ആലപ്പുഴ: താൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോൾ അനുമതി നൽകിയ പാലങ്ങൾ ജി. സുധാകരൻ സന്ദർശിച്ചു. സംസ്ഥാനത്ത് നീളംകൂടിയ കായൽ പാലമായ പെരുമ്പളത്തായിരുന്നു സന്ദർശനത്തിന്റെ തുടക്കം. പിന്നാലെ ചേർത്തലയിലെ നെടുമ്പ്രക്കാട്-വിളക്കുമരം, ആലപ്പുഴ നഗരത്തിലെ നാൽപാലം, തോട്ടപ്പള്ളി നാലുചിറ പാലം, പമ്പയാറിന് കുറുകെയുള്ള പടഹാരം തുടങ്ങിയ പാലങ്ങളും സന്ദർശിച്ചു.
കുറേക്കാലമായി നാട്ടുകാർ വിളിക്കുന്നുണ്ടെന്നും തുടങ്ങിവച്ച പല പദ്ധതികളും കാണണമെന്ന് തോന്നിയതു കൊണ്ടാണ് വന്നതെന്നും ജി. സുധാകരൻ പറഞ്ഞു. പാലങ്ങളുടെ നിർമ്മാണ പുരോഗതിയിൽ സംതൃപ്തനാണ്. തുടർഭരണം സാദ്ധ്യമാക്കിയത് പൊതുമരാമത്തുൾപ്പെടെ നടത്തിയ അടിസ്ഥാനവികസനവും ക്ഷേമ പദ്ധതികളുമാണെന്ന് സി.പി.എം രേഖയിലുണ്ട്. മൂന്നാംതവണയും പിണറായി വിജയൻ അധികാരത്തിലെത്തും. ആലപ്പുഴയിലെ ശവക്കോട്ടപ്പാലത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതിൽ പരാതിയില്ല. അന്ന് മന്ത്രി മുഹമ്മദ് റിയാസ് ഫോണിൽ വിളിച്ചിരുന്നു. സൈബറിടങ്ങളിൽ വിമർശനങ്ങൾ ഉന്നയിക്കുന്നവരെ വിളിച്ച് നോബൽ സമ്മാനം നൽകണമെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |