കൊച്ചി: അടുക്കളകളിൽ നിന്ന് മൺപാത്രങ്ങൾ അരങ്ങൊഴിഞ്ഞു പോയിട്ടും പ്രതീക്ഷ കൈവിടാതെ പരമ്പരാഗത മൺപാത്ര നിർമ്മാണ കുടുംബങ്ങൾ ഇക്കുറിയും മൂവാറ്റുപുഴ പുഴക്കരക്കാവിലെ ചിറപ്പുമഹോത്സവത്തിനെത്തി. വില്പനയ്ക്കായി പഴമ കൈവിടാതെ നിർമ്മിച്ച മൺപാത്രങ്ങളുമുണ്ടായിരുന്നു. കാലാമ്പൂർ കടുംപിടിയിലുള്ള വേളാർ സമുദായമാണ് ചിറപ്പുമഹോത്സവത്തിന് മൺപാത്രങ്ങളുമായി എത്തുന്നത്.
തമിഴ്‌നാട്ടിൽ നിന്നുള്ള കൽച്ചട്ടി നിർമ്മാണ തൊഴിലാളികളും കടുംപിടിയിൽ നിന്നുള്ള മൺപാത്ര നിർമ്മാണ കുടുംബങ്ങളും ക്ഷേത്ര പരിസരങ്ങളിൽ ഉത്സവത്തിന് മുന്നേ തമ്പടിക്കും. ക്ഷേത്രദർശനത്തിനു ശേഷം ഭക്തർ ഇവരിൽ നിന്ന് പാത്രങ്ങൾ വാങ്ങി തിരിച്ചു പോവുകയാണ് പതിവ്. എന്നാൽ അലൂമിനിയ പാത്രങ്ങളുടെ വരവോടെ വിപണിയുടെ പ്രതാപകാലം അസ്തമിച്ചു. കൽച്ചട്ടി നിർമ്മാണം നിലച്ചതോടെയാണ് കറുത്ത മൺചട്ടികൾ ആസ്ഥാനം ഏറ്റെടുത്തതെന്ന് വില്പനക്കാർ പറഞ്ഞു.
കൂജകൾ മുതൽ മൺചെരാതുകൾ വരെ
100 രൂപ മുതൽ 600 രൂപ വരെയുള്ള മൺകലങ്ങൾ ആണ് വില്പനക്കുള്ളത്. കൂടാതെ ടാപ്പ് ഘടിപ്പിച്ച കൂജകൾ, ചായ കപ്പുകൾ, ജഗ്ഗുകൾ, ഉരുളികൾ, പക്ഷികൂടുകൾ, മൺചെരാതുകൾ എന്നിവയും വില്പനയ്ക്കുണ്ട്.
കറുത്ത മൺചട്ടിക്ക് ഡിമാന്റ്
കൽച്ചട്ടിക്ക് പകരം വന്ന കറുത്ത മൺചട്ടികൾക്കാണ് ഇത്തവണ പ്രിയം. ചുവന്ന ചട്ടികൾ രണ്ടാമതും ചൂള വച്ച് കറുപ്പിക്കുന്നവയാണിവ. കൂടുതൽ സമയം ചൂളയിൽ കിടന്ന് വേവുന്നത് കൊണ്ട് തന്നെ കറുത്ത ചട്ടികൾക്ക് ബലം കൂടുതലായിരിക്കും. അലൂമിനിയം പാത്രത്തിൽ പാചകം ചെയ്യുന്നതിന്റെ ആരോഗ്യപ്രശ്‌നങ്ങൾ മനസിലാക്കി കൂടുതൽ ആളുകൾ മൺപാത്രത്തിലേക്ക് മടങ്ങുമെന്ന് പ്രതീക്ഷയിലാണ് കച്ചവടക്കാർ.
മൺകലങ്ങൾ വില
100 രൂപ മുതൽ 600 രൂപ വരെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |