കോട്ടയം : പുതിയതായി അനുവദിച്ച നഗര്‍കോവില്‍ - മംഗലാപുരം അമൃത് ഭാരത് എക്സ്പ്രസും, തിരുവനന്തപുരം നോര്‍ത്ത് ചാര്‍ലപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്സ്പ്രസും കോട്ടയം വഴി സര്‍വീസ് നടത്താന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. രണ്ട് ട്രെയിനുകളും കോട്ടയം വഴിയാക്കണമെന്ന് റെയില്‍വേ മന്ത്രിയുടെയും, ബോര്‍ഡിന്റെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മാവേലിക്കര, ചെങ്ങന്നൂര്‍, ചങ്ങനാശേരി എന്നിവിടങ്ങളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഇതോടെ മദ്ധ്യകേരളത്തിലെ യാത്രക്കാര്‍ക്ക് ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ മംഗലാപുരം, ഹൈദരാബാദ് മേഖലകളില്‍ കൂടുതല്‍ റെയില്‍ ബന്ധം ഉറപ്പാക്കാനാകും.
23ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിനുകള്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം - താംബരം അമൃത് ഭാരത് നാഗര്‍കോവില്‍, മധുര വഴിയാണ് സര്‍വീസ് നടത്തുക. താംബരത്തു നിന്നു ബുധനാഴ്ചകളില്‍ വൈകിട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ചകളില്‍ രാവിലെ 8ന് തിരുവനന്തപുരത്ത് എത്തും. മടക്ക യാത്രയില്‍ ട്രെയിന്‍ വ്യാഴാഴ്ചകളില്‍ രാവിലെ 10.40ന് പുറപ്പെട്ട് രാത്രി 11.45ന് താംബരത്ത് എത്തിച്ചേരും.
ചെര്‍ലാപ്പള്ളി (ഹൈദരാബാദ്) - തിരുവനന്തപുരം നോര്‍ത്ത് അമൃത് ഭാരത് ചൊവ്വാഴ്ചകളില്‍ രാവിലെ 7.15ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 2.45ന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിന്‍ ബുധനാഴ്ചകളില്‍ വൈകിട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്ചകളില്‍ രാത്രി 11.30ന് ചെര്‍ലാപ്പള്ളിയില്‍ എത്തും. നാഗര്‍കോവില്‍ മംഗളൂരു ജംഗ്ഷന്‍ അമൃത് ഭാരത് ചൊവ്വാഴ്ചകളില്‍ രാവിലെ11.30ന് പുറപ്പെട്ട് ബുധനാഴ്ച പുലര്‍ച്ചെ 5ന് മംഗളൂരുവിലെത്തും. മടക്ക ട്രെയിന്‍ ബുധനാഴ്ച രാവിലെ 8ന് പുറപ്പെട്ട് രാത്രി 10.05ന് നാഗര്‍കോവിലില്‍ എത്തും. തിരുവനന്തപുരം, കോട്ടയം വഴിയാണ് ഈ ട്രെയിന്‍ സര്‍വീസ് നടത്തുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |