തിരുവനന്തപുരം: വൈദേകം റിസോർട്ട് വിഷയം പി. ജയരാജൻ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചിരുന്നെന്നും, അത് അഴിമതി ആരോപണമായിരുന്നില്ലെന്നും വെളിപ്പെടുത്തി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. സ്വകാര്യ കമ്പനിയെ സഹകരണ സ്ഥാപനം പോലെ സഹായിക്കാമോ, അവർക്കാവശ്യമായ സഹായങ്ങളെല്ലാം ചെയ്തു കൊടുത്തത് ശരിയാണോ എന്നീ ചോദ്യങ്ങളാണ് പി. ജയരാജൻ
ഉന്നയിച്ചത്. അതിനെയാണ് വളച്ചൊടിച്ച് വിവാദമാക്കിയതെന്നും 'മലയാളം' വാരികയുമായുള്ള അഭിമുഖത്തിൽ ഇ.പി. ജയരാജൻ പറഞ്ഞു.
സംസ്ഥാന കമ്മിറ്റിയിൽ ആരോപണമുയർന്നുവെന്ന വാർത്തകൾ മാദ്ധ്യമ സൃഷ്ടിയാണെന്നുള്ള സി.പി.എം നേതാക്കളുടെ നിലപാടുകളെ തള്ളുന്നതാണ് ഇ.പിയുടെ വെളിപ്പെടുത്തൽ. റിസോർട്ടിന്റെ മുൻ ചുമതലക്കാരനായിരുന്ന രമേശൻ ജയരാജനെ പോയിക്കണ്ട് സംസാരിച്ചിരുന്നു . അവിടെ നിന്ന് പുറത്താക്കപ്പെട്ട ശേഷം രമേശന്റെ ഭാഗം നിയമപരമായി ദുർബലമാകുന്നുവെന്ന് വന്നപ്പോഴാണ് പോയിക്കണ്ടത്. നിയമപരമായി സ്ഥാപനത്തിൽ ഒരു പിടിത്തവും കിട്ടുന്നില്ലെന്ന് വന്നപ്പോഴാണ് തന്റെ പേര് വലിച്ചിഴച്ചത്. താൻ ഈ സ്ഥാപനം തുടങ്ങാൻ സഹായിച്ചെന്ന ആരോപണമേയുള്ളൂ. . ഇതൊരു പാർട്ടി സ്ഥാപനമല്ല. സ്വകാര്യ സ്ഥാപനമാണ്. അതിന്റെ ആളുകളെ സഹായിക്കുന്നതിൽ തെറ്റില്ല. ടാറ്റ, ബിർള ഒക്കെയാണെങ്കിലും സ്ഥാപനമുണ്ടാക്കുന്നതിനെ സഹായിക്കുന്നതിൽ തെറ്രൊന്നുമില്ല. മാദ്ധ്യമങ്ങളും കുറേയാളുകളും അതിന്റെ പിന്നിൽ നടക്കുമെന്നേയുള്ളൂ.
റിസോർട്ടെന്ന ആശയത്തിന് പിന്നിൽ താനായിരുന്നു. ഭാര്യ 2021 ഡിസംബറിലാണ് റിസോർട്ടിൽ ഓഹരിയെടുക്കുന്നത്. അവിടെ ശമ്പളം നൽകാൻ പോലും പൈസയില്ലാതെ പ്രവൃത്തികൾ നിലച്ചുപോകുമെന്ന ഘട്ടത്തിലായിരുന്നു അത്. അവർ വിരമിച്ചപ്പോൾ കിട്ടിയ പണം സ്ഥിരനിക്ഷേപമായി ഇട്ടിരുന്നിടത്ത് നിന്ന് വായ്പയെടുത്തതാണ്.വീടിനടുത്ത് നല്ലൊരു സ്ഥാപനമുണ്ടാകണമെന്നാണ് താനാഗ്രഹിച്ചത്.മകൻ ജയ്സൺ എൻ.ആർ.ഐ അക്കൗണ്ടിൽ നിന്ന് 25 ലക്ഷവും രമേശൻ 20 ലക്ഷവും റിസോർട്ടിൽ നിക്ഷേപിച്ചു. ജയ്സൺ രാജി വച്ച ശേഷം എല്ലാ കാര്യങ്ങളും നോക്കുന്നത് രമേശനും സുഹൃത്തുമായിരുന്നു. ഇതിനിടയിൽ രമേശൻ ആരുമറിയാതെ പാലക്കാട്ടുള്ള സ്ഥാപനവുമായി കരാറുണ്ടാക്കി. ഉയർന്ന തുകയ്ക്ക് രമേശൻ ബാങ്കിൽ നിന്ന് വായ്പയെടുത്തതോടെ സ്ഥാപനം കടക്കെണിയിലായി. അഴിമതി ബോദ്ധ്യപ്പെട്ടതിനെത്തുടർന്ന് രമേശനെ എം.ഡി സ്ഥാനത്ത് നിന്ന് പുറത്താക്കി.ഒന്നും കൊടുക്കാതെ സ്ഥാപനം തട്ടിയെടുക്കാനാണ് രമേശൻ ശ്രമിച്ചത്-ജയരാജൻ പറഞ്ഞു.
റിസോർട്ടിൽ ഇ.പിക്ക് ഓഹരിയില്ലെന്ന്
വൈദേകം റിസോർട്ടിൽ ഇ. പി ജയരാജന്റെ കുടുംബാംഗങ്ങൾക്കുള്ള ഓഹരി എന്ത് ചെയ്യണമെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജയരാജന് അവിടെ ഓഹരിയൊന്നുമില്ല. ഓഹരി തിരിച്ചുകൊടുക്കാൻ പാർട്ടി നിർദ്ദേശിച്ചിട്ടുണ്ടോയെന്ന വാർത്താലേഖകരുടെ ചോദ്യത്തിന്, ഒരു സ്വകാര്യ സ്ഥാപനത്തിൽ പാർട്ടിക്ക് എന്ത് കാര്യമെന്നായിരുന്നു മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |