കൊച്ചി: കേരള ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ മൂന്ന് അഭിഭാഷകരുടെ പേരുകൾ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സർക്കാരിനോട് വീണ്ടും ശുപാർശ ചെയ്തു. ഹൈക്കോടതി അഭിഭാഷകരായ ശോഭ അന്നമ്മ ഈപ്പൻ, സഞ്ജീത കല്ലൂർ അറയ്ക്കൽ, അരവിന്ദ് കുമാർ ബാബു എന്നിവരുടെ പേരുകളാണ് ശുപാർശ ചെയ്തത്. അഡ്വ. ശോഭയും അഡ്വ. സഞ്ജീതയും ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സീനിയർ ഗവ. പ്ളീഡർമാരായിരുന്നു. അഡ്വ. അരവിന്ദ് കുമാർ, വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ കാലത്തും ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും സീനിയർ ഗവ. പ്ളീഡറായിരുന്നു. കഴിഞ്ഞ സെപ്തംബറിൽ ഇവരുൾപ്പെടെ എട്ടു പേരെ ജഡ്ജിമാരായി നിയമിക്കാൻ കൊളീജിയം ശുപാർശ നൽകിയിരുന്നു. ഇവരിൽ മറ്റു അഞ്ചു പേരെയും ഹൈക്കോടതി ജഡ്ജിമാരായി നിയമിച്ചു. ഇതിനു പിന്നാലെയാണ് ശോഭ, സഞ്ജീത, അരവിന്ദ് കുമാർ എന്നിവരെ ജഡ്ജിമാരായി നിയമിക്കാൻ കൊളിജീയം വീണ്ടും ശുപാർശ നൽകിയത്. കേന്ദ്ര സർക്കാരാണ് ഇക്കാര്യത്തിൽ ഇനി തീരുമാനം എടുക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |