ആലപ്പുഴ : കടൽക്ഷോഭവും കടലേറ്റവും തടയാനായി ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, അമ്പലപ്പുഴ പഞ്ചായത്തുകളുടെ തീരപ്രദേശത്ത് ആരംഭിച്ച ടെട്രാ പോഡ് പുലിമുട്ട് നിർമ്മാണത്തിന്റെ ആദ്യഘട്ടം പാറയുടെ ദൗർലഭ്യം കാരണം ഇഴയുന്നു. പുലിമുട്ടുകൾ ബലപ്പെടുത്താൻ അടിസ്ഥാനമായി പാകേണ്ട കരിങ്കല്ലിന്റെ ദൗർലഭ്യമാണ് പദ്ധതിയെ പ്രതിസന്ധിയിലാക്കുന്നത്. ക്വാറിസമരം കാരണം പാറകിട്ടാനില്ലാത്തതാണ് ഇതിന് കാരണമായി പറയുന്നത്.
അടിക്കടിയുണ്ടാകുന്ന ശക്തമായ കടലാക്രമണത്തിൽ പുലിമുട്ടുകളുടെ അടിയിലായി പാകിയ കല്ലുകൾ താഴ്ന്നു പോകുന്നതും പദ്ധതിക്ക് തിരിച്ചടിയായിട്ടുണ്ട്. ഇതിന് 25കോടിയുടെ അധിക എസ്റ്റിമേറ്റിന് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്.
ആദ്യഘട്ടത്തിൽ ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് നിയമസഭാമണ്ഡലങ്ങളിലെ അതിരൂക്ഷമായ കടലാക്രമണം അനുഭവപ്പെടുന്ന 13.30 കിലോമീറ്റർ ദൂരത്തിൽ 114 പുലിമുട്ടുകളാണ് നിർമ്മിക്കുന്നത്. അഞ്ച് പദ്ധതികൾക്കായി 175കോടി രൂപയാണ് കിഫ്ബിയിൽ അനുവദിച്ചത്. തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിൽ 50 പുലിമുട്ടുകളാണ് നിർമ്മിക്കുക. ആറാട്ടുപുഴ, വാച്ചാൽ, പതിയാങ്കര, അമ്പലപ്പുഴ, കാക്കാഴം എന്നിവടങ്ങളിലാണ് ഇപ്പോൾ നിർമ്മാണം പുരോഗമിക്കുന്നത്. മൂന്ന് വർഷം മുമ്പ് ആരംഭിച്ച പുളിമുട്ട് നിർമ്മാണം ഇനിയും വൈകുന്നതിൽ തീരദേശവാസികൾക്ക് വലിയ പ്രതിഷേധമുണ്ട്.
രണ്ടാംഘട്ടവും വൈകും
രണ്ടാംഘട്ടത്തിൽ 78കോടിരൂപ ഉപയോഗിച്ച് 4.8കലോമീറ്റർ ദൂരത്തിൽ 27 പുലിമുട്ടുകളുടെ നിർമ്മാണത്തിനാണ് കരാർ. അമ്പലപ്പുഴ, കാക്കാഴം മുതൽ വളഞ്ഞവഴി വരെ, കാട്ടൂർ, ഒറ്റമശ്ശേരിയിൽ, നല്ലാണിക്കൽ എന്നിവടങ്ങളിലാണ് പദ്ധതി നടപ്പാക്കുക. 18മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. എന്നാൽ, ഐ.ഐ.ടിയുടെ അന്തിമ പ്ളാൻ കിട്ടാത്തതിനാൽ നിർമ്മാണം ഇനിയും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. അടുത്ത ആഗസ്റ്റിൽ രണ്ടാം ഘട്ടത്തിന്റെ നിർമ്മാണം തുടങ്ങാനാണ് മേൽനോട്ടം വഹിക്കുന്ന കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചറിന്റെ ആലോചന.
ടെട്രാപോഡുകളുടെ നിർമ്മാണം അതിവേഗത്തിൽ പുരോഗമിക്കുകയാണ്. രണ്ടാം ഘട്ടത്തിന്റെ അന്തിമ പ്ളാൻ ഐ.ഐ.ടി നൽകിയാലുടൻ നിർമ്മാണം ആരംഭിക്കും. ആദ്യഘട്ടം സെപ്തംബറിൽ പൂർത്തിയാക്കും
കെ.പി.ഹരൻബാബു, ഡെപ്യുട്ടി ജനറൽ മാനേജർ,
കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ
ആദ്യഘട്ടം
പദ്ധതികൾ: 5
തുക:175കോടി
ദൂരം: 13.30 കി.മീറ്റർ
പുലിമുട്ടുകളുടെ എണ്ണം: 114
രണ്ടാം ഘട്ടം
പദ്ധതികൾ: 5
തുക: 78കോടി
ദൂരം: 4.8കി.മീറ്റർ
പുലിമുട്ടുകളുടെ എണ്ണം : 27
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |