
കോട്ടയം: കേരള കോൺഗ്രസ് എം ഇടതു മുന്നണിയിൽ ഉറച്ചു നിൽക്കും. ഇവിടെ ഞങ്ങൾ ഹാപ്പിയാണ്. യു.ഡി.എഫിലേക്ക് ചാടുമെന്ന അഭ്യൂഹം തള്ളി പാർട്ടി ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. ഇടതു മുന്നണി മദ്ധ്യമേഖല ജാഥാ ക്യാപ്ടനായി ഞാനുണ്ടാകും. ഞങ്ങളെ ഓർത്ത് ആരും കരയേണ്ട. മുന്നണിമാറ്റ ചർച്ചകൾ ചില മാദ്ധ്യമങ്ങളിൽ വന്നതല്ലാതെ എവിടെ നടന്നെന്ന് അറിയില്ല. മുഖ്യമന്ത്രി പങ്കെടുത്ത സമരത്തിൽ പാർട്ടിയുടെ മുഴുവൻ എം.എൽ.എമാരും പങ്കെടുത്തിരുന്നു. പിതാവിന്റെ സുഹൃത്ത് ദുബായിൽ ഐ.സി.യുവിലാണ്. അദ്ദേഹത്തെ കാണാൻ കുടുംബസമേതം പോയതാണ്. അസൗകര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. എവിടെയെങ്കിലും പോകുമ്പോൾ മാദ്ധ്യമങ്ങളെ അറിയിക്കാൻ പറ്റില്ല.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 110 നിയമസഭാ സീറ്റുകളിലായിരുന്നു യു.ഡി.എഫ് മുന്നേറ്റം. തദ്ദേശത്തിൽ 80 സീറ്റായി കുറഞ്ഞു. ഞങ്ങൾക്ക് സീറ്റ് കുറവൊന്നും ഉണ്ടായിട്ടില്ല. പിന്നെ എന്തിന് മുന്നണി മാറണം. ഞങ്ങളുടെ ശക്തി മനസിലാക്കിയായിരിക്കാം പലരും ചർച്ച നടത്തുന്നത്. എന്നാൽ മുന്നണി മാറ്റ ചർച്ചകൾക്ക് പ്രസക്തിയില്ല. കേരള കോൺഗ്രസ് അഞ്ച് വർഷം മുമ്പ് എടുത്ത നിലപാടിന് ഒരു മാറ്റവും വന്നിട്ടില്ല. എവിടെയെങ്കിലും നിലപാടിൽ വെള്ളം ചേർത്തതായി കാണാൻ കഴിയുമോ.
ഞങ്ങളെ യു.ഡി.എഫ് പുറത്താക്കുകയായിരുന്നു. ഞങ്ങളുടെ ആവശ്യങ്ങളെല്ലാം എൽ.ഡി.എഫ് അംഗീകരിച്ചു. ക്രൈസ്തവ സഭയുടെ സമ്മർദ്ദത്തെക്കുറിച്ച് അറിയില്ല. കേരള കോൺഗ്രസിന് ഒരു നിലപാടെയുള്ളൂ. അത് ഇടതുപക്ഷത്തിനൊപ്പമാണെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. എല്ലാ ദിവസവും ഇത് പറയാൻ പറ്റുമോ.
പാർട്ടിയിൽ ഭിന്നതയില്ല
മുന്നണി മാറ്റം സംബന്ധിച്ച് പാർട്ടിയിൽ ഒരു ഭിന്നതയുമില്ലെന്ന് ജോസ് കെ. മാണി പറഞ്ഞു. പാർട്ടി ഒരു തീരുമാനമെടുത്താൽ അഞ്ച് എം.എൽ.എമാരും കൂടെ നിൽക്കും. കേരള കോൺഗ്രസ് എം ഇന്ത്യ മുന്നണിയുടെ ഭാഗമായതിനാൽ സോണിയാ ഗാന്ധി ദേശീയ വിഷയം ചർച്ച ചെയ്യാൻ വിളിച്ചാൽ പോകും.
വാക്കിൽ മാണി ഗ്രൂപ്പ് ഇടതിനൊപ്പം, നോക്കിൽ വലത്തേക്കെന്ന ഭാവം
'കേരള കോൺഗ്രസ് (എം) എവിടെ ഉണ്ടാകുമോ, അവിടെ ഭരണവുമുണ്ടാകുമെന്ന ' ചെയർമാൻ ജോസ് കെ. മാണിയുടെ പരാമർശത്തിന് പല അർത്ഥതലങ്ങൾ. ഇടതുമുന്നണിയിൽ ഉറച്ചു നിൽക്കുമെന്ന് ആവർത്തിക്കുമ്പോഴും 'പലയിടങ്ങളിൽ നിന്ന് ക്ഷണമുണ്ടെന്നും, മുന്നണി മാറ്റ ചർച്ച തങ്ങളായിട്ട് നടത്തിയിട്ടില്ലെന്ന് ' പറഞ്ഞുവച്ചതും ശ്രദ്ധേയമാണ്. വാർത്താസമ്മേളനം അറിയിച്ചിരുന്നുവെങ്കിലും പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിലെ വരാന്തയിൽ നിന്ന് മുന്നണി മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ തള്ളി പെട്ടെന്നു മടങ്ങുകയായിരുന്നു ജോസ്. വാർത്താ സമ്മേളനം നടത്തുമെന്ന് അറിഞ്ഞ് മന്ത്രി വി.എൻ.വാസവൻ അടക്കം ബന്ധപ്പെട്ടതായറിയുന്നു. ഇടതുമുന്നണിയിൽ ഉറച്ചു നിൽക്കുമെന്ന പ്രഖ്യാപനത്തിന് പിറകേ കെ.എം.മാണി ഫൗണ്ടേഷന് തിരുവനന്തപുരത്ത് 25 സെന്റ് സ്ഥലം അനുവദിച്ചുള്ള മന്ത്രിസഭ തീരുമാനവുമെത്തി.
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള എൽ.ഡിഎഫ് സമരത്തിൽ ജോസ് പങ്കെടുക്കാതിരുന്നത് വാർത്തയായിരുന്നു. പിന്നാലെ ഇടതുമുന്നണിയുടെ മദ്ധ്യമേഖലാജാഥ നയിക്കാൻ ജോസില്ലെന്ന പ്രചാരണമുണ്ടായി. ഇതിനിടെ സോണിയാഗാന്ധി ഫോൺ വിളിച്ച് യു.ഡി.എഫിലേക്ക് ക്ഷണിച്ചെന്നും, കേരള കോൺഗ്രസ് (എം) ഇടതുമുന്നണി വിടുമെന്നും അഭ്യൂഹം ശക്തമായി. 'തുടരും' എന്ന് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിനും, പ്രമോദ് നാരായണൻ എം.എൽ.എയും ഫേസ്ബുക്കിൽ ഇടതുഅനുകൂല പോസ്റ്റിട്ടതോടെ മാണിഗ്രൂപ്പിൽ പിളർപ്പെന്നും പ്രചരിച്ചു. ദുബായിലായിരുന്ന ജോസ് ഇത് തള്ളി ഫേസ് ബുക്ക് കുറിപ്പിട്ടെങ്കിലും ചില തിരുത്തലുകൾ വരുത്തിയതും വ്യാഖ്യാനങ്ങൾക്ക് ഇടനൽകി. ' ജറുസലേമിലെ സഹോദരിമാരെ എന്നെയോർത്ത് കരയണ്ട, നിങ്ങളെയും നിങ്ങളുടെ മക്കളെയും ഓർത്ത് വിലപിക്കൂ എന്ന ബൈബിൾ വചനം മാദ്ധ്യമ പ്രവർത്തകരോട് ജോസ് പറഞ്ഞപ്പോൾ, മുന്നണി മാറ്റ ചർച്ചകൾക്കിടയിൽ കെ.എംമാണി പറയാറുള്ള ബൈബിൾ വാക്യങ്ങളാണ് പലരുടെയും ഓർമ്മയിൽ വന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |