പത്തനംതിട്ട: മന്ത്രി വീണാ ജോർജിനെ സിപിഎം സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവായി പ്രഖ്യാപിച്ചത് കഴിഞ്ഞദിവസമാണ്. ഈ തീരുമാനത്തിന് പിന്നാലെ ജില്ലയിലെ മുതിർന്ന സിപിഎം നേതാവും മുൻ എംഎൽഎയുമായ എ പദ്‌മകുമാർ അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. തന്റെ അതൃപ്‌തി ഇപ്പോഴും തുടരുന്നതായി വ്യക്തമാക്കിയിരിക്കുകയാണ് എ.പദ്‌മകുമാർ.
ഒരു മാദ്ധ്യമത്തോട് സംസാരിക്കവെയാണ് പദ്‌മകുമാർ തന്റെ അതൃപ്‌തി വ്യക്തമാക്കിയത്. താൻ പറഞ്ഞതിൽ മാറ്റമില്ല. തന്റെ 52 വർഷത്തെ പ്രവർത്തനത്തെക്കാൾ പരിഗണന വീണയുടെ ഒൻപത് വർഷത്തെ പ്രവർത്തനത്തിനാണ് ലഭിച്ചത്. വീണയ്‌ക്ക് പരിഗണന കിട്ടിയത് അവരുടെ കഴിവുകൊണ്ടാകാം എന്നും പദ്‌മകുമാർ പറഞ്ഞു.
പാർട്ടി അനുവദിച്ചാൽ ബ്രാഞ്ചിൽ പ്രവർത്തിക്കുമെന്നും ഇന്നലെയും ഇന്നും നാളെയും കമ്മ്യൂണിസ്‌റ്റ് ആയിരിക്കും എന്നും എ.പദ്‌മകുമാർ വ്യക്തമാക്കി. ഞാൻ ത്യാഗിയല്ലെന്നും പാർട്ടി നടപടിയെ ഭയക്കുന്നില്ലെന്നും പുറത്താക്കുന്നെങ്കിൽ തന്നെ പുറത്താക്കട്ടെയെന്നും എ.പദ്‌മകുമാർ പറഞ്ഞു.
പദ്‌മകുമാറിന്റെ പാർട്ടി സമ്മേളനത്തിൽ നിന്നുള്ള ഇറങ്ങിപ്പോക്കിലും പിന്നീട് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടതിലും പാർട്ടി നേതൃത്വത്തിന് അതൃപ്‌തിയുണ്ടെന്നാണ് വിവരം. അദ്ദേഹത്തിനെതിരെ നടപടിക്കായി പത്തനംതിട്ട ജില്ലാ കമ്മിറ്റി മറ്റന്നാൾ വിഷയം ചർച്ച ചെയ്യും. പദ്‌മകുമാർ പാർട്ടി വിടില്ലെന്നാണ് നേതാക്കൾ പ്രതീക്ഷിക്കുന്നത്.
പാർട്ടിയിൽ നിന്ന് ചതിവും വഞ്ചനയും അവഹേളനവും നേരിട്ടതായി എ.പദ്മകുമാർ കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. 52 വർഷത്തെ ബാക്കി പത്രമെന്നും കൂട്ടിച്ചേർത്ത് ലാൽസലാം പറഞ്ഞുള്ള അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിനെ അനുകൂലിച്ചും എതിർത്തും നിരവധി ആളുകൾ കമന്റുകൾ എഴുതിയിരുന്നു. പിന്നാലെ അദ്ദേഹം പോസ്റ്റ് പിൻവലിച്ചിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ സംസ്ഥാന സമിതി അംഗങ്ങളുടെ പട്ടിക പുറത്തുവന്ന ശേഷമാണ് അദ്ദേഹം എഫ്.ബി പോസ്റ്റിട്ടത്. ഉച്ചഭക്ഷണം കഴിക്കാതെ സ്വദേശമായ ആറൻമുളയിലേക്ക് മടങ്ങുകയും ചെയ്തു. അതുവരെ സമ്മേളനവുമായി ബന്ധപ്പെട്ട ചിത്രങ്ങളും പോസ്റ്റുകളുമായിരുന്നു എഫ്.ബി പേജിലുണ്ടായിരുന്നത്.
സംസ്ഥാന സമിതിയിൽ ഇടം കിട്ടാതിരുന്നതും പത്തനംതിട്ട ജില്ലയിൽ നിന്ന് മന്ത്രി വീണാ ജോർജിനെ ക്ഷണിതാവായി ഉൾപ്പെടുത്തിയതുമാണ് പദ്മകുമാറിനെ പ്രകോപിപ്പിച്ചത്. പാർലമെന്ററി സ്ഥാനത്ത് എത്തിയതു കൊണ്ട് മാത്രം പാർട്ടിയിൽ സ്ഥാനക്കയറ്റം നൽകുന്നത് ശരിയല്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പിന്നാലെ പറഞ്ഞു.
1983ൽ പത്തനംതിട്ടയിൽ ആദ്യ ജില്ലാ കമ്മിറ്റി രൂപീകരിച്ചതു മുതൽ പദ്മകുമാർ അംഗമായിരുന്നു. 36 വർഷമായി ജില്ലാ സെക്രട്ടേറിയറ്റംഗവുമാണ്. കോന്നിയിൽ നിന്ന് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റാണ്. പിണറായി പക്ഷത്തെ ശക്തനായ വക്താവായിട്ടാണ് പദ്മകുമാർ നിലകൊണ്ടിരുന്നത്. ഇത്തവണ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടവരിൽ ഒരാളായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |