വീണ്ടും വൈറൽ ആവുകയാണ് കൊടൈക്കനാലിലെ ഡെവിൾസ് കിച്ചൺ എന്ന ഗുണ കേവ്സ്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ ഹിറ്റായതോടെ വിനോദ സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഗുണാ കേവ്സ് ഒരിക്കൽക്കൂടി ഇടംപിടിച്ചിരിക്കുന്നു.
ചെകുത്താന്റെ
അടുക്കള
കൊടൈക്കനാലിൽ നിന്ന് 8.5 കിലോമീറ്റർ ദൂരത്തിലാണ് ഗുണാ കേവ്സ്. പ്രധാന കവാടത്തിലേക്ക് എത്താൻ 400 മീറ്റർ നടന്നു പോകണം. 1821ൽ ബ്രിട്ടീഷുകാരാണ് ഗുഹയ്ക്ക് ഡെവിൾസ് കിച്ചൺ അഥവാ ചെകുത്താന്റെ അടുക്കള എന്ന് പേരു നൽകിയത്. ഇംഗ്ലീഷ് ഉദ്യോഗസ്ഥനായ ബി.എസ്. വാർഡ് ആണ് ദുരൂഹതയുടെയും നിഗൂഢതയുടെയും പരിവേഷമുള്ള ഈ സ്ഥലം കണ്ടെത്തിയതത്രേ. സമുദ്ര നിരപ്പിൽ നിന്ന് 2230 മീറ്റർ ഉയരത്തിലാണ് ഡെവിൾസ് കിച്ചൺ അഥവാ ഗുണാ കേവ്സ്. മഞ്ഞും തണുപ്പും നിറഞ്ഞ അന്തരീക്ഷമാണ് ഗുഹയ്ക്കുള്ളിലും പുറത്തും.
സ്തംഭാകൃതിയിൽ നിൽക്കുന്ന രണ്ടു പാറകളാണ് ഗുഹയുടെ പ്രവേശ ഭാഗത്ത്. നിറയെ മരങ്ങളും പുല്ലുകളും നീണ്ട വേരുകളുമൊക്കെക്കൊണ്ട് നിറഞ്ഞതാണ് ഇവിടം. ഗുഹയുടെ ഉൾഭാഗങ്ങളിൽ ഇരുട്ടു നിറഞ്ഞ നിരവധി അറകളുണ്ട്. വവ്വാലുകളുടെ ആവാസകേന്ദ്രവുമാണ് ഉൾഭാഗം. ഗുഹയുടെ ഉൾഭാഗങ്ങളിലേക്ക് പ്രവേശിക്കുന്തോറും ഓക്സിജന്റെ അളവ് കുറയും. പാണ്ഡവരുടെ അജ്ഞാതവാസ കാല
ത്ത് അവർ ഈ ഗുഹയിൽ കഴിയുകയും ഭക്ഷണം പാകം ചെയ്ത് കഴിക്കുകയും ചെയ്തെന്ന കഥകളുമുണ്ട്.
കൺമണീ,
അൻപോട്...
1991ൽ കമൽഹാസൻ നായകനായ ഗുണ എന്ന ചിത്രത്തിലൂടെയാണ് ഡെവിൾസ് കിച്ചണിൽ നിന്ന് ഗുണ കേവിലേക്ക് ഗുഹയ്ക്ക് പേരുമാറ്റമുണ്ടായത്. ചിത്രത്തിലെ 'കൺമണീ.... അൻപോട് കാതലൻ"എന്ന മനോഹര ഗാനം ഈ ഗുഹയിൽ വച്ചാണ് ചിത്രീകരിച്ചത്.
പാട്ട് ഹിറ്റായതിനൊപ്പം ഡെവിൾസ് കിച്ചൺ ഗുഹയും ഹിറ്റായി. അന്നു മുതലാണ് ആരും വരാതിരുന്ന ഇവിടേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കു തുടങ്ങിയത്. അധികൃതരുടെ അപകട മുന്നറിയിപ്പുകൾ അവഗണിച്ച് നിരവധി പേർ ഗുഹയിലേക്ക് ഇറങ്ങാനും തുടങ്ങി. തമിഴ്നാട് സർക്കാറിന്റെ ഔദ്യോഗിക കണക്കനുസരിച്ച് 13 പേർ ഇതിനകം ഗുഹയുടെ ഉള്ളറകളിലേക്കു വഴുതിവീണ് മരണമടഞ്ഞിട്ടുണ്ട്.
2006ലാണ് എറണാകുളം മഞ്ഞുമ്മലിൽ നിന്നുള്ള പതിനൊന്നംഗ സംഘത്തിലെ ഒരു യുവാവ് ഗുഹയിൽ അപകടത്തിൽപ്പെടുകയും ഒടുവിൽ രക്ഷപ്പെടുകയും ചെയ്തത്. അതിനെ ആസ്പദമാക്കി ചിത്രീകരിച്ചതാണ് തിയേറ്ററിൽ നിറഞ്ഞോടുന്ന മഞ്ഞുമ്മൽ ബോയ്സ്. നിർദ്ദേശങ്ങൾ ലംഘിച്ച് സഞ്ചാരികൾ ഗുഹയ്ക്കുള്ളിലേക്ക് കടക്കുന്നതും അപകടങ്ങളിൽപ്പെടുന്നതും പതിവായതോടെ തമിഴ്നാട് സർക്കാർ 10 വർഷത്തേക്ക് ഗുഹ അടച്ചിട്ടു. അതിനു ശേഷം ഇവിടേക്ക് പ്രവേശം അനുവദിച്ചെങ്കിലും ദൂരെ നിന്ന് ഗുഹ കാണാനേ അനുവാദമുള്ളൂ.
രാവിലെ 8 മുതൽ വൈകിട്ട് 4 വരെയാണ് സന്ദർശന സമയം. ഒരാൾക്ക് എൻട്രി ഫീസ് 5 രൂപ. ക്യാമറയും കൂടിയുണ്ടെങ്കിൽ 10രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |