തിരുവനന്തപുരം: കെ സുധാകരൻ വീണ്ടും കെപിസിസി പ്രസിഡന്റായി ചുമതലയേറ്റെടുത്തു. എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സുധാകരൻ സ്ഥാനമേറ്റെടുക്കാൻ എത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിലെ സ്ഥാനാർത്ഥിയായതിന് പിന്നാലെ എം എം ഹസൻ ആയിരുന്നു പ്രസിഡന്റിന്റെ താൽക്കാലിക ചുമതല . ചുമതലയേറ്റതിന് പിന്നാലെ ഹസന്റെ നടപടികൾ പുനഃപരിശോധിക്കുമെന്ന് സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിൽ ഹസൻ എത്താതിരുന്നതിലെ അതൃപ്തിയും സുധാകരൻ പങ്കുവച്ചു.
'ഒരു ഉപാധിയുമില്ലാതെയാണ് എഐസിസി എനിക്ക് പദവി തിരിച്ചുനൽകിയത്. പ്രതിപക്ഷനേതാവ് ചടങ്ങിനെത്താത്തത് അദ്ദേഹത്തിന്റെ തിരക്ക് മൂലമായിരിക്കും. എന്നാൽ എം എം ഹസൻ ചടങ്ങിന് എത്തേണ്ടതായിരുന്നു. ഹസൻ എടുത്ത തീരുമാനങ്ങൾ കൂടിയാലോചനകളില്ലാതെയാണ്,' കെ സുധാകരൻ പറഞ്ഞു.
കണ്ണൂർ എം പി ആയ സുധാകരൻ ഇത്തവണയും അവിടെ സ്ഥാനാർത്ഥിയായതോടെയാണ് താൽക്കാലികമായി ചുമതല ഹസന് കൈമാറിയത്. തിരഞ്ഞെടുപ്പിന് ശേഷം കഴിഞ്ഞ നാലിന് ചേർന്ന കെപിസിസി നേതൃയോഗത്തിൽ പദവി തിരികെ നൽകാൻ ഹൈക്കമാൻഡ് അനുമതി നൽകിയില്ല. തിരഞ്ഞെടുപ്പ് പൂർത്തിയാവണമെങ്കിൽ വോട്ടെണ്ണൽ കഴിയണമെന്നും അതിന് ശേഷം ചുമതലയേറ്റാൽ മതിയെന്നും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി അദ്ദേഹത്തെ അറിയിക്കുകയായിരുന്നു.
ഹൈക്കമാൻഡ് തീരുമാനത്തിലെ അതൃപ്തി സുധാകരൻ പരസ്യമായി പ്രകടിപ്പിച്ചില്ല. എന്നാൽ അദ്ദേഹം അപമാനിതനായെന്ന വികാരമായിരുന്നു സുധാകരന്റെ ക്യാമ്പിൽ. തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ നേതാക്കളും സ്ഥാനാർത്ഥികളും സംഘടനാ ദൗർബല്യം അക്കമിട്ട് നിരത്തിയിരുന്നു. ഇങ്ങനെ മുന്നോട്ട് പോകാനാവില്ലെന്നും അവർ വ്യക്തമാക്കി. യോഗശേഷം നേതൃമാറ്റ ചർച്ച സജീവമായതോടെ സുധാകരൻ ഹൈക്കമാൻഡിൽ പരാതി അറിയിച്ചു. അടുപ്പമുള്ള നേതാക്കൾ വഴി സമ്മർദ്ദം ചെലുത്തി. ദേശീയ നേതൃത്വത്തിന്റെ അനുമതി കിട്ടാതെ ഇനി തലസ്ഥാനത്തേക്കില്ലെന്നും തീരുമാനിച്ചു. കെസുധാകരനെ പിണക്കുന്നത് പാർട്ടിക്ക് ഗുണമാവില്ലെന്ന് അദ്ദേഹത്തിന്റെ ക്യാമ്പ് സംസ്ഥാന നേതാക്കളെയും ധരിപ്പിച്ചു. തുടർന്നാണ് ചുമതല തിരികെ നൽകാൻ എഐസിസി സമ്മതിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |