ആലപ്പുഴ : ശക്തമായ പോരാട്ടത്തിനൊടുവിൽ മാവേലിക്കര മണ്ഡലം നിലനിർത്താൻ കോൺഗ്രസിനും ഭൂരിപക്ഷത്തിൽ ഗണ്യമായ കുറവ് വരുത്താൻ എൽ.ഡി.എഫിനും കഴിഞ്ഞെങ്കിലും വോട്ട് ചോർച്ചയും സംഘടനാ പ്രവർത്തനത്തിലെ പിഴവുമെല്ലാം വരുദിവസങ്ങളിൽ ചൂടേറിയ ചർച്ചയിലേക്ക് നയിക്കും.
പോളിംഗ് ശതമാനത്തിലുണ്ടായ കുറവാണ് ആകെ വോട്ടിലും ഭൂരിപക്ഷത്തിലും ഇടിവ് സംഭവിക്കാൻ ഇടയാക്കിയതെന്ന് പൊതുവിൽ പറയാമെങ്കിലും പ്രതികൂല സാഹചര്യത്തിലും എൻ.ഡി.എ വോട്ട് വിഹിതം വർദ്ധിച്ചത് ഇരുമുന്നണികൾക്കും മുന്നിൽ ചോദ്യചിഹ്നമാണ്. ശബരിമല സ്ത്രീപ്രവേശന വിഷയവും പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന ലേബലിൽ രാഹുൽ ഗാന്ധി വയനാട്ടിൽ അങ്കത്തിനിറങ്ങിയതും പോലെ അനുകൂലഘടകങ്ങളുടെ അഭാവമാണ് ഇത്തവണത്തെ വോട്ട് കുറവിന് കാരണമായി ഇടതു വലതു മുന്നണി നേതാക്കൾ പറഞ്ഞിരുന്നത്.
2019ൽ 74.23 ശതമാനം വോട്ട് പോൾ ചെയ്ത മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ ഇത്തവണ 65.9 ശതമാനമായിരുന്നു പോളിംഗ്.
വോട്ടിലെ കുറവും ചാഞ്ചാടിയ ലീഡും
1.രാജ്യമാകെ ഇന്ത്യാ മുന്നണിയ്ക്ക് അനുകൂല തരംഗം ദൃശ്യമായിട്ടും പോളിംഗ് ശതമാനത്തിലെ കുറവുപോലെ വോട്ടെണ്ണലിന്റെ തുടക്കം മുതൽ പകുതി പിന്നിടും വരെ ചാഞ്ചാടി നിന്ന ലീഡ് നിലയും നിയമസഭാ നിയോജക മണ്ഡലങ്ങളിലെ ഭൂരിപക്ഷത്തിലെ കുറവും മാവേലിക്കരയിലെ യു.ഡി.എഫിൽ കലാപക്കൊടി ഉയർത്തും
2. മറ്റ് സ്ഥാനാർത്ഥികൾക്ക് മുമ്പേ പ്രചരണരംഗത്തിറങ്ങിയ സി.എ അരുൺകുമാറിന് നിയമസഭാ മണ്ഡലങ്ങളിലെ വോട്ട് ശതമാനത്തിൽ കാര്യമായ ഉയർച്ചയുണ്ടാകാതെ പോയതും കുട്ടനാട് പോലുള്ള സ്ഥലങ്ങളിൽ മുന്നണിയിലെ മൂപ്പിളമ തർക്കങ്ങളും എൽ.ഡി.എഫിൽ ചർച്ചയാകും. മന്ത്രി സജി ചെറിയാന്റെ മണ്ഡലത്തിൽ അരുൺകുമാറിന് കാൽലക്ഷത്തോളം വോട്ടിന്റെ കുറവാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചുണ്ടായത്.
3.കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ആകെ വോട്ടിന്റെ എണ്ണത്തിൽ നേരിയ വർദ്ധന വരുത്താൻ എൻ.ഡി.എയ്ക്ക് ആയെങ്കിലും ബി.ജെ.പി ശക്തികേന്ദ്രങ്ങളായ ചെങ്ങന്നൂരിലും മാവേലിക്കരയിലും നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ട് സമാഹരിക്കാൻ ബി.ഡി.ജെ.എസിനായില്ല .
2024 ലോക്സഭ, 2021നിയമസഭ തിരഞ്ഞെടുപ്പുകളും വോട്ട് നിലയും
ചെങ്ങന്നൂർ
സി.എ അരുൺകുമാർ (എൽ.ഡി.എഫ്) - 47393 (സജി ചെറിയാൻ (സി.പി.എം) :71,293)
കൊടിക്കുന്നിൽ സുരേഷ് (യു.ഡി.എഫ്) -49,031 (എം.മുരളി.(കോൺഗ്രസ്) :39,309)
ബൈജുകലാശാല (എൻ.ഡി.എ) -25,424 (എം.വി ഗോപകുമാർ(ബി.ജെ.പി) : 34,493)
നിയമസഭയിൽ സജി ചെറിയാന്റെ ഭൂരിപക്ഷം- 31,984
മാവേലിക്കര
സി.എ അരുൺകുമാർ (എൽ.ഡി.എഫ്) : 55,483 (എം.എസ് അരുൺകുമാർ (എൽ.ഡി.എഫ്): 71,743)
കൊടിക്കുന്നിൽ സുരേഷ് (യു.ഡി.എഫ്) :49,317 (കെ.കെ ഷാജു(യു.ഡി.എഫ്) :47,026)
ബൈജുകലാശാല (എൻ.ഡി.എ) : 24,844 (സഞ്ജു(ബി.ഡി.ജെ.എസ്):30,955)
നിയമസഭയിൽ എം.എസ് അരുൺകുമാറിന്റെ ഭൂരിപക്ഷം- 24717
കുട്ടനാട്
സി.എ അരുൺകുമാർ (എൽ.ഡി.എഫ്) : 44,865 (തോമസ്.കെ തോമസ്(എൻ.സി.പി): 57,379)
കൊടിക്കുന്നിൽ സുരേഷ് (യു.ഡി.എഫ്) : 45736 (ജേക്കബ് എബ്രഹാം(യു.ഡി.എഫ്) :51,863)
ബൈജുകലാശാല (എൻ.ഡി.എ) : 15,553 (തമ്പിമേട്ടുതറ(ബി.ഡി.ജെ.എസ്):14,946)
നിയമസഭയിൽ തോമസ്.കെ തോമസിന്റെ ഭൂരിപക്ഷം-5516
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |