കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ നിലവിലെ ദേവസ്വം പ്രഡിഡന്റും തിരുവാഭരണ കമ്മിഷണറുമടക്കം കുരുങ്ങും. 2019ലെ സ്വർണമോഷണം മറയ്‌ക്കാനാകണം 2025ലും ദ്വാരപാലക ശില്പങ്ങളുടെ അറ്റകുറ്റപ്പണി ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കാൻ ദേവസ്വം ബോർഡ് ഉത്സാഹം കാട്ടിയതെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു.
ശബരിമല സ്വർണക്കൊള്ളയ്‌ക്കു പിന്നിലെ വിപുലമായ ഗൂഢാലോചന കണ്ടെത്തണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിർദ്ദേശവും നൽകി. നിലവിൽ ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തും തിരുവാഭരണം കമ്മിഷണർ റജിലാലുമാണ്. സ്‌പെഷ്യൽ കമ്മിഷണർ ആർ. ജയകൃഷ്ണനാണ് വിഷയം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്.
കവർച്ചയിൽ പങ്കുള്ള ഓരോ ദേവസ്വം ഉദ്യോഗസ്ഥനെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തലപ്പത്തുനിന്ന് താഴേക്ക് പങ്കുള്ള ഓരോരുത്തരിലേക്കും അന്വേഷണം എത്തണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു. ദേവസ്വം ബോർഡ് മിനിട്ട്സ് പിടിച്ചെടുക്കാനും ഉത്തരവിട്ടു. നേരത്തെ പ്രസിദ്ധീകരിച്ച മുൻഗണനാക്രമത്തിൽ മാറ്റം വരുത്തി ആദ്യ കേസായാണ് സ്വർണക്കൊള്ള ഇന്നലെ കോടതി പരിഗണിച്ചത്.
1998-99ൽ ശ്രീകോവിലിലടക്കം പൊതിഞ്ഞത് 30.291 കിലോ സ്വർണം കൊണ്ടാണ്. 2019ൽ ചെമ്പുപാളികൾ എന്ന വ്യാജേന അത് പോറ്റിക്ക് കൈമാറി. ഉദ്യോഗസ്ഥർ അനുഗമിച്ചില്ല. തിരിച്ചെത്തിച്ചപ്പോൾ തൂക്കമടക്കം രേഖപ്പെടുത്തിയില്ല. 474.9 ഗ്രാം സ്വർണമാണ് അന്ന് കുറവുവന്നത്. പോറ്റിയുടെ ഇ-മെയിലിൽ സൂചനയുണ്ടായിട്ടും വീണ്ടെടുക്കാൻ ആരും ശ്രമിക്കാത്തത് ബോധപൂർവമാണ്. വലിയ ഗൂഢാലോചന നടന്നുവെന്നു വേണം കരുതാൻ. മറ്റുള്ളവരെ പഴിപറഞ്ഞ് തലയൂരാൻ ആർക്കും ആവില്ലെന്നും ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.
ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണം
2019ൽ ദ്വാരപാലക ശില്പങ്ങളിൽ നിന്നും കട്ടിളയിൽ നിന്നും സ്വർണം കാണാതായതിൽ രണ്ട് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അന്വേഷണ വിവരങ്ങളുടെ രഹസ്യസ്വഭാവം നിലനിറുത്താൻ അടച്ചിട്ട കോടതി മുറിയിലാണ് ഇന്നലെ വാദം നടന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ എസ്.പി എസ്. ശശിധരൻ മുദ്രവച്ച കവറിൽ അന്വേഷണ റിപ്പോർട്ട് നൽകി. സർക്കാർ അഭിഭാഷകരെയടക്കം പുറത്തുനിറുത്തി, അടുത്ത തവണയും രഹസ്യവാദമായിരിക്കും. ഹർജി വീണ്ടും പരിഗണിക്കുന്ന നവംബർ 5ന് അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ നേരിട്ട് ഹാജരാകണം.
തട്ടിപ്പിന്റെ അണിയറ?
2025ലെ ഇടപാടിന് തിരുവാഭരണം കമ്മിഷണർ റജിലാൽ ആദ്യം വിയോജിപ്പ് അറിയിച്ചിരുന്നു. സന്നിധാനത്തുവച്ച് പരമ്പരാഗത രീതിയിൽ അറ്റകുറ്റപ്പണി നടത്തണമെന്നായിരുന്നു നിലപാട്. പിന്നീട് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം അദ്ദേഹം ഉണ്ണികൃഷ്ണൻ പോറ്റിയുമായി സംസാരിച്ചു. ഇതിനുശേഷം പോറ്റിക്ക് പാളികൾ കൈമാറാൻ കൂട്ടുനിന്നു. 2024ൽ ദ്വാരപാലകർക്കും പീഠങ്ങൾക്കും നിറംമങ്ങിയത് തിരുവാഭരണം കമ്മിഷണറും ദേവസ്വം സ്മിത്തും വിലയിരുത്തി. എന്നാൽ, ടെൻഡർ വിളിക്കാതെയും വിദഗ്ദ്ധാഭിപ്രായം തേടാതെയും പോറ്റിയെത്തന്നെ 2025ൽ അറ്റകുറ്റപ്പണി ഏൽപിച്ചു. 40 വർഷത്തെ വാറന്റിയുടെ കാര്യമൊന്നും കണക്കിലെടുത്തില്ല. ഇത് മുൻ സ്വർണമോഷണം മറച്ചുവയ്ക്കാനുള്ള ശ്രമമായാണ് കണക്കാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |