
കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മൂന്നുമാസംമുമ്പ് നിയമനം ലഭിച്ച പട്ടികജാതിക്കാരനായ പൂജാരി ഉദ്യോഗസ്ഥരുടെയും യൂണിയൻ നേതാക്കളുടെയും ജാതിപീഡനങ്ങളിലും പ്രതികാരനടപടികളിലും മനം മടുത്ത് ജോലി രാജിവച്ചു. പറവൂർ ഗ്രൂപ്പിലെ തിരുവാലൂർ സബ്ഗ്രൂപ്പിൽപ്പെട്ട വാതുറക്കാവ് ഭഗവതി ക്ഷേത്രപൂജാരിയായ നീറിക്കോട് കൊടുവഴങ്ങ പള്ളത്തുപറമ്പിൽ പി.ആർ. വിഷ്ണുവാണ് (23) ജാതിവെറിയുടെ അവസാന ഇര.
രണ്ടുവർഷം മുമ്പ് പകരക്കാരനായി തത്തപ്പിള്ളി ഭഗവതി ക്ഷേത്രത്തിൽ ജോലി ചെയ്യവേ, ജാതി അധിക്ഷേപം നേരിട്ടിരുന്നു. അന്ന് പൊലീസിൽ നൽകിയ പരാതി പിൻവലിച്ചില്ലെങ്കിൽ സമാധാനപരമായി ജോലി ചെയ്യാനാവില്ലെന്ന് പറവൂർ ദേവസ്വം അസി. കമ്മിഷണർ ഭീഷണിപ്പെടുത്തിയതാണ് രാജിയിലേക്ക് നയിച്ചത്. ഭീഷണിക്കെതിരെ മുനമ്പം ഡിവൈ.എസ്.പിക്ക് നൽകിയ പരാതിയിൽ ബോർഡിലെ ഇടതുസംഘടന സംസ്ഥാന നേതാവായ പ്രമുഖക്ഷേത്രത്തിലെ മേൽശാന്തിയേയും പരാമർശിച്ചിരുന്നു. സ്റ്റേഷനിൽ ഒത്തുതീർപ്പായെങ്കിലും യൂണിയൻ വെറുതേയിരുന്നില്ല. അംഗത്വ അപേക്ഷയ്ക്ക് നൽകിയതുക മടക്കി നൽകി. വാട്ട്സ് ആപ്പ് ഗ്രൂപ്പിൽനിന്ന് പുറത്താക്കി.
നവംബർ ഏഴിനാണ് ജോലിയിൽ പ്രവേശിച്ചതെങ്കിലും അതിനും മുമ്പേ വിഷ്ണുവിനുള്ള 'പണി" തുടങ്ങിയിരുന്നു. അഡ്വൈസ് മെമ്മോ ഇറങ്ങിയപ്പോൾത്തന്നെ രണ്ട് വ്യാജപരാതികളെത്തി.രണ്ടു പരാതികളിലും കള്ളവിലാസമാണ്. വീടിനടുത്തുള്ള നീറിക്കോട് മഹാദേവ ക്ഷേത്രത്തിൽ നിയമനം നിഷേധിക്കാനാണ് അങ്ങനെ ചെയ്തത്. രാജിക്കത്തിൽ ഇക്കാര്യങ്ങളെല്ലാം സൂചിപ്പിച്ചിട്ടുണ്ട്.
പകയ്ക്ക് പിന്നിൽ
• 2024 നവംബറിൽ പകരക്കാരനായി പറവൂർ ഗ്രൂപ്പിലെ തത്തപ്പിള്ളി ഭഗവതി ക്ഷേത്രത്തിൽ പൂജചെയ്യവേ ജാതീയമായി വിഷ്ണുവിനെ ആക്ഷേപിച്ച കേസിൽ ഉപദേശകസമിതി മുൻഭാരവാഹി ജയേഷ് അറസ്റ്റിലായി.
• 2025 നവംബർ 7ന് വാതുറക്കാവ് ക്ഷേത്രത്തിൽ ചുമതലയേറ്റപ്പോൾ തിരുവാഭരണങ്ങളിൽ രണ്ട് മാലകൾ മുക്കുപണ്ടമാണെന്ന് കണ്ട് വിഷ്ണു റിപ്പോർട്ട് ചെയ്തു. ആലങ്ങാട് പൊലീസ് സ്റ്റേഷനിൽ ദേവസ്വം പരാതിപ്പെട്ടെങ്കിലും പിന്നീട് പിൻവലിച്ചു.
• 2026 ജനുവരി 30ന് ജയേഷിനെതിരായ പരാതി പിൻവലിച്ചില്ലെങ്കിൽ സമാധാനം നൽകില്ലെന്ന് പറവൂരിലെ ദേവസ്വം അസി. കമ്മിഷണർ ഭീഷണിപ്പെടുത്തിയതിന് മുനമ്പം ഡിവൈ.എസ്.പിക്കും
ദേവസ്വംബോർഡ് പ്രസിഡന്റിനും കമ്മിഷണർക്കും പരാതി. പറവൂർ സ്റ്റേഷനിൽ പരാതി ഒത്തുതീർത്തു.
ഉദ്യോഗസ്ഥരുടെയും യൂണിയൻ നേതാക്കളുടെയും ചൊൽപ്പടിക്കും അന്യായങ്ങൾക്കും വിധേയനായി നിൽക്കാത്ത, വിശേഷിച്ച് പട്ടികജാതിക്കാരനായ എന്നെപ്പോലുള്ള ഒരാൾക്ക് ബോർഡിൽ ജോലിചെയ്യുക അത്യന്തം അപകടകരമാണെന്ന് മനസിലായി. വേറെ മാർഗമില്ലാത്തതിനാലാണ് രാജി.
പി.ആർ.വിഷ്ണു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |