തിരുവനന്തപുരം: വനംവകുപ്പിൽ വനിതാജീവനക്കാർ ഉന്നയിക്കുന്ന ലൈംഗിക പീഡനം അടക്കമുള്ള പരാതികളിൽ കേസെടുക്കുകയോ ഉചിതമായ ശിക്ഷ ഉറപ്പാക്കുകയോ ചെയ്യാതെ ഒതുക്കിത്തീർക്കുന്നെന്ന ആക്ഷേപം ശക്തമായി. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 20 പരാതികൾ ഒതുക്കിയെന്നാണ് വിവരം. വനിതാജീവനക്കാരുടെ പ്രൊമോഷനുൾപ്പെടെ തടയുമെന്ന് ഭീഷണിപ്പെടുത്തിയാണ് പരാതികൾ കുഴിച്ചുമൂടുന്നത്.
വയനാട് സുഗന്ധഗിരിയിൽ ഫോറസ്റ്റ് സ്റ്റേഷനിൽ അർദ്ധരാത്രി വനിതാജീവനക്കാരി പീഡനത്തിനിരയായെന്ന വിഷയം പുറത്തായതോടെയാണ് മുമ്പുണ്ടായ പരാതികളിൽ വനംവകുപ്പ് നടപടിയെടുക്കാത്തതിനെതിരേ ആക്ഷേപമുയർന്നത്.
ലൈംഗിക പീഡനം സംബന്ധിച്ച പരാതികൾ അന്വേഷിക്കാൻ വനംവകുപ്പ് ആഭ്യന്തര സമിതികൾ രൂപീകരിക്കാറുണ്ടെങ്കിലും നടപടിയൊന്നും ഉണ്ടാകാറില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ മുതലുള്ള തസ്തികകളിൽ വനിതകൾക്ക് ജോലി നൽകാറുണ്ടെങ്കിലും വനത്തിലെയും സ്റ്റേഷനിലെയും ഡ്യൂട്ടി സംബന്ധിച്ച് പ്രത്യേക മാനദണ്ഡങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. ഇതുമൂലം രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ വനത്തിലെയും ഓഫീസുകളിലെയും ഡ്യൂട്ടി ചെയ്യേണ്ടിവരും. ഇത് തങ്ങളുടെ സുരക്ഷയെ ബാധിക്കുന്നുണ്ടെന്നാണ് വനിതാജീവനക്കാരുടെ പരാതി. ഉദ്യോഗസ്ഥ പീഡന പരാതികൾ പരിഗണിക്കാൻ പൊലീസിലെ പോലെ സ്ഥിരം അതോറിട്ടി രൂപീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.അതേസമയം ലൈംഗിക പീഡനം അടക്കമുള്ള പരാതികളിൽ കൂടുതലും വ്യാജമെന്നാണ് വനംവകുപ്പ് അധികൃതരുടെ വാദം. രാത്രി ഡ്യൂട്ടിയടക്കമുള്ള പ്രശ്നങ്ങളുണ്ടാകുമ്പോൾ എതിർക്കുകയും പീഡന പരാതികൾ ഉന്നയിക്കുകയും ചെയ്ത സംഭവങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
കേസാക്കും മുൻപേ ഒതുക്കും
സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും ലൈംഗിക പീഡന പരാതികളുണ്ടായാൽ ആഭ്യന്തര സമിതി അന്വേഷിച്ച് പൊലീസ് കേസ് അടക്കമുള്ള നടപടികളെടുക്കണമെന്നാണ് ചട്ടം. വനംവകുപ്പിൽ ആഭ്യന്തര സമിതി അന്വേഷിക്കാറുണ്ടെങ്കിലും പൊലീസ് കേസിലേക്ക് കടക്കുന്നതിനു മുമ്പേ നടപടി അവസാനിക്കും. സർവീസ് സംഘടനകളം ഉയർന്ന ഉദ്യോഗസ്ഥരും നടത്തുന്ന സമ്മർദ്ദത്തിലും ഭീഷണിയിലുമാണ് നടപടികൾ എങ്ങുമെത്താതെ പോകുന്നത്.
ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ
കൽപ്പറ്റ: വയനാട്ടിലെ സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസർ കെ.കെ. രതീഷ്കുമാറിനെ സസ്പെൻഡ് ചെയ്തു. പൊലീസ് കേസ് റജിസ്റ്റർ ചെയ്തതിന്റെ ഭാഗമായി നടന്ന വകുപ്പുതല അന്വേഷണത്തിലാണ് കണ്ണൂർ നോർതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബി.എൻ. അഞ്ജൻകുമാർ സെക്ഷൻ ഫോറസ്റ്റ് ഓഫിസറെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്. ഈ മാസം ഒന്നിനാണ് തരിയോട് എട്ടാംമൈലിലെ സുഗന്ധഗിരി സെക്ഷൻ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കെതിരെ പീഡന ശ്രമം നടന്നത്. അതേസമയം പരാതിയിൽ നിന്ന് പിൻമാറാൻ യുവതിയോട് സമ്മർദ്ദം ചെലുത്തുന്നസംഭാഷണംപുറത്തുവന്നു. നേരിട്ട് കണ്ട് ക്ഷമാപണം നടത്തുകയും ചെയ്തു. കേസിന് പോകാതിരുന്നാൽ എന്ത് ചെയ്യാനും തയ്യാറാണെന്നും പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |