
വീണ്ടും പോറ്റി-കടകംപള്ളി ഫോട്ടോ
തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസിൽ മുൻദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. പത്തനംതിട്ട എം. പി ആന്റോ ആന്റണിയെ ചോദ്യം ചെയ്യാനും നീക്കം തുടങ്ങി. ഇതിനിടെ, മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള കടകംപള്ളി സുരേന്ദ്രന്റെ മറ്റൊരു ഫോട്ടോയും പുറത്തുവന്നു.
രാഷ്ട്രീയ ബന്ധങ്ങൾ സ്വർണകൊള്ളയ്ക്കായി പോറ്റി ഉപയോഗിച്ചിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കടകംപള്ളിക്ക് പോറ്റിയുമായുള്ള ബന്ധത്തിൽ കൂടുതൽ വ്യക്തത വരുത്തണം. ഇതു കൂടി ഉൾപ്പെടുത്തിയാകും കുറ്റപത്രം നൽകുക.
ശബരിമലയിലെ സ്‌പോൺസർ എന്ന പരിചയം മാത്രമേ പോറ്റിയുമായുള്ളൂ എന്നാണ് നേരത്തേ ചോദ്യം ചെയ്തപ്പോൾ കടകംപള്ളി മൊഴി കൊടുത്തത്. ഒരിക്കൽ മാത്രമേ പോറ്റിയുടെ വസതിയിൽ പോയിട്ടുള്ളൂവെന്നും പറഞ്ഞിരുന്നു. നിരവധി തവണ കടകംപള്ളിയെ പോറ്റിയുടെ പുളിമാത്തുള്ള വസതിയിൽ കണ്ടിരുന്നതായി അയൽവാസിയായ വിക്രമൻ നായർ മൊഴി നൽകിയിട്ടുണ്ട്.ഇതിനിടെയാണ് പുതിയ ചിത്രം പുറത്തുവന്നത്. അടുത്ത ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് ചിത്രം. പോറ്റിയുടെ അമ്മാവന്റെ മകൾ പരീക്ഷയിൽ മികച്ച വിജയം നേടിയിരുന്നു. കടകംപള്ളി വീട്ടിൽവന്ന സമയത്ത് കുട്ടിക്കു സമ്മാനം നൽകുന്ന ദൃശ്യമാണ്. പോറ്റിയുടെ വീടുതന്നെയാണെന്ന് വ്യക്തമാണ്. ഒരു കുട്ടിക്ക് മൊമന്റോ നൽകുന്ന ചിത്രമാണെന്നും എവിടെവച്ചാണ് സമ്മാനം നൽകിയതെന്ന് കുട്ടിയോട് ചോദിക്കണമെന്നാണ് കടകംപള്ളിയുടെ പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |