുനിറഞ്ഞ് ചിരിച്ചു.
അമ്മയുടെ ചിരിക്കപ്പുറം വലുതല്ല ആദിത്യന് മറ്റൊന്നും. മൂന്നാം വയസിൽ അച്ഛനെ നഷ്ടപ്പെട്ടു. പിന്നീടിങ്ങോട്ട് അടുക്കളപ്പണി ചെയ്താണ് ആദിത്യനെയും സഹോദരി അപർണയെയും മിനിമോൾ വളർത്തുന്നത്. ഇല്ലായ്മയ്ക്കിടയിലും മക്കളുടെ കലാവാസനയ്‌ക്കൊപ്പം നിന്ന അമ്മ. ഇതിന്റെ പേരിൽ വലിയ കടബാദ്ധ്യതയുണ്ട്.
തിരുവനന്തപുരം വെങ്ങാനൂർ വി.പി.എസ് മലങ്കര ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താം ക്ലാസുകാരനാണ് ആദിത്യൻ എം.കുമാർ. പാച്ചല്ലൂർ വണ്ടിത്തടത്താണ് താമസം. ചേച്ചിക്കൊപ്പം ഡാൻസ് ക്ലാസിൽ പോയപ്പോൾ കൗതുകത്തിന് പഠിച്ചുതുടങ്ങിയതാണ് ശാസ്ത്രീയ നൃത്തം. ഭരതനാട്യം, കുച്ചിപ്പുടി, നാടോടി നൃത്തം എന്നിവയിൽ പ്രതിഭ. കൊല്ലത്ത് നടന്ന സ്‌കൂൾ കലോത്സവത്തിലും എ ഗ്രേഡ് നേടി. പേയാട് അജയന്റെ ശിഷ്യനാണ്. അപർണ സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു നിൽക്കുന്നു.
കടം കൊണ്ട
ആടയാഭരണം
കേരളനടനത്തിന് ഉടുത്തുകെട്ടും ആഭരണങ്ങളുമായി വേദിയിൽ കയറണമെങ്കിൽ നല്ലൊരു തുകയാകും. മേക്കപ്പിന്റെ ചെലവ് വേറെ. 2,000 രൂപയുടെ കഴുത്താരം മാത്രമാണ് സ്വന്തം. ബാക്കിയെല്ലാം ഒപ്പം നൃത്തം പഠിക്കുന്നവരിൽ നിന്ന് കടം വാങ്ങിയാണ് തൃശൂർക്ക് വന്നത്.
മോദിക്ക് മുമ്പിൽ ചുവടുവച്ചു
എൻ.സി.സി കേഡറ്റായ ആദിത്യൻ കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിന പരേഡിന് കലാപരിപാടി അവതരിപ്പിക്കാൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടാം കേരള ബറ്റാലിയനിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവരുടെ മുന്നിൽ ഭരതനാട്യം ചെയ്തു.
മക്കൾക്ക് വേണ്ടി എന്തു കഷ്ടതയും സഹിക്കും. ഒരു വീട്ടിൽ കൂടി പണിക്ക് പോയി കടം തീർക്കും
- മിനിമോൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |