തിരുവനന്തപുരം: കേരളകൗമുദിയോട് ഊഷ്മളമായ അടുപ്പം കാട്ടിയ ഉന്നത വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു വിടവാങ്ങിയ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗ്. 2011 ഫെബ്രുവരി 12 ന് കേരളകൗമുദിയുടെ ഒരു വർഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തത് അദ്ദേഹമായിരുന്നു.
മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ മൻമോഹൻസിംഗ് , ഏറെ തിരക്കുകൾക്കിടയിലും കേരളകൗമുദിയുടെ ശതാബ്ദി ആഘോഷ പരിപാടിയിൽ അത്യുത്സാഹത്തോടെയാണ് പങ്കെടുത്തത്.രാവിലെ 10 ന് കനകക്കുന്ന് കൊട്ടാരത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രൗഢമായ പ്രസംഗം നടത്തി. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം ഇങ്ങനെയായിരുന്നു,
'കേരളകൗമുദിയുടെ ശതാബ്ദി വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഈ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. 1911-ൽ ജേണലായി ആരംഭിച്ച് 1940-ൽ ദിനപത്രമായി രൂപാന്തരപ്പെട്ട ഈ പ്രസിദ്ധീകരണത്തിന് അഭിമാനിക്കാൻ ഒരു ചരിത്രമുണ്ട്. അതുമായി ബന്ധപ്പെട്ട് വളരെ പ്രഗത്ഭരായ പുരുഷന്മാരും വനിതകളും ഉണ്ടായിരുന്നു. സ്ഥാപക പത്രാധിപർ.സി.വി.കുഞ്ഞുരാമൻ മിടുക്കനായ പത്രപ്രവർത്തകൻ മാത്രമല്ല, ശ്രദ്ധേയനായ സാഹിത്യകാരനും വിപ്ളവ ചിന്തകനും കൂടിയായിരുന്നു.' പത്രാധിപർ കെ.സുകുമാരനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. തുടർന്ന് പത്രപ്രവർത്തന മേഖലയെക്കുറിച്ചുള്ള തന്റെ ചില ചിന്തകളും അദ്ദേഹം പങ്കുവച്ചു. കേരളകൗമുദി ഗ്രൂപ്പ് ടി.വിചാനൽ ആരംഭിക്കുന്നതിലുള്ള സന്തുഷ്ടിയും പ്രകടിപ്പിച്ചു.
കേരളകൗമുദി ചരിത്രത്തിന്റെ ഒന്നാം വാല്യം അന്ന് കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന എ.കെ.ആന്റണിക്ക് നൽകിയാണ് അദ്ദേഹം പ്രകാശനം ചെയ്തത്. കൗമുദി ചാനലിന്റെ ശീർഷകവും അതേ ചടങ്ങിൽ മൻമോഹൻസിംഗ് പ്രകാശനം ചെയ്തു. അത് ഏറ്രുവാങ്ങിയത് അന്ന് കേരളകൗമുദി മാനേജിംഗ് ഡയറക്ടറും പിൽക്കാലത്ത് ചീഫ് എഡിറ്ററുമായിരുന്ന അന്തരിച്ച എം.എസ്.രവിയും.എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ,അന്നത്തെ കേരള ഗവർണർ ആർ.എസ്.ഗവായ്, മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, കേന്ദ്ര സിവിൽ വ്യോമയാനമന്ത്രി വയലാർരവി, പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടി, ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ എന്നിവർ പങ്കെടുത്തു. കേരളകൗമുദിയുടെ ഇപ്പോഴത്തെ ചീഫ് എഡിറ്റർ ദീപുരവിയും മാനേജിംഗ് ഡയറക്ടർ അഞ്ജു ശ്രീനിവാസനും ആണ് അന്ന് യഥാക്രമം സ്വാഗതവും നന്ദിയും പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |