
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ 'നോട്ട' ബട്ടൺ ഇല്ല. പകരം എൻഡ് ബട്ടൺ. അതും ജില്ലാ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പിന് മാത്രം. മുൻസിപ്പാലിറ്റി, കോർപ്പേറേഷൻ തിരഞ്ഞെടുപ്പിൽ അതിനുള്ള സൗകര്യമില്ല. തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിയോടും താത്പര്യമില്ലാത്തവർക്ക് അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കാൻ വോട്ടിംഗ് മെഷീനിലുള്ള ബട്ടൺ ആണ് നോട്ട. സമാന രീതിതന്നെയാണ് 'എൻഡ്' ബട്ടണും.
ത്രിതല പഞ്ചായത്തിൽ (ജില്ല, ബ്ലോക്ക്, ഗ്രാമം) ഏതെങ്കിലും ഒരു തലത്തിലെ സ്ഥാനാർത്ഥിക്കു മാത്രമേ വോട്ട് ചെയ്യാൻ താത്പര്യമുള്ളുവെങ്കിൽ അതുമാത്രം ചെയ്ത് മറ്റുള്ളവ ഒഴിവാക്കാനാണ് എൻഡ് ബട്ടൺ. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിക്കുമാത്രമേ വോട്ട് ചെയ്യാൻ താത്പര്യമുള്ളൂവെങ്കിൽ അതുമാത്രം ചെയ്ത് എൻഡ് ബട്ടൺ അമർത്താം. സമാന രീതി തന്നെയാണ് മറ്റു രണ്ടു തലങ്ങളിലും.
ഒരു തലത്തിൽ മാത്രം വോട്ട് ചെയ്ത് എൻഡ് ബട്ടൺ അമർത്താതിരുന്നാൽ പോളിംഗ് ഉദ്യോഗസ്ഥൻ ബട്ടൺ അമർത്തി യന്ത്രം സജ്ജീകരിക്കും. ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പിലാണ് 'നോട്ട' (നൺ ഓഫ് ദി എബൗ) സൗകര്യമുള്ളത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നോട്ടയ്ക്ക് ലഭിച്ചത് 1,58,376 വോട്ടുകൾ. ആകെ വോട്ടുകളുടെ 0.7 ശതമാനം. ഏറ്റവും കൂടുതൽ ആലത്തൂരിൽ- 12,033.
ചട്ട ഭേദഗതി ആവശ്യം
പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമപ്രകാരം നടത്തുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ നോട്ട ഉൾപ്പെട്ടിട്ടില്ല. അത് വേണമെങ്കിൽ നിയമങ്ങളും അനുബന്ധ ചട്ടങ്ങളും ഭേദഗതി ചെയ്യണം. വോട്ടിംഗ് യന്ത്രത്തിൽ 'നോട്ട' ഉൾപ്പെടുത്താൻ 2013ൽ സുപ്രീംകോടതിയാണ് ഉത്തരവിട്ടത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് കേരളത്തിൽ ആദ്യമായി നോട്ട വന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |