ആലപ്പുഴ: ശബരിമല സ്വർണത്തട്ടിപ്പിൽ പ്രതിക്കൂട്ടിലായ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഓഡിറ്റിംഗ് വഴിപാടുമാത്രം. ഇത് അഴിമതിക്കും വൻ തട്ടിപ്പുകൾക്കും തണലാകുന്നു. കോടാനുകോടിരൂപ വരവുള്ള ശബരിമലയടക്കം 23 മേജർ ക്ഷേത്രങ്ങളും 1250 മൈനർ ക്ഷേത്രങ്ങളുമുണ്ട് ബോർഡിനുകീഴിൽ. വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം 1340 സ്ഥാപനങ്ങൾ. ഇവിടങ്ങളിലെ അഴിമതിയും തിരിമറിയും അടക്കം കണ്ടെത്താനും നിജസ്ഥിതി വ്യക്തമാക്കാനുമുള്ള ഓഡിറ്റിംഗിനുള്ളത് ഒരു ജോയിന്റ് ഡയറക്ടറുടെ കീഴിൽ 35 ജീവനക്കാർ മാത്രം! ട്രാവൻകൂർ, കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് 195 (ആക്ട് XVഒഫ് 1950) സെക്ഷൻ 32 പ്രകാരം കേരള ഹൈക്കോടതി ഉത്തരവിൽ 1952 സെപ്തം.15ന് ആരംഭിച്ച ഓഡിറ്റിംഗ് സംവിധാനത്തിനാണ് ഈ ദുർഗതി.
ഓഡിറ്റിംഗ് സംവിധാനം ആരംഭിച്ചശേഷം ക്ഷേത്രങ്ങളും വരുമാനവും എത്രയോ ഇരട്ടിയായി. അതിനനുസരണമായ സംവിധാനങ്ങൾ നടപ്പിലായില്ല. ബോർഡിനുകീഴിൽ 246 ദേവസ്വം സബ്ഗ്രൂപ്പുകളുണ്ട്. ഇതിൽ ഒരുകോടിയിലധികം വാർഷികവരവുള്ള 23 അഡ്മിനിസ്ട്രേഷൻ ഓഫീസർ ഗ്രേഡ് (എ.ഒഗ്രേഡ്) ദേവസ്വങ്ങളും 223 സാധാരണ സബ്ഗ്രൂപ്പ് ദേവസ്വങ്ങളും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം നൂറിൽ താഴെ ഗ്രൂപ്പുകളിലായിരുന്നു ഓഡിറ്റിംഗ്. 146 ലധികം ഓഫീസുകൾ ഓഡിറ്റിംഗിൽ നിന്നൊഴിവായി! എ.ഒ ഗ്രേഡ് ദേവസ്വങ്ങളിൽ എല്ലാവർഷവും ഓഡിറ്റിംഗുണ്ടെങ്കിലും ഫലപ്രദമാകുന്നില്ലെന്നതിന്റെ തെളിവാണ് ശബരിമലയിലെ സ്വർണത്തട്ടിപ്പ്.
കണക്കെടുപ്പ് 5 വർഷത്തിലൊരിക്കൽ
ഓരോ വർഷവും ഓഡിറ്റ് നടക്കാതെ ഒഴിവാക്കുന്ന അമ്പലങ്ങളെ റൊട്ടേഷൻ അടിസ്ഥാനത്തിൽ പിന്നീട് പരിഗണിക്കുന്നതാണ് നിലവിലെ രീതി. ഈവർഷം ഒരു ക്ഷേത്രത്തിൽ ഓഡിറ്റ് നടത്തിയാൽ അടുത്ത ടേൺ വരുന്നത് ശരാശരി അഞ്ചുവർഷത്തിന് ശേഷമായിരിക്കും. ജീവനക്കാർ ആവശ്യത്തിനില്ലാത്തതിനാൽ ആ വർഷത്തെ മാത്രം കണക്കുകളാകും പലപ്പോഴും പരിഗണിക്കുക.
തട്ടിപ്പറിയാൻ വഴിയില്ല
അമ്പലങ്ങളും ബോർഡ് ആസ്ഥാനവും തമ്മിൽ നെറ്റ്‌വർക്ക് ഇല്ലാത്തതിനാൽ തട്ടിപ്പുകളൊന്നും മേലധികാരികൾക്കോ സ്പെഷ്യൽ കമ്മിഷണർമാർക്കോ അറിയാൻ എളുപ്പമല്ല. അമ്പലക്കള്ളന്മാർക്ക് ഇത് തുണയാകുന്നു.
ക്ഷേത്രങ്ങളിൽ പലതിനും മാനുവൽ രസീതുകൾ ഉപയോഗിക്കുന്നതിനാൽ സമഗ്രമായ പരിശോധനയ്ക്ക് കൂടുതൽ സമയം വേണ്ടിവരും. ഓഡിറ്റ് ഓഫീസിൽ ഇ.ഫയൽ സംവിധാനം നടപ്പാക്കിയിട്ടില്ല. ദേവസ്വം ബോർഡിൽ കമ്പ്യൂട്ടറൈസേഷൻ ഫലപ്രദമല്ലാത്തതും ഓഡിറ്റർമാർക്ക് നിജസ്ഥിതി കണ്ടെത്താൻ തടസമാകുന്നു.
ഓഡിറ്റ് ഓഫീസ് ജീവനക്കാർ
(തസ്തിക, സ്ഥിരം, താത്കാലികം, ആകെ എന്ന ക്രമത്തിൽ )
ജോയിന്റ് ഡയറക്ടർ...................1.......0.........1
സീനിയർ ഡെ. ഡയറക്ടർ.........1.......0.........1
ഓഡിറ്റ് ഓഫീസർ.......................4.......2.........6
അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ...7.......0.........7
സീനിയർ ഗ്രേഡ് ഓഡിറ്റർ........7........0.........7
ഓഡിറ്റർ......................................0.........8.........8
കമ്പ്യൂട്ടർ അസി. ഗ്രേഡ് (രണ്ട്).......1.......1..........2
ഓഫീസ് അറ്റൻഡന്റ്...............1........1.........2
അറ്റൻഡർ......................................1........0.........1
ആകെ.............................................................35
ദേവസ്വങ്ങളിൽ എല്ലാ വരവുകളും രസീത് മുഖേനയാണ്. ഇതുവഴി കാണിക്കയായി ലഭിക്കുന്ന തുകയുടെ കൃത്യതയും അക്കൗണ്ടിംഗിന്റെ നിജസ്ഥിതിയും പരിശോധിക്കുന്നതാണ് ഓഡിറ്റിംഗ്. ദേവസ്വങ്ങളുടെയും ജീവനക്കാരുടെയും എണ്ണം, സാമ്പത്തികസ്ഥിതി, പദ്ധതി പ്രവർത്തനങ്ങൾ ഇവയെല്ലാം വർദ്ധിച്ചെങ്കിലും ഉത്തരവാദിത്വത്തിന് അനുസരിച്ച് ഓഡിറ്റ് നിർവഹണ സംവിധാനത്തിലോ, സ്റ്റാഫ് പാറ്റേണിലോ മാറ്റം വരുത്താത്തത് വ്യാപക ക്രമക്കേടുകൾക്ക് വഴിവയ്ക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |