ആലപ്പുഴ: ചിലരുടെ മുഖത്ത് ആകാംക്ഷ, മറ്റ് ചിലർക്കാവട്ടെ അങ്കലാപ്പും. പ്രവേശനോത്സവദിനത്തിൽ കുരുന്നുകളുടെ ഭാവങ്ങളിങ്ങനെ.
എങ്കിലും അക്ഷരലോകത്തേക്ക് ആദ്യമായി കടന്നുവന്ന എല്ലാ കുഞ്ഞുമക്കളും പ്രവേശനോത്സവത്തെ ആഘോഷമാക്കി. എല്ലാ വിദ്യാലയങ്ങളും കുട്ടികളിൽ സന്തോഷം ഉണർത്തുന്ന തരത്തിൽ അണിഞ്ഞൊരുങ്ങിയിരുന്നു. ബലൂണും, വർണത്തൊപ്പികളും, സമ്മാനപ്പൊതികളും, ഒപ്പം മധുരവും കൂടിയായതോടെ കരഞ്ഞിരുന്നവരുടെ മുഖത്ത് പോലും ചിരി വിരിഞ്ഞു.
രണ്ടാം ക്ലാസ് മുതലുള്ളവർക്ക് കൂട്ടുകാരെ വീണ്ടും കണ്ടതിലുള്ള സന്തോഷമായിരുന്നു. ഒന്നാം ദിനത്തിൽ പഠനത്തിന്റെ ആശങ്കകൾ ഇല്ലാതിരുന്നതിനാൽ കുട്ടി ചർച്ചയിൽ സിനിമയടക്കം വിഷയങ്ങളായി. വാദ്യമേളങ്ങളുടെയും പ്രവേശനോത്സവ ഗാനത്തിന്റെയും അകമ്പടിയിലായിരുന്നു വരവേൽപ്പ്. ആദ്യ മണിക്കൂറിൽ മഴ മാറി നിന്നെങ്കിലും, ചില പ്രദേശങ്ങളിൽ പിന്നീട് പെയ്ത മഴയുടെ അകമ്പടിയിൽ പുത്തൻ കുടയും ചൂടിയാണ് പലരും വീട്ടിലേക്ക് തിരിച്ചത്.
പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം കായംകുളം പത്തിയൂർ പഞ്ചായത്ത് ഹൈസ്‌കൂളിൽ യു. പ്രതിഭ എം.എൽ.എ നിർവഹിച്ചു.
രക്ഷിതാക്കൾക്കും ക്ലാസ്
പതിവിൽ നിന്ന് വ്യത്യസ്തമായി ആദ്യ ദിനത്തിൽ പൊതുവിദ്യാലയങ്ങളിൽ രക്ഷിതാക്കൾക്കും ബോധവത്ക്കരണ ക്ലാസ് നടത്തി. കുട്ടിയെ അറിയുക എന്ന ലക്ഷ്യം മുൻ നിർത്തിയുള്ള ക്ലാസ് ബി.ആർ.സി പരിശീലനം ലഭിച്ച അദ്ധ്യാപകരാണ് നയിച്ചത്. മിക്ക വിദ്യാലയങ്ങളിലും കുട്ടികൾക്ക് ഫോട്ടോയെടുക്കാൻ സെൽഫി പോയിന്റും ഒരുക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |