അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്തിന്റെ കിഴക്ക് പ്രദേശത്ത് കുടിവെള്ള വിതരണം മുടങ്ങിയിട്ട് നാളുകളായി. പൂർണ്ണമായും വാട്ടർ അതോറിറ്റിയുടെ ജലവിതരണത്തെ ആശ്രയിച്ച് കഴിയുന്ന പ്രദേശവാസികൾ ഇതോടെ വലിയ പ്രതിസന്ധിയിലാണ്.
കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം പ്രസിഡന്റ് ഹസൻ എം.പൈങ്ങാമഠം വാട്ടർ അതോറിറ്റി എ.ഇയുടെ അടുത്ത് പരാതി ഉന്നയിച്ചപ്പോൾ, ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് വിതരണ പൈപ്പുകൾ പൊട്ടിയതും,പുന്നപ്ര കളിത്തട്ട് ജംഗ്ഷനിലെ സംഭരണിയുടെ പ്രവർത്തനം വൈദ്യുതി ഇല്ലാത്തതിനാൽ നിലച്ചതുമാണ് കുടിവെള്ളം മുടങ്ങിയതിന്റെ കാരണമായി അറിയിച്ചത്. പൊട്ടിയ പൈപ്പിൽ അറ്റകുറ്റപണി നടത്താൻ തയ്യാറാകാതെ പ്രദേശത്തെ മുഴുവൻ ജനങ്ങളെയും കുടിവെള്ളം മുട്ടിച്ച് ബുദ്ധിമുട്ടിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്കുവാൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. കാലിക്കുടവുമായി പഞ്ചായത്ത് ഓഫീസ് ഉപരോധമുൾപ്പെടെയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തുമെന്നും ഹസൻ പൈങ്ങാമഠം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |