SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.33 PM IST

ശബരിമല സ്വർണക്കൊള്ള: എൻ. വാസുവിനും സ്വാഭാവിക ജാമ്യം

Increase Font Size Decrease Font Size Print Page
n-vasu

കൊല്ലം∙ ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി​ സ്വർണം അപഹരിച്ച കേസിൽ മൂന്നാം പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കമ്മിഷണറുമായ എൻ. വാസുവിന് കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ് മോഹിത് സ്വാഭാവി​ക ജാമ്യം അനുവദിച്ചു. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണിത്.

ഇതേകാരണത്താൽ ജാമ്യം നേടി ജയിൽ മോചിതനാകുന്ന അഞ്ചാമത്തെയാളാണ് വാസു.

രണ്ട് ലക്ഷം രൂപ വീതമുള്ള രണ്ട് ആൾ ജാമ്യത്തിലാണ് ജാമ്യം. ചൊവ്വ, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ ഹാജരാകണം. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, അനുമതിയില്ലാതെ കേരളത്തിന് പുറത്ത് പോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, മാദ്ധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയവയാണ് മറ്റ് ജാമ്യ ഉപാധികൾ.

നവംബർ 11ന് അറസ്റ്റിലായ വാസു സുപ്രീം കോടതിയെ വരെ സമീപിച്ചെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല.

ദ്വാരപാലക പാളി കേസിൽ പ്രതിയല്ല. ശ്രീകോവിലിലെ കട്ടിളപ്പാളി സ്വർണം പൂശാനായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള ഫയലിൽ സ്വർണപ്പാളി എന്നതിന് പകരം ചെമ്പെന്ന് രേഖപ്പെടുത്തി, ദ്വാരപാലക ശില്പങ്ങളിലും കട്ടിളപ്പാളിയിലും പൂശിയ ശേഷം അധികം വന്ന സ്വർണം നിർദ്ധന യുവതിയുടെ വിവാഹത്തിന് ഉപയോഗിക്കണമെന്ന പോറ്റിയുടെ കത്തിൽ കണ്ണടച്ചു തുടങ്ങിയ കുറ്റങ്ങളാണ് വാസുവിനെതിരെ എസ്.ഐ.ടി ചുമത്തിയിരിക്കുന്നത്.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജനും എൻ. വാസുവിന് വേണ്ടി അഡ്വ. മങ്ങാട് സി.എസ്. സുനിലും ഹാജരായി. ജാമ്യം നേടി ആദ്യം പുറത്തിറങ്ങിയത് ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവാണ്. തുടർന്ന് മുൻ എക്സിക്യൂട്ടീവ് ഓഫിസർ എസ്. ശ്രീകുമാർ, ശബരിമലയിലെ എക്സിക്യുട്ടിവ് ഓഫീസറായിരുന്ന ഡി. സുധീഷ് കുമാർ, മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി എന്നിവർ റിമാൻഡിൽ 90 ദിവസം പൂർത്തിയാക്കിയ മുറയ്ക്ക് മോചിതരായി.

സ്വാഭാവിക ജാമ്യത്തിനായി മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജു സമർപ്പിച്ച ഹർജിയിൽ ഇന്ന് വിധി പറയും. ബൈജുവിനെയും , അപഹരിച്ച സ്വർണം വേർതിരിച്ച സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, സ്വർണം വാങ്ങിയ ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവർദ്ധൻ എന്നിവരെയും ഇന്നലെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് നീട്ടി.

TAGS: N VASU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY