
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരൻ. രാഹുലിനെ സസ്പെൻഡ് ചെയ്യുമ്പോൾ പാർട്ടിക്ക് രേഖാമൂലമുള്ള പരാതി ലഭിച്ചിരുന്നില്ല. ഇപ്പോൾ സർക്കാരിനും പാർട്ടിക്കും പരാതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
രാഹുലുമായുള്ള ബന്ധം കോൺഗ്രസ് വിച്ഛേദിച്ചുകഴിഞ്ഞു. പുകഞ്ഞ കൊള്ളിയോട് സ്നേഹമുള്ളവർക്കും പാർട്ടിക്ക് പുറത്തുപോകാം. പൊക്കിൾക്കൊടി ബന്ധം വിച്ഛേദിച്ച് കഴിഞ്ഞാൽ പാർട്ടിക്ക് ഒരു ഉത്തരവാദിത്വവുമില്ല. രാഹുൽ എം.എൽ.എ സ്ഥാനത്ത് തുടരണമോ വേണ്ടയോ എന്നത് സ്പീക്കറാണ് തീരുമാനിക്കേണ്ടത്. പാർട്ടി രാഹുലിനെ ഏല്പിച്ചത് ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനാണ്, അല്ലാതെ മതിൽ ചാടാനല്ല. ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്നവർക്ക് ഇമ്മാതിരി പ്രവർത്തി ചെയ്യാൻ കഴിയില്ലെന്നും മുരളീധരൻ പറഞ്ഞു.
ഉചിതമായ സമയത്ത് തീരുമാനം: സതീശൻ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതിയിൽ ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് സ്വീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പരാതി പോലും ഇല്ലാത്ത സമയത്താണ് രാഹുലിനെ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രിക്ക് ആദ്യം ലഭിച്ച പരാതിയുടെ കോപ്പി നേതൃത്വത്തിന് കിട്ടിയിരുന്നു.
തിങ്കളാഴ്ച കിട്ടിയ പരാതി കെ.പി.സി.സി അദ്ധ്യക്ഷൻ ഡി.ജി.പിക്ക് കൈമാറി. ഇതുവരെ ഒരു രാഷ്ട്രീയ പാർട്ടിയും സ്വീകരിക്കാത്ത നടപടിയാണത്. പാർട്ടി പ്രതിരോധത്തിലായിട്ടില്ല. നടപടി എടുത്തില്ലായിരുന്നെങ്കിൽ പ്രതിരോധത്തിൽ ആയേനെ.
കോൺഗ്രസ് കേരളത്തിൽ ചെയ്തതുപോലെ രാജ്യത്ത് ഏതെങ്കിലും പാർട്ടി ചെയ്തിട്ടുണ്ടോ. മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും എം.വി.ഗോവിന്ദന്റെയും കൈയിൽ ഇത്തരത്തിലുള്ള എത്രയോ പരാതികൾ കിട്ടിയിട്ടുണ്ട്. ഒരു പരാതിപോലും പൊലീസിന് കൈമാറാതെ പാർട്ടി തന്നെ കോടതിയായി തീരുമാനമെടുത്തു.
ശബരിമലയിലെ കൊള്ള അന്തരീക്ഷത്തിൽ നിന്ന് പോകുന്നതിനു വേണ്ടിയാണ് ഈ വിഷയത്തെ കുറിച്ച് സി.പി.എം പറയുന്നത്. റേപ്പ് കേസിലെ പ്രതിയെ ഒപ്പം നിറുത്തിക്കൊണ്ടാണ് സി.പി.എം വലിയ വർത്തമാനം പറയുന്നത്.
കോൺഗ്രസിൽ മാഫിയാ സംഘം: ബിനോയ് വിശ്വം
നേതാക്കളെ നിശബ്ദരാക്കി സംസ്ഥാനത്തെ കോൺഗ്രസിൽ മാഫിയാസംഘം ശക്തിപ്പെട്ടതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കറുത്ത പണം നൽകുന്ന സാമ്പത്തിക പ്രമാണിമാരാണ് ഇവരെ വളർത്തുന്നത്. അഭിപ്രായം പറയുന്നവർക്കെതിരെ ഈ സംഘം തിരിയും. മൗനം പാലിക്കാതെ നേതാക്കൾ ഇതിനെതിരെ പോരാടണം. രാഹുൽ മാങ്കൂട്ടത്തിലെന്ന പുകഞ്ഞ കൊള്ളി പുറത്താണെന്ന് കോൺഗ്രസ് നേതാക്കൾ പറയുമ്പോഴും ഈ പുകഞ്ഞ കൊള്ളിയെ സ്നേഹിക്കുന്നവർ പുറത്തുണ്ട്. ആർ.എസ്.എസ് കാഴ്ചപ്പാടുള്ള വിദ്യാഭ്യാസ നയത്തിനുള്ള ഫണ്ട് സ്വീകരിക്കുന്നത് ഭാവിതലമുറയെ ബാധിക്കുമെന്നതിനാലാണ് എതിർത്തതെന്നും പറഞ്ഞു.
മാങ്കൂട്ടത്തിലിനെതിരായ നടപടി സംസ്ഥാനത്ത് തീരുമാനിക്കും
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി വേണുഗോപാൽ പറഞ്ഞു.മറ്റൊരു പാർട്ടിയും സ്വീകരിക്കാത്ത ശക്തമായ നടപടി കോൺഗ്രസ് സ്വീകരിച്ചിട്ടുണ്ട്. പദവികളിൽ നിന്ന് മാറ്റുകയും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം പരാതി ലഭിച്ചപ്പോൾത്തന്നെ കെ.പി.സിസി അദ്ധ്യക്ഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി. സമാന വിഷയങ്ങളിൽ സി.പി.എമ്മും ബി.ജെ.പിയും എന്തുനടപടിയെടുത്തുവെന്നും വേണുഗോപാൽ ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |