മലപ്പുറം: ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതോടെ തീരത്തോട് ചേർന്നുള്ള ആഴം കുറഞ്ഞ ഭാഗങ്ങളിൽ നിന്ന് മീനുകൾ കൂട്ടത്തോടെ ആഴം കൂടിയ ഉൾഭാഗങ്ങളിലേക്ക് നീങ്ങുന്ന സ്ഥിതിയാണ്.
ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു. വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യലഭ്യത വീണ്ടും കുറയുമോ എന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ.
മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നുണ്ട്.
മത്തി, അയല, മാന്തൾ എന്നിവയാണ് പ്രധാനമായും കേരളതീരത്ത് നിന്ന് നിലവിൽ ലഭിക്കുന്നത്. മത്തി 100, അയല 200, മാന്തൾ - 200, കരിമീൻ - 450, ചൂര - 200, വാള - 250, ചെമ്മീൻ-350, ചെമ്പല്ലി -300, കൂന്തൾ -180, ആവോലി 480 എന്നിങ്ങനെയാണ് നിലവിലെ വില. വിലയിലും വർദ്ധനവുണ്ടായിട്ടുണ്ട്. കാര്യമായ വരുമാനമില്ലാത്തതോടെ പല ബോട്ടുകളും വള്ളങ്ങളും തീരത്ത് കെട്ടിയിട്ടിരിക്കുകയാണ്.
നഷ്ടക്കച്ചവടം
നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്. പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല. പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്.
മത്സ്യലഭ്യത കുറഞ്ഞതോടെ പുറത്ത് നിന്നുള്ളവയുടെ വരവ് കൂടിയിട്ടുണ്ട്. അവയിൽ കൃത്യമായി ഐസ് ഇടാത്തത് മൂലം പെട്ടന്ന് അഴുകുന്ന സ്ഥിതിയുമുണ്ട്.
പി.ഫസലുദ്ധീൻ, മത്സ്യത്തൊഴിലാളി, പൊന്നാനി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |