
തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച ബിജെപി പ്രവർത്തക ശാലിനി സനിൽ നെടുമങ്ങാട് നഗരസഭയിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കും. പനക്കോട്ടല വാർഡിൽ നിന്നാകും മത്സരിക്കുന്നത്. ഇന്നലെ പുലർച്ചെയാണ് ഇവർ ആത്മഹത്യക്ക് ശ്രമിച്ചത്. ആർഎസ്എസ് നേതാക്കളുടെ വ്യക്തിഹത്യ താങ്ങാൻ കഴിഞ്ഞില്ലെന്ന് ശാലിനി അനിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ആർഎസ്എസിനെതിരെ ഗുരുതര ആരോപണങ്ങൾ യുവതി ഉന്നയിച്ചിരുന്നു. മഹിളാ മോർച്ച നോർത്ത് ജില്ലാ സെക്രട്ടറിയാണ് ശാലിനി. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് അവർ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു.
'ഇല്ലാത്ത പല കാര്യങ്ങളും പറഞ്ഞ് അപമാനിച്ചു. പുറത്തിറങ്ങാൻ കഴിയാത്ത മട്ടിൽ അപവാദം പറഞ്ഞു. അവർ ഉദ്ദേശിച്ച വ്യക്തിയെ സ്ഥാനാർത്ഥിയായി തീരുമാനിക്കാതിരുന്നതോടെയാണ് വ്യക്തിഹത്യ ചെയ്തത്. കുടുംബത്തെ മൊത്തത്തിൽ വ്യക്തിഹത്യ ചെയ്തു. വ്യക്തിപരമായി പലരോടായി അപവാദം പറഞ്ഞു നടക്കുകയായിരുന്നു. നാട്ടിൽ ഇറങ്ങി നടക്കാൻ കഴിയാത്ത വിധമായിരുന്നു വ്യാജ പ്രചാരണം. ഭർത്താവിനോടും തന്നോടും ചിലർ ഇക്കാര്യം പറഞ്ഞു. നെടുമങ്ങാട് പനങ്ങോട്ടല വാർഡിൽ ബിജെപി നേതൃത്വം തന്നെയാണ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്നത്.
എന്നാൽ എനിക്ക് സീറ്റ് കിട്ടിയാലും ജയിക്കരുതെന്നായിരുന്നു ചിലരുടെ താൽപര്യം. ഇതുസംബന്ധിച്ച് നേതൃത്വത്തെ പരാതി അറിയിച്ചിരുന്നു. പ്രാദേശിക ആർഎസ്എസ് നേതൃത്വത്തിന് മാത്രമാണ് താൻ സ്ഥാനാർത്ഥിയാകുന്നതിൽ എതിർപ്പുണ്ടായിരുന്നത്. വ്യക്തിഹത്യ താങ്ങാനാവാതെയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. തുടർന്നുള്ള കാര്യങ്ങൾപ്രസ്ഥാനം പറയുന്നതുപോലെ ചെയ്യും'- ശാലിനി കഴിഞ്ഞ ദിവസം പറഞ്ഞു.
പനക്കോട്ടല വാർഡിൽ ശാലിനി പ്രചാരണ രംഗത്തുണ്ടായിരുന്നു. ബിജെപിയുടെ സജീവപ്രവർത്തകയാണ്. എന്നാൽ, സ്ഥാനാർത്ഥി നിർണയം പൂർത്തിയായപ്പോൾ ശാലിനിയെ പട്ടികയിൽ നിന്നൊഴിവാക്കിയിരുന്നു. പിന്നാലെ മറ്റൊരു സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള നീക്കത്തിലായിരുന്നു. ഇതിൽ മനംനൊന്തായിരുന്നു ശാലിനി ആത്മഹത്യക്ക് ശ്രമിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |