ആലപ്പുഴ: കാലവും ചരിത്രവും സാക്ഷിയായി നിൽക്കേ വി.എസ്. അച്യുതാനന്ദന്റെ ഭൗതികദേഹം അഗ്നിയിൽ ലയിച്ചു. മണ്ണിന്റെ സ്നേഹവും കരുതലും വിണ്ണോളമുയർത്തിയ സഖാവിനെ പിറന്ന മണ്ണ് നിറകണ്ണീരോടെ ഏറ്റുവാങ്ങി. കേരളം ഇന്നോളം ദർശിച്ചിട്ടില്ലാത്ത ജനസഞ്ചയം പ്രകൃതി തൂവിയ കണ്ണീർമഴയിൽ പ്രിയ നേതാവിന് അന്ത്യാഭിവാദ്യം നൽകി.
രക്തസാക്ഷിസ്മരണകൾ ഇരമ്പുന്ന ആലപ്പുഴ വലിയ ചുടുകാട്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ രാത്രി 9.15 നായിരുന്നു സംസ്കാരം. 30 മണിക്കൂർ നീണ്ട വിലാപയാത്രയ്ക്കൊടുവിൽ പതിനായിരങ്ങളുടെ കണ്ഠങ്ങളിൽ നിന്നുതിർന്ന 'കണ്ണേ കരളേ" വിളികൾ അന്തരീക്ഷത്തിൽ മുഴങ്ങവെ മകൻ വി.എ. അരുൺ കുമാർ ചിതയിലേക്ക് അഗ്നി പകർന്നു. ആലംബം നഷ്ടമായവരുടെ ആർത്തനാദംപോലെ ജനക്കൂട്ടം അലറിവിളിച്ചു , ''ഞങ്ങടെ ചങ്കിലേ റോസാപ്പൂവേ, ഇല്ലാ, ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ...""
ആർത്തലച്ചു പെയ്യുന്ന മഴയെ വകവയ്ക്കാതെ അനുയായികൾ പിന്നെയും ഇൻക്വിലാബ് മുഴക്കി. പ്രിയതമ വസുമതി അച്യുതാനന്ദനും മകൾ വി.വി.ആശയും വിങ്ങിപ്പൊട്ടി.
ചിതയ്ക്കരികിൽ നിന്ന മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബിയും വിങ്ങുന്ന മനസോടെ യാത്രാമൊഴിയേകി. വലിയ ചുടുകാട്ടിലേക്ക് മന്ത്രിമാർക്കും പാർട്ടി നേതാക്കൾക്കും ജനപ്രതിനിധികൾക്കും മാത്രമായിരുന്നു പ്രവേശനം. വി.എസിന്റെ ഭൗതികദേഹം ചിതയിലേക്ക് എടുത്തതോടെ എല്ലാ നിയന്ത്രണങ്ങളും തകർത്ത് ജനക്കൂട്ടം ഇരച്ചുകയറി.
ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിനുശേഷം രാത്രി 8.50 ഓടെയാണ് വിലാപ യാത്ര വലിയചുടുകാട്ടിലേക്ക് എത്തിയത്.
പോരാട്ടനായകന് പ്രകൃതി നൽകുന്ന റെഡ് സല്യൂട്ട് പോലെ മഴ ഉറച്ചുപെയ്തു. കാറ്റ് ചുറ്റിയടിച്ചു. മകൻ അരുൺകുമാറും, മരുമകൻ ഡോ.തങ്കരാജും പാർട്ടി നേതാക്കളും ചേർന്നാണ് ഭൗതിക ശരീരം അടങ്ങിയ പേടകം വാഹനത്തിൽനിന്ന് പുറത്തേക്കെടുത്തത്.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും ജില്ലാക്കമ്മിറ്രി അംഗങ്ങളും ചേർന്ന് ഭൗതികശരീരം ചിതയിലേക്ക് കൊണ്ടുവന്നു. വലിയചുടുകാടിന്റെ പ്രവേശന കവാടത്തിന് ഇടതുവശത്താണ് ചിതയൊരുക്കിയത്. പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകിയതിനുപിന്നാലെ മകൻ വി.എ.അരുൺകുമാർ ചിതയിലേക്ക് അഗ്നി പകർന്നു.
സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വി.എൻ.വാസവൻ, പി.രാജീവ് , മുഹമ്മദ് റിയാസ്, എം.ബി.രാജേഷ്, കെ.രാജൻ, പി.പ്രസാദ്, സജി ചെറിയാൻ, ആർ.ബിന്ദു തുടങ്ങിയവരും പാർട്ടിയുടെ സമുന്നതനേതാക്കളും അന്ത്യാഭിവാദ്യം അർപ്പിച്ചു.
ചങ്കിലേറ്റിയ നേതാവിന്റെ മുഖം അവസാനമായി ഒരു നോക്കു കാണാൻ അപ്പോഴും ജനം തിക്കിത്തിരക്കുകയായിരുന്നു.
വി.എസ് ആധുനിക കേരള സ്രഷ്ടാവ്: പിണറായി
ആലപ്പുഴ: ആധുനിക കേരളത്തിന്റെ സ്രഷ്ടാക്കളായ ചുരുക്കം മഹാരഥന്മാരിൽ പ്രമുഖനായിരുന്നു വി.എസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്കാര ചടങ്ങിന് പിന്നാലെ ആലപ്പുഴ വലിയ ചുടുകാട്ടിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിളക്കമാർന്ന സംഘാടന രീതിയും സംഘാടക മികവും വി.എസിന്റെ സവിശേഷതയായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ പതറാതെ അദ്ദേഹം പാർട്ടിയെ നയിച്ചു.ജീവിതം മുഴുവൻ പോരാട്ടമാക്കിയ നേതാവായിരുന്നു വി.എസ് എന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, സി.പി.എം നേതാവ് എസ്. രാമചന്ദ്രൻപിള്ള, ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങിയവരും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |