തദ്ദേശവകുപ്പിന്
കടുത്ത എതിർപ്പ്
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ പ്രധാന വരുമാനസ്രോതസായ കെട്ടിടനികുതിയിൽ നിന്ന് വിഹിതം വേണമെന്ന് സർക്കാർ സ്ഥാപനമായ ഇൻഫർമേഷൻ കേരള മിഷൻ. പ്രതിവർഷം ഓരോ തദ്ദേശസ്ഥാപനവും പിരിക്കുന്ന നികുതിയുടെ അഞ്ചു ശതമാനം ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾക്കായി നൽകണമെന്നാവശ്യപ്പെട്ട് മിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ സർക്കാരിന് കത്ത് നൽകി. തദ്ദേശസ്ഥാപനങ്ങൾക്ക് സോഫ്‌റ്റ്‌വെയർ വികസിപ്പിക്കുന്ന സർക്കാർ സ്ഥാപനമാണിത്.
ഇവിടത്തെ ജീവനക്കാരുടെ ശമ്പളവും മറ്റു പ്രവർത്തനച്ചെലവും വഹിക്കുന്നത് സർക്കാർ തന്നെയാണ്. അപ്പോഴാണ് ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾക്ക് എന്നപേരിൽ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതിനെതിരെ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകി. നികുതിവിഹിതം നൽകുന്നത് പഞ്ചായത്ത് രാജ് ആക്‌ട്, കേരള മുൻസിപ്പാലിറ്റി ആക്ട് എന്നിവയുടെ ലംഘനമാണെന്നും തദ്ദേശ സ്ഥാപനങ്ങളുടെ വികസനപ്രവർത്തനങ്ങളെ താളംതെറ്റിക്കുമെന്നും അറിയിച്ചു.
കെ-സ്മാർട്ടിലൂടെയുള്ള തദ്ദേശസ്ഥാപനങ്ങളിലെ ഓൺലൈൻ സേവനങ്ങൾക്ക് പൊതുജനങ്ങളിൽ നിന്ന് ഡിജിറ്റൽ കോസ്റ്റ് ഈടാക്കാൻ ഈ വർഷം മാർച്ച് മുതൽ മിഷന് അനുമതി നൽകിയിരുന്നു. ജനന, മരണ സർട്ടിഫിക്കറ്റ്, ബി.പി.എൽ സർട്ടിഫിക്കറ്റ് എന്നിവയ്ക്ക് അഞ്ച് രൂപവീതവും വിവാഹ സർട്ടിഫിക്കറ്റ്, ഉടമസ്ഥാവകാശം, ബിൽഡിംഗ്പെർമിറ്റ്, ലൈസൻസ് പുതുക്കൽ തുടങ്ങിയ മറ്റെല്ലാ സേവനങ്ങൾക്കും പത്തുരൂപ വീതവുമാണ് ഈടാക്കുന്നത്. ഇത് അനുവദിച്ചതിന് പിന്നാലെ ജൂൺ ആറിനാണ് നികുതി വിഹിതവും ആവശ്യപ്പെട്ട് കത്ത് നൽകിയത്.
ശമ്പളത്തെക്കാൾ കൂടുതൽ!
കെട്ടിടനികുതിയുടെ അഞ്ചു ശതമാനം തദ്ദേശസ്ഥാപനങ്ങൾ പലതും ഒരുമാസത്തെ ശമ്പളത്തിനായി ചെലവഴിക്കുന്നതിനേക്കാൾ വലിയ തുകയാണ്. 2024-25ൽ തിരുവനന്തപുരം നഗരസഭയിലെ കെട്ടിട നികുതി പിരിവ് 98.61 കോടിയായിരുന്നു. ഇതിന്റെ അഞ്ചു ശതമാനം 4.93കോടിയാണ്. റഗുലർ,കണ്ടിജന്റ് ജീവനക്കാർക്ക് മാത്രം ഒരു മാസം ശമ്പളം കൊടുക്കാൻ വേണ്ടത് 4.45 കോടിയാണ്.
കഴിഞ്ഞ സാമ്പത്തികവർഷം കിട്ടയ കെട്ടിട നികുതി- 2836 കോടി
അഞ്ചു ശതമാനമായി ഇൻഫർമേഷൻ മിഷൻ ആവശ്യപ്പെടുന്ന തുക- 141കോടി
കോടികൾ കിട്ടിയിട്ടും
പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയുടെ വികസനഫണ്ടിന്റെ 0.25% മിഷന് നൽകുന്നുണ്ട്
ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുടെ വികസന ഫണ്ടിന്റെ 0.1%
2025-26 സാമ്പത്തികവർഷം ഈയിനത്തിൽ ലഭിക്കുന്നത് 10.34കോടി
നടപ്പ് സാമ്പത്തികവർഷം ബഡ്ജറ്റ് വിഹിതം 9കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |