
കൊല്ലം: ചിറക്കര ഭഗവതി ക്ഷേത്രോത്സവത്തിൽ വഴിപാട് പോലെയാണ് മീൻ, ഇറച്ചി കച്ചവടം. ക്ഷേത്രത്തിൽ അഞ്ച് ദിവസമാണ് ഉത്സവം. എന്നാൽ പ്രധാന ഉത്സവ ദിനമായ കുംഭത്തിലെ കാർത്തിക നാളിലാണ് മീൻ കച്ചവടം. ഉത്സവ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേത്ര ചുറ്റുമതിലിന് പുറത്തുള്ള ക്ഷേത്രപ്പറമ്പിലാണ് ചന്ത നടത്തുന്നത്.
പുലർച്ചെ അഞ്ചിന് ആരംഭിക്കുന്ന കച്ചവടം ഉച്ചയ്‌ക്ക് 12ന് അവസാവിക്കും. കഴിഞ്ഞ വർഷം ഏഴ് മണിക്കൂർ കൊണ്ട് ആറ് ലക്ഷം രൂപയുടെ മീനും ഒന്നര ലക്ഷം രൂപയുടെ ഇറച്ചിയും വിറ്റു. ഇത്തവണത്തെ ഉത്സവം ഇന്നലെയായിരുന്നു. കഴിഞ്ഞവർഷത്തേതിന് സമാനമായ കച്ചവടം ഇത്തവണയും നടന്നു.
കുംഭകാർത്തികയുടെ തലേന്ന് രാത്രി ക്ഷേത്രോത്സവച്ചന്തയിലേക്ക് മീനെടുക്കാനായി നീണ്ടകര, ശക്തികുളങ്ങര, കൊല്ലം, അഞ്ചുതെങ്ങ് ഹാർബറുകളിൽ കച്ചവടക്കാർ തമ്മിൽ വലിയ മത്സരമായിരിക്കും. നല്ല മീൻ കിട്ടുന്നതിനാൽ പരിസര പ്രദേശങ്ങളിലുള്ളവരെല്ലാം ഇവിടെയെത്തും. ഉത്സവച്ചന്തയിൽ കുട്ട, വട്ടി, പനമ്പാ, കിഴങ്ങുവർഗങ്ങൾ തുടങ്ങിയ നാടൻ വിഭവങ്ങളുമുണ്ടാകും.
ആചാരമായ മീൻവാങ്ങൽ
ചിറക്കര ഉത്സവച്ചന്തയിലെ മീൻ കച്ചവടത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കുംഭകാർത്തിക ദിനം ഇവിടെയെത്തി മീൻ വാങ്ങുന്നത് ആചാരം പോലെയാണ് പ്രദേശവാസികൾ പിന്തുടരുന്നത്. കോഴി ഇറച്ചി നിവേദ്യമായ കണ്ണൂർ മാടായിക്കാവാണ് ചിറക്കര ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാനം. നൂറ്റാണ്ടുകൾ മുൻപൊരു യോഗീശ്വരൻ മാടായിക്കാവിൽ നിന്ന് ശാന്തഭാവത്തിലുള്ള ഭദ്രാഭഗവതിയെ ചിറക്കരയിലേക്ക് കൂട്ടിക്കൊണ്ടുവന്നെന്നാണ് ഐതീഹ്യം. ശ്രീകോവിലിൽ മൂന്ന് പ്രതിഷ്ഠകളുണ്ട്. ഭദ്രാഭഗവതി എന്ന സങ്കല്പത്തിൽ കണ്ണാടിയാണ് പ്രധാന പ്രതിഷ്ഠ. ഭദ്രഭഗവതിയുടെ വലത് വശത്ത് ദുർഗ്ഗാദേവിയും ഇടത് മഹാദേവനുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |