
കോട്ടയം: പാലാ നഗരസഭാദ്ധ്യക്ഷ സ്ഥാനം സിപിഎം നിഷേധിച്ചതിനെത്തുടർന്ന് കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ച ബിനു പുളിക്കക്കണ്ടത്തിന് തദ്ദേശ തിരഞ്ഞെടുപ്പിൽ മിന്നും വിജയം. ബിനുവിന് പുറമെ സഹോദരൻ ബിജു പുളിക്കക്കണ്ടം, മകൾ ദിയ പുളിക്കക്കണ്ടം എന്നിവരും വിജയിച്ചു. സ്വന്തന്ത്രരായാണ് മൂവരും മത്സരിച്ചത്.
പാലാ നഗരസഭയിലെ 13,14,15 വാർഡുകളിലാണ് ഇവർ മത്സരിച്ചത്. 20 വർഷമായി കൗൺസിലറാണ് ബിനു. ഒരു തവണ സിപിഎം സ്ഥാനാർത്ഥിയായും ഒരു തവണ ബിജെപി സ്ഥാനാർത്ഥിയായും രണ്ട് തവണ സ്വതന്ത്രനായും മത്സരിച്ചാണ് വിജയിച്ചത്. നിലവിലെ നഗരസഭയിൽ സിപിഎം ചിഹ്നത്തിൽ മത്സരിച്ചുജയിച്ച ഏകയാൾ കൂടിയാണ് ബിനു.
കേരള കോൺഗ്രസുമായുള്ള (എം) തർക്കത്തെത്തുടർന്നാണ് ബിനുവിനെ സിപിഎം പുറത്താക്കിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പവും ബിനു സജീവമായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ട് ചെയ്തിരുന്നു.
കന്നി അങ്കത്തിനിറങ്ങിയ 21കാരിയായ മകൾ ദിയ ബിരുദധാരിയാണ്. മദ്രാസ് ക്രിസ്‌ത്യൻ കോളേജിൽ നിന്ന് ബിഎ പഠനം പൂർത്തിയാക്കിയ ദിയ എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ്. 40 വർഷം കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി വി സുകുമാരൻ നായർ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിജുവും ബിനുവും.
അതേസമയം, സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം നടത്തുകയാണ്. 444 ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് വിജയക്കുതിപ്പ് തുടരുന്നു. ബ്ളോക്ക് പഞ്ചായത്തുകളിൽ 80 ഇടത്തും മുനിസിപ്പാലിറ്റികളിൽ 55 ഇടത്തും യുഡിഎഫ് മുന്നേറുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |