
മനുഷ്യന് സ്വാധീനമുളള സർവമേഖലകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പ്രധാന ഘടകമായി മാറിയിരിക്കുകയാണ്. ആദ്യഘട്ടത്തിൽ തൊഴിലിടങ്ങളിൽ മാത്രം ഉപയോഗിച്ചുവന്നിരുന്ന എഐ സംവിധാനങ്ങൾ വ്യക്തിപരമായ ആവശ്യങ്ങൾ നിർവഹിക്കാനും മുൻപന്തിയിൽ എത്തിനിൽക്കുകയാണ്. ഇതോടെ എഐ ഉപയോഗിച്ച് വ്യവസായ രംഗത്ത് നിലകൊളളുന്ന പല കമ്പനികളും ഇരട്ടിലാഭം കൊയ്യുന്നുണ്ട്. അത്തരത്തിൽ എഐയുടെ സഹായത്തോടെ വ്യവസായരംഗത്തെ വമ്പൻ കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ് ചൈനീസ് കമ്പനിയായ ഡബ്ല്യൂഎം ഡോൾ.
ചൈനയിലെ തന്നെ ഏറ്റവും വലിയ സെക്സ് ടോയ്സ് നിർമാതാക്കളിലൊന്നായ കമ്പനിയാണ് ഡബ്ല്യുഎം ഡോൾ. കമ്പനി തന്നെയാണ് നിർണായക വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിനായി തങ്ങൾ ഓപ്പൺ സോഴ്സ് ജനറേറ്റീവ് എഐ സ്വീകരിച്ചതിന്റെ ഫലമായി സെക്സ് ഡോളുകളുടെ വിൽപ്പന വർദ്ധിച്ചെന്നാണ് പറയുന്നത്. എഐ അധിഷ്ഠിത ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെട്ടതായും വിൽപ്പനയിൽ 30 ശതമാനം വർദ്ധനവ് ഉണ്ടായതായും കമ്പനി അറിയിച്ചു.
2022ൽ ഓപ്പൺ എഐ ചാറ്റ് ജിപിടി ആരംഭിച്ചതിന് പിന്നാലെ കമ്പനി സെക്സ് ഡോളുകളുടെ നിർമാണത്തിൽ കൂടുതൽ മെച്ചപ്പെടുത്തലുകൾ നടപ്പിലാക്കാൻ ഗവേഷണം ആരംഭിച്ചിരുന്നതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. അതിനുശേഷമാണ് കമ്പനി യഥാർത്ഥ മനുഷ്യനെന്ന് തോന്നിപ്പിക്കുന്നതും എഐ ഉപയോഗിച്ച് പ്രവർത്തിക്കുന്നതുമായ സെക്സ് ഡോളുകളെ നിർമിക്കുന്നതിനായി ചാറ്റ് ജിപിടി സംയോജിപ്പിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
സെക്സ് ഡോളുകളിൽ എഐ സംയോജിപ്പിച്ചതിലൂടെ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പ്രതികരണശേഷി ഉണ്ടാകുകയും ഉപയോക്താക്കൾക്ക് മികച്ച അനുഭവം വാഗ്ദാനം ചെയ്യാൻ സാധിക്കുന്നുവെന്നും ഡബ്ല്യുഎം ഡോളിന്റെ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവുമായ ലിയു ജിയാംഗ്സിയ പറഞ്ഞു. എന്നാൽ ചിലർ ഡോളുകളുടെ വിവരങ്ങളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് ആശങ്കകൾ ഉയർത്തിയിരുന്നു. അത്തരം കാര്യങ്ങളിൽ കമ്പനിക്ക് പ്രവേശന അനുമതി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഡബ്ല്യൂഎം ഡോൾ ഏറ്റവും പുതിയ സെക്സ് ഡോളിനെ മെറ്റാബോക്സ് സീരീസ് എഐ മൊഡ്യൂളുമായാണ് സംയോജിപ്പിച്ചിരിക്കുന്നത്. ഇതിനെ ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ലാർജ് ലാംഗ്വേജ് മോഡലുകളെ (എഎൽഎംഎസ്) ഓരോ ഉപകരണത്തിൽ നിന്നും തൽസമയ വിവരങ്ങൾ ശേഖരിക്കാൻ ഈ സംവിധാനങ്ങൾ പ്രാപ്തമാക്കുകയാണ് ചെയ്യുന്നത്. മെറ്റ പ്ലാറ്റ്ഫോമുകളുടെ ലാമ എഐ മോഡലുകൾ ഉൾപ്പടെയുളള വിവിധ ഓപ്പൺ സോഴ്സ് എൽഎൽഎമ്മുകൾ കമ്പനി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ഉപഭോക്താക്കളുടെ താൽപര്യം അനുസരിച്ചും (കസ്റ്റമൈസ്) സെക്സ് ഡോളുകൾ നിർമിച്ച് വിപണിയിൽ എത്തിക്കുന്നുണ്ട്.
തെർമോപ്ലാസ്റ്റിക് ഇലാസ്റ്റോമർ, സിലിക്കൺ എന്നിവ ഉപയോഗിച്ചാണ് ഡോളുകൾ നിർമിക്കുന്നത്. ലോഹത്തിൽ നിർമിച്ച അസ്ഥി പോലുളള ഉൽപ്പന്നങ്ങളും ഡോളുകളിൽ ഘടിപ്പിച്ചിട്ടുണ്ട്, ഒരു വർഷമെടുത്താണ് എഐ സംയോജിപ്പിച്ച സെക്സ് ഡോളുകളുടെ നിർമാണവും പ്രവർത്തനവും പൂർത്തിയാക്കിയത്. പിന്നാലെ യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും ഉപഭോക്താക്കൾക്ക് അവരുടെ എൽഎൽഎമ്മിൽ പ്രവർത്തിക്കുന്ന മെറ്റാബോക്സ് സീരീസിലുൾപ്പെടുന്ന സെക്സ് ഡോളുകളുടെ 100ൽ പരം ആദ്യമാതൃകകൾ എത്തിച്ച് നൽകിയിരുന്നു. ആദ്യഘട്ടത്തിൽ ഉപയോഗിച്ചിരുന്ന സെക്സ് ഡോളുകൾക്ക് കൂടുതൽ പ്രതികരണങ്ങൾ നൽകാൻ കഴിവില്ല. പുതിയ മോഡലുകൾ അഞ്ച് വ്യത്യസ്ത വ്യക്തിത്വങ്ങളിൽ ലഭ്യമാണ്.
ഇത്തരത്തിലുളള നൂതന ആശയങ്ങൾ അവതരിപ്പിക്കൂന്നതിലൂടെ പുതിയ തലമുറയിലുളളവർ വിവാഹത്തിനോട് അതൃപ്തി പ്രകടിപ്പിക്കുന്നതായും പല അന്താരാഷ്ട്ര മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇത്തരത്തിലുളള ഉപകരണങ്ങൾ ഓൺലൈനായും വിപണിയിൽ നിന്നും വാങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |