
ആലപ്പുഴ : പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറി അനുമതിയിൽ എതിർപ്പറിയിച്ച് സി.പി.ഐ. കുടിവെള്ള പ്രശ്നം പരിഹരിക്കാതെ ബ്രൂവറി പദ്ധതി നടപ്പാക്കരുതെന്ന് ആലപ്പുഴയിൽ ചേർന്ന സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് തീരുമാനിച്ചു. സി.പി.ഐ നിലപാട് എൽ.ഡി.എഫ് നേതൃത്വത്തെ അറിയിക്കും. ബ്രൂവറി അനുമതിക്കെതിരെ കടുത്ത നിലപാടെടുത്ത പാലക്കാട് ജില്ലാ എക്സിക്യുട്ടീവിന്റെ തീരുമാനത്തിനൊപ്പം നിൽക്കാനാണ് സംസ്ഥാന എക്സിക്യുട്ടീവും തീരുമാനിച്ചിരിക്കുന്നത്.
പ്രദേശത്ത് ഇതിനകം ഉയർന്നുവന്ന കുടിവെള്ള പ്രശ്നം അവഗണിക്കാൻ കഴിയില്ലെന്നാണ് പാർട്ടി നിലപാട്. ഭൂഗർഭ ജലമെടുക്കാതെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് എക്സൈസ് മന്ത്രി വിശദീകരിച്ചിട്ടുണ്ടെന്ന് സി.പി.ഐ മന്ത്രിമാർ യോഗത്തിൽ ചൂണ്ടിക്കാട്ടി. എന്നാൽ ആശങ്ക തീർക്കാതെ പദ്ധതിയുമായി മുന്നോട്ടുപോകാനാകില്ലെന്നാണ് ഭൂരിപക്ഷം അംഗങ്ങളും വ്യക്തമാക്കിയത്. അനുമതി നൽകുന്നതിന് മുമ്പ് മുന്നണിയിൽ കാര്യമായ ചർച്ച നടന്നില്ലെന്നും വിമർശനം ഉയർന്നു. ആശങ്ക എൽ.ഡി.എഫ് നേതൃത്വത്തെ അറിയിക്കാൻ പാർട്ടി നേതൃത്വത്തെ യോഗം ചുമതലപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |