തിരുവനന്തപുരം: പേവിഷബാധയേറ്റ് മരിച്ച ഏഴ് വയസുകാരി നിയ ഫൈസലിന്റെ ഞരമ്പിൽ ആഴത്തിൽ കടിയേറ്റതാകാം വെെറസ് വ്യാപനം വേഗത്തിലാകാൻ കാരണമായതെന്ന് എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എസ് ബിന്ദു. അങ്ങനെയെങ്കിൽ വാക്സിൻ ഉത്പാദിപ്പിക്കുന്ന ആന്റിബോഡി ഫലപ്രദമാകുന്നതിന് മുൻപ് തന്നെ വെെറസ് തലച്ചോറിനെ ബാധിക്കാനും രോഗാവസ്ഥയിലേയ്ക്ക് പോകാനുമുള്ള സാദ്ധ്യതയുണ്ടെന്നും ഡോ. ബിന്ദു വ്യക്തമാക്കി.
തിരുവനന്തപുരം എസ്‌എടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് നിയ ഫൈസൽ മരിച്ചത്. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയാണ് നിയ. ഏപ്രിൽ എട്ടിനായിരുന്നു കുട്ടിക്ക് നായയുടെ കടിയേറ്റത്. 29ന് പനി ബാധിച്ച് ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് എസ്‌എടിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യ മൂന്നു ഡോസ് പ്രതിരോധ വാക്സിൻ എടുത്തിട്ടും കുട്ടി മരിച്ചത് പ്രതിഷേധത്തിന് കാരണമായി. നിയയെ ചികിത്സിച്ച ഡോക്ടർമാർക്കൊപ്പമാണ് എസ്എടി സൂപ്രണ്ട് വാർത്താസമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചത്.
കുട്ടിയുടെ അമ്മ ക്വാറന്റീനിൽ അല്ലെന്നും ഡോക്ടർമാർ പറഞ്ഞു. ഞരമ്പിലൂടെ തലച്ചോറിലേക്കും നട്ടെല്ലിലേക്കും എത്തുന്നതാണ് റാബിസ് വെെറസ്. ഞരമ്പിൽ നായയുടെ കടിയേറ്റാൽ പെട്ടെന്ന് തന്നെ വെെറസ് വ്യാപനം സംഭവിക്കും. വാക്സീൻ എടുത്താലും അത് പ്രവർത്തിക്കാൻ സമയമെടുക്കും. ഞരമ്പിൽ കടിയേൽക്കുക എന്നത് അപൂർവമായാണ് സംഭവിക്കുന്നത്. മരിച്ച നിയയ്ക്ക് കയ്യിലെ ഞരമ്പിന്റെ സാന്ദ്രത കൂടിയ ഭാഗത്ത് കടിയേറ്റ് ആഴത്തിൽ മുറിവുണ്ടായത്.
നായയുടെ പല്ല് നേരിട്ട് ഞരമ്പിൽ പതിച്ചാൽ വാക്സീൻ കൊണ്ടുള്ള ആന്റി ബോഡിക്ക് വെെറസിനെ തടയാൻ കഴിയില്ല. വാക്സിൻ ഫലപ്രദമല്ലെന്ന് പറയുന്നത് ശരിയല്ല. വാക്സീന്റെ ആന്റിബോഡിക്ക് വെെറസിനെ നിർവീര്യമാക്കാൻ കഴിയുന്നതിന് മുൻപ് തന്നെ വെെറസ് ഞരമ്പിൽ കയറിക്കഴിഞ്ഞാൽ ഇത്തരം സാഹചര്യം ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും ഡോക്ടർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |