കൊച്ചി: കെട്ടിട നിർമ്മാണത്തൊഴിലാളി ബോർഡ് അംഗങ്ങളായ 3.80 ലക്ഷം പേർക്ക് പെൻഷൻ കുടിശികയുടെ പകുതി തീർക്കാൻ 500 കോടി കെ.എസ്.എഫ്.ഇയിൽ നിന്ന് കടമെടുക്കും. 3.80 ലക്ഷം പേർക്കാണ് ഇത് ആശ്വാസമാകുന്നത്. 16 മാസത്തെ ക്ഷേമപെൻഷൻ കുടിശികയുണ്ട്.
ഇവരുടെ പെൻഷൻ പ്രശ്നത്തെക്കുറിച്ച് ചൊവ്വാഴ്ച കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ആകെയുള്ള 1,152 കോടി കുടിശികയിൽ 992 കോടി പെൻഷനും 160 കോടി മറ്റ് ആനുകൂല്യങ്ങളുമാണ്. എന്തുകൊണ്ടാണ് നിർമ്മാണത്തൊഴിലാളി ക്ഷേമപെൻഷൻ ഇത്രയും വൈകുന്നതെന്ന് ഇന്നലെ ഹൈക്കോടതി ചോദിച്ചു. ശതകോടികളുടെ പെൻഷൻ കുടിശിക നിലനിൽക്കെ 293 പേരെ ബോർഡിൽ സ്ഥിരപ്പെടുത്താൻ നീക്കം നടക്കുന്നുവെന്നു ചൂണ്ടിക്കാട്ടി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് ഇക്കാര്യം ആരാഞ്ഞത്.
കേരള ജനറൽ വർക്കേഴ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ.ജോസ് ജോർജ് പ്ലാന്തോട്ടം നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പരിഗണിച്ചത്.
പിൻവാതിൽ നിയമനത്തിനാണ് നീക്കമെന്നും ഇത് കൂടുതൽ ബാദ്ധ്യതയുണ്ടാക്കുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. തുടർന്ന് കോടതി സർക്കാരിന്റെ വിശദീകരണം തേടി. പെൻഷൻ എന്തുകൊണ്ട് വൈകുന്നുവെന്നും സ്ഥിരപ്പെടുത്തൽ പ്രാബല്യത്തിലായാൽ അത് പെൻഷൻ വിതരണത്തെ ബാധിക്കുമോയെന്നും വിശദീകരിക്കണം. ഹർജി വീണ്ടും ഒക്ടോബർ 6ന് പരിഗണിക്കും.
ബോർഡിന് കടം 650 കോടി
പെൻഷൻ കുടിശികയ്‌ക്കു പുറമേ കോടികളുടെ കടവും പലിശയുമായി നട്ടംതിരിയുന്ന കെട്ടിട നിർമ്മാണ ക്ഷേമനിധി ബോർഡ് കുത്തഴിഞ്ഞ അവസ്ഥയിലാണ്. ജീവനക്കാരുടെ ശമ്പളം നൽകാൻ ആദ്യം 140 കോടി മോട്ടോർതൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് കടമെടുത്തു. ഇതിന് മാസം 72 ലക്ഷം രൂപ പലിശ നൽകണം. ഒപ്പം ബോർഡ് 10 കോടി പിരിച്ചെടുത്തു. പിന്നീട് 52 ലക്ഷം മാസപ്പലിശയ്‌ക്ക് ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് 100 കോടി കൂടി സംഘടിപ്പിച്ചു. ഇതും പോരാതെയാണ് 500 കോടിക്ക് കെ.എസ്.എഫ്.ഇയെ സമീപിച്ചത്. മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ 140 കോടി കാലാവധിയെത്താത്ത നിക്ഷേപത്തിൽ നിന്നായതിനാൽ 1.48 കോടി രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്.
കടവും കടത്തിനു മേൽ കടവുമായി. ബോർഡ് എങ്ങനെ രക്ഷപ്പെടുമെന്നറിയില്ല
കെ.ടി. തമ്പി കണ്ണാടൻ,
കെട്ടിട നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |