തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആലുവ നെട്ടൂരിലെ തറവാട്ട് വീട്ടിലാണ് ബന്ധുക്കൾക്കൊപ്പം ഓണം ആഘോഷിക്കുന്നത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഓണം ആഘോഷിക്കുന്നത് കോഴിക്കോട് ഉള്ളേരിയിലെ കുടുംബവീട്ടിലാണ്.
സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും ഭാര്യ മന്ത്രി ആർ.ബിന്ദുവും ഓണം ആഘോഷിക്കാൻ കഴിഞ്ഞ ദിവസം തൃശൂരിലേക്ക് പോയി. തൃശൂർ കേരളവർമ്മ കോളേജിനടുത്തുള്ള വീട്ടിലാണ് ഓണാഘോഷം. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാഴൂർ കാനത്തെ കുടുംബ വീട്ടിലാണ് ഓണം ആഘോഷിക്കുന്നത്. ശശി തരൂർ എം.പി പാലക്കാട് എലവഞ്ചേരിക്കടുത്തെ അദ്ദേഹത്തിന്റെ മുണ്ടാരത്ത് തറവാട്ടിലാണ് വർഷങ്ങൾക്ക് ശേഷം ഓണം ആഘോഷിക്കുന്നത്. ഉത്രാടദിവസത്തെ പുത്തരിഊണിനും തരൂർ നേതൃത്വം നൽകി.
മമ്മൂട്ടിയും മോഹൻലാലും ദുബായിൽ
മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഓണം ഇക്കുറി ദുബായിലാണ്. യു.എ.ഇയുടെ ഗോൾഡൻ വിസ ഏറ്റുവാങ്ങാൻ ഇരുവരും കഴിഞ്ഞ ദിവസം ദുബായിലേക്ക് പോയിരുന്നു. മഞ്ജുവാര്യർ മുംബയിലെ ഫ്ലാറ്റിലാണ് ഓണം ആഘോഷിക്കുന്നത്. സ്വകാര്യ ആവശ്യത്തിനായി മുംബയിലെത്തിയ മഞ്ജു, ബോളിവുഡിലെ അരങ്ങേറ്റ ചിത്രമായ 'അമേരിക്കി പണ്ഡിറ്റ്" തുടങ്ങുന്നത് കാത്തിരിക്കുകയാണ്. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, ഫഹദ് ഫാസിൽ എന്നിവർക്ക് ഹൈദരാബാദിലാണ് ഓണം. മൂവരും വ്യത്യസ്ത സിനിമകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |