
ഇരയായത് 6 ആദിവാസി കുടുംബങ്ങൾ
വടുവഞ്ചാൽ (വയനാട്): അന്യന്റെ പറമ്പിൽ പ്ളാസ്റ്റിക് ഷീറ്റുകൊണ്ട് വലിച്ചുകെട്ടിയ ഷെഡിൽ ആറു കുടുംബങ്ങളിലായി കൈക്കുഞ്ഞുങ്ങളടക്കം 30 പേർ. ആഞ്ഞൊരു കാറ്റു വീശിയാൽ പറന്നുപോകുന്ന ഷെഡിൽ ഏഴു വർഷമായി ഇവർ കഴിഞ്ഞുകൂടുന്നു. ആദിവാസി ചോലനായ്ക്കർ വിഭാഗത്തിൽപെട്ട ഇവർക്ക്, ദാരിദ്ര്യത്തിന്റെ ഏത് വിഭാഗത്തിലാണ് ഉൾപ്പെടുന്നതെന്നും അറിയില്ല! ട്രൈബൽ വകുപ്പ് അധികൃതർ പറഞ്ഞുപറ്റിച്ചതാണ് ഗതികേടായത്.
2018ലെ പ്രളയകാലം. വയനാടാകെ ഉരുൾ ഭീതിയിൽ. പരപ്പൻപാറ വനത്തിൽ കഴിഞ്ഞിരുന്ന ഇവരെ മുപ്പൈനാട് പഞ്ചായത്തിലെ എട്ടാം വാർഡിലെ കാടാശേരിയിൽ എത്തിച്ചു. കൊടുവള്ളി സ്വദേശി ഫൈസൽ എന്നയാളിന്റെ ഭൂമിയിൽ തത്കാലം ഇവരെ പാർപ്പിക്കുകയായിരുന്നു. വീട് നിർമ്മിക്കാനായി ഫൈസൽ പണിത ബേസ്‌മെന്റിലാണ് ഷെഡ് കെട്ടിയത്. മറ്റൊരിടത്ത് പുനധിവാസം ഉറപ്പാക്കുന്നതുവരെ ഇവിടെ കഴിയാം എന്നാണ് ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നത്. പിന്നീട് ആരും തിരിഞ്ഞുനോക്കിയില്ല. പുനരധിവാസത്തിനായി ഇവരടക്കം 12 കുടുംബങ്ങൾക്ക് കടച്ചിക്കുന്ന് ഇല്ലിത്തോട്ടിൽ 10 ഏക്കർ കണ്ടെത്തിയെങ്കിലും തുടർ നടപടി ഉണ്ടായില്ല.
പ്ലാസ്റ്റിക് ഷീറ്റും മുളയും കൊണ്ട് മുറികൾ തിരിച്ചാണ് ആറ് കുടുംബങ്ങൾ തിങ്ങിഞെരുങ്ങി കഴിയുന്നത്. ചെറിയ മഴയത്തും ചോർന്നൊലിക്കും. ടോയ്ലെറ്റില്ല. പ്രായപൂർത്തിയായ പെൺകുട്ടികളടക്കമാണ് സുരക്ഷിതമല്ലാത്ത ഷെഡിൽ ഓരോ ദിനവും തള്ളിനീക്കുന്നത്.
റേഷൻ കാർഡുണ്ട്, പക്ഷേ....
ആറു കുടുംബങ്ങൾക്കും റേഷൻ കാർഡുണ്ട്. പക്ഷേ, അംഗസംഖ്യ കൂടുതലായതിനാൽ കിട്ടുന്ന അരിയും ഗോതമ്പുമൊന്നും തികയില്ല. ആറു കിലോമീറ്റർ അപ്പുറത്തെ പരപ്പൻപാറ വനത്തിലെത്തി കിഴങ്ങുവർഗങ്ങൾ ശേഖരിച്ചാണ് വിശപ്പടക്കുന്നത്. മുതിർന്നവർ വനവിഭവങ്ങൾ ശേഖരിക്കാൻ പോകുമ്പോൾ വന്യമൃഗങ്ങൾ വിഹരിക്കുന്ന കാട്ടിനടുത്തുള്ള ഷെഡിൽ പറക്കമുറ്റാത്ത കുഞ്ഞുങ്ങളടക്കം പേടിയോടെയാണ് കഴിയുന്നത്.
പഠനം മതിയാക്കി സിമിത
ഷെഡിൽ താമസിക്കുന്ന കരിയിന്റെയും മാധവിയുടെയും മകൾ സിമിതയ്ക്ക് സഹപാഠികളുടെ ക്രൂരതയിൽ പഠനം തുടരാനായില്ല. ഒരുവർഷം മുമ്പ് എറണാകുളത്തെ കോളേജിൽ ബി.എയ്ക്ക് പഠിക്കുമ്പോഴായിരുന്നു സംഭവം. ഹോസ്റ്റലിൽ സഹപാഠികൾ മറ്റുള്ളവരുടെ സാധനങ്ങൾ സിമിതയുടെ ബാഗിൽകൊണ്ടുവച്ച് അവളെ കള്ളിയായി ചിത്രീകരിക്കുകയായിരുന്നു. അതിൽ മനംനൊന്ത് പഠനം മതിയാക്കി. ഒരുമാസമാണ് ആകെ കോളേജിൽ പോയത്. ഷെഡിൽ കഴിയുന്ന പത്ത് കുട്ടികൾ സ്കൂൾ വിദ്യാർത്ഥികളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |