
കോട്ടയം: അകത്തളങ്ങൾക്ക് അഴകേകുന്ന ഫാൻസി ലൈറ്റുകളാണ് ഷൈജുവിന്റെ ജീവിത പ്രകാശം. ഇന്റീരിയർ മാതൃകയ്ക്കനുസരിച്ച് അടിപൊളി ലൈറ്റുകൾ നിർമ്മിക്കും. വാൾ ലൈറ്റ്, ഫ്ലോർ ലൈറ്റ്, സീലിംഗ് എന്നിങ്ങനെ മോഡൽ നീളുന്നു. മാസം 35,000 വരെ വരുമാനമുണ്ട്.
ഇലക്ട്രോണിക്‌സ് ഡിപ്ളോമയാണ് ഷൈജു പഠിച്ചത്. പിന്നാലെ ഡൽഹിക്ക് വണ്ടികയറി. അവിടെ ഇലക്ട്രോണിക്‌സ് സ്ഥാപനത്തിൽ അഞ്ച് വർഷം ജോലി ചെയ്തു. ഒപ്പം ലൈറ്റുകളുടെ നിർമ്മാണവും പഠിച്ചു. നാട്ടിലെത്തി ചങ്ങനാശേരിയിലെ സ്വകാര്യസ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചു. ഒഴിവുവേളകളിലായി ലൈറ്റ് നിർമ്മാണം. ഇപ്പോൾ കറുകച്ചാലിലെ പുതുപ്പറമ്പിൽ വീട്ടിലിരുന്ന് ഫാൻസിലൈറ്റുകൾ നിർമ്മിച്ച് വിൽക്കുകയാണ്.
ആവശ്യക്കാരേറി, തിരക്കും
ആവശ്യക്കാർ വർദ്ധിച്ചതോടെ ഷൈജുവിന് തിരക്കായി. വീടുകൾ,ഹോട്ടലുകൾ, ഓഫീസുകൾ, ക്ലബുകൾ, റിസോർട്ടുകൾ എന്നിവയ്ക്കെല്ലാം ലൈറ്റുകൾ തയ്യാറാക്കും. തുണി, തടി, ഗ്ലാസ്, ജി.ഐ, ഫൈബർ, മെറ്റൽ എന്നിവയിലാണ് നിർമ്മാണം. 10 സെന്റീമീറ്റർ മുതൽ നാല് മീറ്റർ വരെ വലുപ്പമുള്ളവയുണ്ട്. ഡിസൈൻ അനുസരിച്ച് 250 മുതൽ 25000 രൂപ വരെയാണ് വില.
ജോലിയിൽ ഭാര്യ ദിവ്യ സഹായിക്കും. പ്ലസ് വൺ വിദ്യാർത്ഥി ആദിത്യൻ, നാലാം ക്ലാസുകാരി അവന്തിക എന്നിവരാണ് മക്കൾ.
''ക്ഷമയോടെ പഠിച്ചെടുക്കണം. മികച്ച വരുമാനം കണ്ടെത്താൻ കഴിയുന്ന മേഖലയാണ്.
വി.പി. ഷൈജു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |