
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ എൻ.ഇ.പി സിലബസ് നടപ്പാക്കില്ലെന്ന് ഉറപ്പുവരുത്താൻ മേൽനോട്ട സമിതിയെ നിയോഗിക്കാമെന്ന സി.പി.എം നിർദ്ദേശം ഇന്നലെ ഓൺലൈനായി ചേർന്ന സി.പി.ഐ സെക്രട്ടേറിയറ്റ് തള്ളിയതോടെ സമവായനീക്കം പാളി. പദ്ധതിയുടെ ധാരണാ പത്രം റദ്ദാക്കി ഉത്തരവിറക്കി കേന്ദ്രത്തെ അറിയിക്കണമെന്ന കർശന നിലപാടിൽ ഉറച്ചുനിൽക്കാനാണ് സി.പി.ഐ തീരുമാനം.
പ്രശ്നത്തിൽ ഒത്തുതീർപ്പുണ്ടാവുന്നില്ലെങ്കിൽ ഇന്നത്തെ മന്ത്രിസഭായോഗത്തിൽ നിന്ന് സി.പി.ഐ മന്ത്രിമാർ വിട്ടുനിൽക്കും. രാവിലെ 10ന് നടക്കേണ്ട മന്ത്രിസഭായോഗം ഉച്ചകഴിഞ്ഞ് മൂന്നരയിലേക്ക് മാറ്റിയിട്ടുണ്ട്. വീണ്ടുമൊരു അനുനയ ചർച്ചയ്ക്കുള്ള സാദ്ധ്യത മുൻനിറുത്തിയാണ് ഈ മാറ്റം. അതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സി.പി.ഐ നേതൃത്വവുമായി ചർച്ച നടത്തിയേക്കും.
സി.പി.എമ്മിന്റെ തീരുമാനം അറിഞ്ഞ ശേഷം ഇന്ന് ഉച്ചയ്ക്കുമുമ്പ് വീണ്ടും സി.പി.ഐ സെക്രട്ടേറിയറ്റ് ചേർന്നാവും തുടർ നടപടി കൈക്കൊള്ളുക. ഒത്തുതീർപ്പായില്ലെങ്കിൽ മന്ത്രിസഭായോഗത്തിൽ നിന്ന് സ്ഥിരമായി വിട്ടുനിൽക്കുന്നതടക്കമുള്ള കടുത്ത നിലപാട് സ്വീകരിക്കും. തങ്ങളുന്നയിക്കുന്ന ആവശ്യങ്ങൾ കാട്ടി സി.പി.ഐ മന്ത്രിമാർ കഴിഞ്ഞ ദിവസം ആലപ്പുഴയിൽ മുഖ്യമന്ത്രിക്ക് കത്തു നൽകിയിരുന്നു. പദ്ധതിയിൽ നിലപാട് മാറ്രിയില്ലെങ്കിൽ മന്ത്രിസഭായോഗത്തിൽ തങ്ങൾ പങ്കെടുക്കില്ലെന്നും കത്തിൽ പറഞ്ഞിരുന്നു. അടുത്ത മന്ത്രിസഭായോഗത്തിനു തൊട്ടുമുമ്പ് സി.പി.ഐ സംസ്ഥാന കൗൺസിലും ചേരുന്നുണ്ട്.
തിരഞ്ഞെടുപ്പ് ഒരുക്കം കുഴയും
തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നവംബർ അഞ്ചിന് വരാനിരിക്കെ, പ്രശ്നം ഒത്തുതീർന്നില്ലെങ്കിൽ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളും അവതാളത്തിലാവും. തലസ്ഥാനത്തുണ്ടായിരുന്ന സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, സി.പി.ഐ സെക്രട്ടറി ബിനോയ് വിശ്വവുമായി ഫോണിലൂടെയാണ് മേൽനോട്ട സമതിയുടെ വ്യവസ്ഥ അറിയിച്ചത്. ബേബി ഇന്ന് ബീഹാറിലേക്ക് പോകും. തർക്ക പരിഹാരത്തിന് ദേശീയ തലത്തിൽ തത്കാലം ഇടപെടലുണ്ടായേക്കില്ല. ധാരണാപത്രം റദ്ദാക്കണമെന്ന നിർദ്ദേശം അംഗീകരിക്കാനാവില്ലെന്ന ഉറച്ച തീരുമാനത്തിലാണ് സി.പി.എം. പ്രശ്നപരിഹാരത്തിന് താൻ നേരിട്ട് ഇടപെട്ടിട്ടും വിട്ടുവീഴ്ച കാട്ടാത്ത സി.പി.ഐ നിലപാടിൽ മുഖ്യമന്ത്രിക്ക് കടുത്ത അമർഷമുണ്ട്. രണ്ട് പ്രധാന തിരഞ്ഞെടുപ്പ് വരാനിരിക്കെ, മുന്നണിയെ പ്രതിസന്ധിയിലാക്കുന്ന സമീപനം സി.പി.ഐ സ്വീകരിച്ചതിൽ സി.പി.എം നേതൃത്വത്തിനും അതൃപ്തിയുണ്ട്.
ധാരണാപത്രം റദ്ദാക്കിയേ
തീരൂ: സി.പി.ഐ
1. പി.എം ശ്രീ ധാരണാപത്രം ഒപ്പിടാൻ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടില്ല. വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടില്ല
2. ഇതു സംബന്ധിച്ച് ഏതെങ്കിലും ഉത്തരവ് ഇറങ്ങിയിട്ടില്ല. ധാരണാപത്രത്തിന് സർക്കാർ അനുമതി ഇല്ല
3 ധാരണാപത്രം റദ്ദാക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കണം. ഇത് ഉത്തരവായി ഇറക്കണം. കേന്ദ്രത്തെ അറിയിക്കണം
പദ്ധതി ഫണ്ട് കിട്ടാതെ
പറ്റില്ല: സി.പി.എം
1. പദ്ധതിയിൽ നിന്ന് പിന്മാറില്ല. അർഹമായ ഫണ്ട് വാങ്ങിയേ പറ്റൂ. ദേശീയനയം അനുസരിച്ചുള്ള സിലബസ് പഠിപ്പിക്കില്ല
2. എൻ.ഇ.പി സിലബസ് നടപ്പാക്കില്ലെന്ന് ഉറപ്പാക്കാൻ മേൽനോട്ട സമിതിയെ നിയോഗിക്കും
3 സി.പി.ഐയും ഘടകകക്ഷി അംഗങ്ങളും ഉൾപ്പെട്ടതാവും മേൽനോട്ട സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |