കൊച്ചി: യുദ്ധമുഖത്തും പ്രകൃതി ദുരന്തങ്ങളിലും മനുഷ്യരെ രക്ഷിക്കാനുള്ള കൃത്രിമ രക്തം 2030ൽ വിപണിയിലെത്തിയേക്കും. യുദ്ധവും പ്രകൃതി ദുരന്തങ്ങളും കണക്കിലെടുത്താണ് അമേരിക്കയും ജപ്പാനും ബ്രിട്ടനുമടക്കം കൃത്രിമ രക്ത പരീക്ഷണം ഊർജിതമാക്കിയത്. ജപ്പാൻ വികസിപ്പിച്ച കൃത്രിമ രക്തത്തിന് പർപ്പിൾ നിറമാണ്.
സ്വാഭാവിക രക്തത്തിലേതുപോലെ ചുവന്ന രക്താണുക്കൾ, ഹീമോഗ്ലോബിൻ തുടങ്ങിയവ കൃത്രിമ രക്തത്തിലുമുണ്ടാകും. ശരീരത്തിന്റെ എല്ലായിടത്തും ഓക്സിജനെത്തിക്കുക, മാലിന്യം നീക്കുക തുടങ്ങിയവയാണ് സ്വാഭാവിക രക്തത്തിന്റെ പ്രധാന ദൗത്യം. കൃത്രിമ രക്തം പ്രധാനമായും ഓക്സിജൻ വാഹിനിയാണ്.
കൃത്രിമരക്തം 2019 മുതൽ മൃഗങ്ങളിലും 2020 മുതൽ മനുഷ്യരിലും ജപ്പാൻ പരീക്ഷിക്കുന്നുണ്ട്. 2030ൽ പുറത്തിറക്കാനാണ് ജപ്പാന്റെ ശ്രമം. മനുഷ്യരിൽ നിന്നോ മൃഗങ്ങളിൽ നിന്നോ എടുക്കുന്ന ശുദ്ധീകരിച്ച ഹീമോഗ്ലോബിനാണ് അടിസ്ഥാന ഘടകം. ഇതിൽ നിന്ന് ചുവന്ന രക്താണുക്കളെ വികസിപ്പിച്ചാണ് രക്തസമാനമാക്കുന്നത്. പ്രക്രിയ സങ്കീർണമായതിനാൽ ചെലവേറും. സന്നദ്ധ രക്തദാനം ഓരോ വർഷവും കൂടുന്നുണ്ടെങ്കിലും ഉപയോഗം വർദ്ധിക്കുന്നതിനാൽ ക്ഷാമം തുടരുകയാണ്.
ഏത് ഗ്രൂപ്പുകാർക്കും നൽകാം, സൂക്ഷിക്കാനും എളുപ്പം
വെളുത്ത രക്താണുക്കളും പ്ലേറ്റ്ലെറ്റുകളുമില്ലാത്ത കൃത്രിമ രക്തം ഏത് ബ്ലഡ് ഗ്രൂപ്പുകാർക്കും നൽകാം. അന്തരീക്ഷ ഊഷ്മാവിൽ രണ്ടുവർഷം വരെ കേടുകൂടാതിരിക്കും. അണുബാധയുമുണ്ടാകില്ല. പുറമേ നിന്നുള്ള മനുഷ്യരക്തം ശരീരം തന്നെ നിരാകരിക്കുന്ന രോഗികൾക്കും ഇതു നൽകാം. ആരോഗ്യം വീണ്ടെടുക്കുമ്പോൾ സ്വാഭാവിക രക്തത്തിന്റെ കുറവ് പരിഹരിക്കും. രക്തബാങ്കില്ലാത്ത മേഖലകളിലും സംഭരിക്കാനാകും.
പ്രതിവർഷ രക്തശേഖരണം
ആഗോളതലം- 11.85 കോടി യൂണിറ്റ്
കേരളത്തിൽ- 5.90 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |