
തിരുവനന്തപുരം : ശബരിമല സ്വർണതട്ടിപ്പു കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശ്വാസികൾക്കിടയിൽ അമർഷമുണ്ടാക്കിയിട്ടുണ്ടെന്ന് സി.പി.ഐ എക്സിക്യൂട്ടീവിന്റെ വിലയിരുത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്നും അഭിപ്രായം ഉയർന്നു. എന്നാൽ വരുംദിവസങ്ങളിൽ വിശ്വാസികളുടെ ഈ വികാരത്തിൽ മാറ്റമുണ്ടായാൽ എൽ.ഡി.എഫിന് തിരഞ്ഞെടുപ്പ് വിജയമുണ്ടാവുമെന്നും യോഗം വിലയിരുത്തി.
എൽ.ഡി.എഫ് സംഘടിപ്പിച്ച മേഖലാ വികസന മുന്നേറ്റ ജാഥകളിൽ ചിലയിടങ്ങളിൽ ചെറിയ പാളിച്ചകളുണ്ടായെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനായെന്നും വിലയിരുത്തി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി പ്രവർത്തകരെ സജ്ജരാക്കാനും ഇടത് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് ഫലപ്രദമായി എത്തിക്കാനും കഴിഞ്ഞു. ജാഥയോട് അനുബന്ധിച്ച് അസംബ്ളി മണ്ഡലങ്ങളിൽ എം.എൽ.എമാരുടെ നേതൃത്വത്തിൽ നടത്തിയ പ്രചരണ ജാഥയും ഏറെ ഫലപ്രദമായി. ജനങ്ങളിൽ ആവേശം സൃഷ്ടിക്കാൻ ഈ പ്രചരണ ജാഥകൾക്ക് സാധിച്ചതായും ഇന്നലെ ചേർന്ന എക്സിക്യൂട്ടീവ് വിലയിരുത്തി.
തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടി നിയമസഭാ തിരഞ്ഞെടുപ്പിൽ ആവർത്തിക്കില്ലെന്ന വ്യക്തമായ സൂചനയാണ് ഗൃഹസമ്പർക്ക പരിപാടിയിൽ ലഭിച്ചത്. ജനങ്ങളുമായി നടത്തിയ ആശയ വിനിമയത്തിൽ ഇടതു പക്ഷത്തോട് കാര്യമായ അകൽച്ച ജനങ്ങളിൽ ഉണ്ടായിട്ടില്ലെന്നു ബോദ്ധ്യപ്പെട്ടതായും നേതാക്കൾ അഭിപ്രായപ്പെട്ടു. സർക്കാർ വിരുദ്ധ വികാരമുണ്ടെന്ന പ്രചരണത്തിൽ വലിയ കഴമ്പില്ല. കുറച്ചുകൂടി ഉണർന്ന് പ്രവർത്തിച്ചാൽ പരിഹരിക്കപ്പെടുന്ന വിഷയങ്ങളേ ഇപ്പോഴുള്ളു.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഫണ്ട് സമാഹരണവും ചർച്ചയായി. ഫണ്ട് ശേഖരണത്തിനുള്ള പ്രവർത്തനങ്ങൾ കഴിയുന്നത്ര നേരത്തെ ക്രമപ്പെടുത്തണം. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളോ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട വിഷയങ്ങളോ യോഗത്തിൽ വന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |