തിരുവനന്തപുരം: ലോക്കപ്പ് മർദ്ദനമടക്കമുള്ള പൊലീസ് ക്രൂരതകൾ എണ്ണിയെണ്ണി നിയമസഭയിൽ വിവരിച്ച പ്രതിപക്ഷത്തെ യു.ഡി.എഫ് കാലത്തെ മർദ്ദനങ്ങളെ ഓർമ്മിപ്പിച്ച് തിരിച്ചടിച്ച് ഭരണപക്ഷം. പൊലീസ് ക്രൂരതകൾ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയമായി പരിണമിച്ചപ്പോഴാണ് ശക്തമായ വാഗ്വാദവുമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മിലുള്ള രൂക്ഷ വാക്പോരിലും അത് കലാശിച്ചു.
തെറ്റുചെയ്യുന്ന പൊലീസുകാർക്കെതിരെ കർക്കശമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന്റെ ക്രൂരമർദ്ദനങ്ങളെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണെന്ന് സതീശൻ തിരിച്ചടിച്ചു.
അതിനിടെ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ കസ്റ്റഡിയിൽ മർദ്ദിച്ച പൊലീസുകാരെ പിരിച്ചുവിടുംവരെ നിയമസഭാകവാടത്തിൽ പ്രതിപക്ഷം അനിശ്ചിതകാല സത്യഗ്രഹസമരം തുടങ്ങി. കോൺഗ്രസിലെ സനീഷ് കുമാർ ജോസഫ്, മുസ്ലീംലീഗിലെ എ.കെ.എം. അഷ്റഫ് എന്നിവരാണ് സത്യഗ്രഹമിരിക്കുന്നത്.
കോൺഗ്രസിലെ റോജി എം. ജോൺ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിൽ സ്പീക്കർ ചർച്ച അനുവദിക്കുകയായിരുന്നു. ഉച്ചയ്ക്ക് 12 മുതൽ മൂന്നുവരെയായിരുന്നു ചർച്ച. കുന്നംകുളം സംഭവത്തിൽ എസ്.ഐ, 4 സി.പി.ഒമാർ എന്നിവരെ സസ്പെൻഡ് ചെയ്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ എടുത്ത ഇവരുടെ രണ്ടുവർഷത്തെ വേതനവർദ്ധന തടഞ്ഞുള്ള അച്ചടക്കനടപടി പുനഃപരിശോധിച്ച് മറ്റുതീരുമാനങ്ങളുണ്ടാവുമെന്നും വ്യക്തമാക്കി. പൊലീസ് മർദ്ദനങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ അറിയിക്കുന്നില്ലെങ്കിൽ ഇന്റലിജൻസ് പിരിച്ചുവിടണമെന്ന് വി.ഡി.സതീശൻ പറഞ്ഞു. അല്ലെങ്കിൽ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണം.
ഇത് സ്റ്റാലിന്റെ റഷ്യയല്ല: വി.ഡി. സതീശൻ
1.ഇത് രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കിയ സ്റ്റാലിന്റെ റഷ്യയല്ല. ജനാധിപത്യ കേരളമാണ്. സ്റ്റാലിൻ ചമയാൻ ശ്രമിച്ചാൽ മുഖ്യമന്ത്രിയെ ചോദ്യംചെയ്യും.
2.വല്ലവന്റെയും മക്കളെ തല്ലിച്ചതച്ചിട്ട് നാണമില്ലാതെ ന്യായീകരിക്കുകയാണ്. കരിക്കും പെപ്പർ സ്‌പ്രേയും എന്നാണ് പൊലീസിന്റെ ആയുധമാക്കിയത്. പൊലീസുകാർ ആക്ഷൻ ഹീറോ ബിജുവാണോ
3.ഡി.വൈ.എഫ്.ഐ നേതാവിനെ തല്ലിക്കൊന്നിട്ട് നടപടിയെടുക്കാത്ത മുഖ്യമന്ത്രിയാണോ യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയിൽ നടപടിയെടുക്കുന്നത്
4.മർദ്ദനവിവരങ്ങൾ പുറത്തുവന്നിട്ടും മുഖ്യമന്ത്രി പൊതുസമൂഹത്തോടു മറുപടി പറയാൻ തയ്യാറല്ല. കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ ഏതെങ്കിലുമൊരു മുഖ്യമന്ത്രി ഇതുപോലെ മിണ്ടാതിരുന്നിട്ടുണ്ടോ
5.സ്കോട്ട്ലാൻഡ് യാർഡിനെ വെല്ലുന്ന പൊലീസായിരുന്നു. അതില്ലാതാക്കി. അങ്ങയുടെ (മുഖ്യമന്ത്രിയോട്) കസേരയിലൊരു കോൺഗ്രസ് നേതാവായിരുന്നെങ്കിൽ ഇത്തരം സംഭവമുണ്ടാവുമായിരുന്നില്ല.
ജീവിക്കുന്നത് സ്റ്റാലിന്റെ റഷ്യയിലല്ല: മുഖ്യമന്ത്രി
1.ചെറുപ്പംമുതൽ താൻ ജീവിക്കുന്നത് സ്റ്റാലിന്റെ റഷ്യയിലല്ല. നെഹ്റുവിന്റെ കോൺഗ്രസ് ഭരണത്തിലാണ് തനിക്കുനേരേ അതിക്രമമുണ്ടായത്.
2.അന്ന് കമ്യൂണിസ്റ്റുകാരെ എത്ര ക്രൂരമായാണ് വേട്ടയാടിയിരുന്നത്. അത് സ്റ്റാലിനെ അനുകരിച്ചുകൊണ്ടാണോ എന്നറിയില്ല. കുറുവടിപ്പടയും പൊലീസും ചേർന്നാണ് കമ്യൂണിസ്റ്റുകാരെ തിരഞ്ഞുപോയി പീഡിപ്പിച്ചിരുന്നത്. അതിനൊക്കെ മാറ്റംവന്നത് 1957ൽ ഇടതു സർക്കാർ അധികാരത്തിൽ വന്നപ്പോഴാണ്
3.തല്ലിച്ചതയ്ക്കാനും വെടിവച്ച് കൊല്ലാനുമുള്ള സേനയാണ് പൊലീസ് എന്ന മനോഭാവത്തിലാണ് യു.ഡി.എഫ് കൈകാര്യം ചെയ്തിരുന്നത്. അതുപോലയല്ല ഞങ്ങൾ. പൊലീസിനു ജനോന്മുഖ ഭാവം വന്നിരിക്കുന്നു.
4.അതിക്രമം എവിടെയുണ്ടായാലും സംരക്ഷണമുണ്ടാവില്ല. കർശന നടപടിയെടുക്കും. ഒരാളുടെ കുറ്റത്താൽ പൊലീസിന്റെയാകെ മികവ് ഇടിഞ്ഞെന്ന് പറയാനാവുമോ
5.കുറ്രമറ്റരീതിയിലാണ് പൊലീസ് മുന്നേറുന്നത്. ഏതെങ്കിലും ചിലയാളുകൾ തെറ്റായ കാര്യങ്ങൾ ചെയ്താൽ സംരക്ഷിക്കേണ്ട ബാദ്ധ്യത സർക്കാരിനില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |