ആങ്കറിംഗിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച താരമാണ് മീര അനിൽ. കോമഡി സ്റ്റാർസ് എന്ന പരിപാടിയിൽ അവതാരകയായി എത്തിയതോടെയാണ് തലവര മാറിമറിഞ്ഞതെന്ന് താരം തന്നെ പറഞ്ഞിട്ടുണ്ട്. കലാപരമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബത്തിൽ നിന്നാണ് താൻ വന്നതെന്നും മീര പറയുന്നുണ്ട്. ഇപ്പോഴിതാ ചെറുപ്പത്തിൽ നേരിട്ട ചില അവഗണനകളെക്കുറിച്ച് മീര തുറന്നുപറഞ്ഞിരിക്കുകയാണ്. മലയാളത്തിലെ ഒരു പ്രമുഖ നടനിൽ നിന്നുണ്ടായ മോശം അനുഭവം ഇപ്പോഴും തന്റെ മനസിൽ ഉറങ്ങാത്ത മുറിവ് പോലെ നിലനിൽക്കുകയാണെന്നും അവർ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മീര ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'രഞ്ജിനി ഹരിദാസിനെ കണ്ടുകൊണ്ടാണ് അവതാരക രംഗത്തേക്ക് കടന്നുവന്നത്. ഒരുപാട് നിർണായക തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. ഒരു സാധരണ മലയാള സ്ത്രീയാണ് ഞാൻ. ഒരുപാട് പേരെ സ്വാധീനിക്കാൻ എന്റെ ജോലിക്ക് സാധിക്കുമെന്ന വിശ്വാസമുണ്ട്. ജനങ്ങളോട് ആത്മവിശ്വാസത്തോടെ പറയാൻ കഴിവുണ്ടെങ്കിൽ ആർക്കുവേണമെങ്കിലും മികച്ച അവതാരകയാകാം. ഇന്നത്തെ തലമുറയ്ക്ക് എന്താണ് വേണ്ടതെന്ന് കൃത്യമായി അറിയാം. എന്റെ അച്ഛനോ കുടുംബത്തിലുളളവരോ സിനിമയിൽ നിന്നുളളവരല്ല. കോമഡി സ്റ്റാറിലൂടെയാണ് എന്റെ കരിയർ മാറിമറിഞ്ഞത്.
അതിൽ ആദ്യം മുഖ്യ അവതാരകയായിട്ടല്ല വന്നത്. മത്സരാർത്ഥികളെ പരിചയപ്പെടുത്തുന്ന ജോലി മാത്രമായിരുന്നു എന്റേത്. സ്റ്റേജിന്റെ അടുത്ത് പോലും എന്നെ ഷൂട്ട് ചെയ്തിരുന്നില്ല. പലരും എന്നെ അടിച്ചുതളിക്കാരി ജാനു എന്ന് കളിയാക്കുമായിരുന്നു. പല കാര്യങ്ങളും ആത്മാർത്ഥമായിട്ട് ചെയ്തിട്ടും സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ആടുജീവിതം എന്ന ചിത്രത്തിന്റെ പ്രമോഷൻ ചെയ്തിരുന്നു. അന്ന് വേദിയിൽ സിനിമയുമായി ബന്ധപ്പെട്ടുളള എല്ലാവരും ഉണ്ടായിരുന്നു. അന്ന് മോഹൻലാലിനോട് ഞാൻ ചോദിക്കാൻ പാടില്ലാത്ത കാര്യം ചോദിച്ചെന്ന് പറഞ്ഞ് കടുത്ത വിമർശനങ്ങൾ ഉണ്ടായിരുന്നു.
ചെറുപ്പത്തിൽ പലയിടത്തും നിന്നും അവഗണന ലഭിച്ചിരുന്നു. അത് ലഭിച്ചത് സിനിമാനടനായ ജഗൻനാഥനിൽ നിന്നാണ്. അദ്ദേഹം കഥകളി സംഗീതവും ലളിതഗാനമൊക്കെ പഠിപ്പിക്കാറുണ്ട്. അച്ഛന് എന്നെ ലളിത ഗാനം പഠിപ്പിക്കണമെന്നുണ്ടായിരുന്നു. അന്ന് ഞങ്ങൾ അദ്ദേഹത്തിന്റെ അടുത്ത് വളരെ പ്രതീക്ഷയോടെ പോയി. എന്നോട് അദ്ദേഹം ഒരു ഗാനം ആലപിക്കാൻ പറഞ്ഞു. ഞാൻ പാടി കഴിയുന്നതിന് മുമ്പ് തന്നെ നിർത്താൻ അദ്ദേഹം പറഞ്ഞു. എന്നെക്കൊണ്ട് പാടാൻ പറ്റില്ല, എന്റെ ശബ്ദം വളരെ മോശമാണെന്ന് അദ്ദേഹം പറഞ്ഞു. അന്ന് അച്ഛൻ എന്നെ ആശ്വസിപ്പിച്ചു. പക്ഷെ ഒരുപാട് സ്റ്റേജുകളിൽ ഞാൻ അവതാരകയായി എത്തിയിട്ടും ഒരു പാട്ടുപോലും പാടിയിട്ടില്ല. അന്ന് കുഞ്ഞുമനസിലേറ്റ മുറിവ് ഇന്നും മനസിലുളളതുകൊണ്ടായിരിക്കാം. എന്റെ അച്ഛനെ മാറ്റി നിർത്തി അദ്ദേഹത്തിന് പറയാമായിരുന്നു. ഒരു കുട്ടിയോട് ആരും ഇങ്ങനെ ചെയ്യരുത്'- മീര പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |